ഇനി കറന്റ് പോയാലും പേടിക്കേണ്ട! ഇലക്ട്രിക് കാർ വീട്ടിലെ ഇൻവെർട്ടറാക്കാം; ഫാനും ലൈറ്റും പ്രവർത്തിപ്പിക്കാം


കറണ്ട് പോകുമ്പോള്‍ വീട്ടിലെ ഫാനും ലൈറ്റും പ്രവര്‍ത്തിക്കാതാകുന്നത് പലര്‍ക്കും വലിയ ബുദ്ധിമുട്ടാണ്. ഇതിനായി ഇന്‍വെര്‍ട്ടറോ ജനറേറ്ററോ ഉപയോഗിക്കുന്നവരാണ് അധികവും. എന്നാല്‍ നിങ്ങള്‍ക്ക് ഒരു ഇലക്ട്രിക് കാര്‍ ഉണ്ടെങ്കില്‍ അതിന്റെ ബാറ്ററി വീട്ടിലെ ചില ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കാനും ഉപയോഗിക്കാം. അതിനുള്ള സംവിധാനങ്ങളാണ് V2L, V2H സാങ്കേതികവിദ്യകളിലുള്ളത്. എന്താണ് ഈ സാങ്കേതികവിദ്യകള്‍?. ഇലക്ട്രിക് കാറിന്റെ ബാറ്ററിയില്‍ നിന്ന് ശരിക്കും വീട്ടിലെ വൈദ്യുതി ആവശ്യങ്ങള്‍ നിറവേറ്റാനാകുമോ?.


V2L എന്നതിന്റെ പൂര്‍ണരൂപം Vehicle to Load എന്നാണ്. ഇലക്ട്രിക് കാറിന്റെ ബാറ്ററിയില്‍ സംഭരിച്ചിരിക്കുന്ന വൈദ്യുതി ഉപയോഗിച്ച് പുറത്തുള്ള ഇലക്ട്രോണിക് ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കാന്‍ സഹായിക്കുന്ന സംവിധാനമാണിത്. കാറിന്റെ ബാറ്ററിയില്‍ നിന്നുള്ള DC വൈദ്യുതിയെ ഇന്‍വെര്‍ട്ടറിന്റെ സഹായത്തോടെ AC വൈദ്യുതിയാക്കി മാറ്റിയാണ് ഉപകരണങ്ങളിലേക്ക് എത്തിക്കുന്നത്. കാറില്‍ ലഭിക്കുന്ന പ്രത്യേക പവര്‍ ഔട്ട്ലെറ്റിലൂടെയോ അഡാപ്റ്ററിലൂടെയോ വൈദ്യുതി ഉപയോഗിക്കാം. ഇതിലൂടെ മൊബൈല്‍ ഫോണ്‍ ചാര്‍ജ് ചെയ്യാനും ലാപ്‌ടോപ്പ് പ്രവര്‍ത്തിപ്പിക്കാനും LED ലൈറ്റുകള്‍ തെളിക്കാനും ഫാന്‍ പ്രവര്‍ത്തിപ്പിക്കാനും കഴിയും. പക്ഷേ എല്ലാ ഇലക്ട്രിക് കാറുകളിലും ഈ സൗകര്യം ലഭ്യമല്ല. V2L പിന്തുണയുള്ള വാഹനം ഉപയോഗിക്കുന്നവര്‍ക്കായിരിക്കും ഈ സൗകര്യം ലഭിക്കുക. ചില കാറുകളില്‍ പ്രത്യേക പവര്‍ ഔട്ട്ലെറ്റ് ഉണ്ടാകും. മറ്റു ചിലതില്‍ അനുയോജ്യമായ അഡാപ്റ്റര്‍ ആവശ്യമായി വരും.


ഫാനും ലൈറ്റുകളും എത്രനേരം പ്രവര്‍ത്തിപ്പിക്കാം?

ഇലക്ട്രിക് കാറിന്റെ ബാറ്ററി ശേഷിയും ഉപയോഗിക്കുന്ന ഉപകരണങ്ങളുടെ വൈദ്യുതി ഉപഭോഗവും അനുസരിച്ചായിരിക്കും പ്രവര്‍ത്തനസമയം. ഉദാഹരണത്തിന്, 60 വാട്ട് ശേഷിയുള്ള ഒരു ഫാനും 10 വാട്ട് വീതമുള്ള നാല് LED ലൈറ്റുകളും ഒരുമിച്ച് പ്രവര്‍ത്തിപ്പിക്കുന്നുവെന്ന് കരുതുക. ആകെ വൈദ്യുതി ഉപഭോഗം 100 വാട്ടായിരിക്കും. ഇവ തുടര്‍ച്ചയായി 10 മണിക്കൂര്‍ പ്രവര്‍ത്തിച്ചാല്‍ ഏകദേശം ഒരു യൂണിറ്റ് വൈദ്യുതി മാത്രമേ ഉപയോഗിക്കുകയുള്ളൂ. എന്നാല് 40 kWh ശേഷിയുള്ള ബാറ്ററിയുള്ള ഒരു ഇലക്ട്രിക് കാറില്‍ ഇതിനെക്കാള്‍ വളരെ കൂടുതല്‍ ഊര്‍ജം സംഭരിക്കാനാകും. എന്നാല്‍ ബാറ്ററിയിലെ മുഴുവന്‍ ചാര്‍ജും ഇത്തരം ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കാന്‍ കഴിയില്ല. യാത്രയ്ക്കായി ആവശ്യമായ ചാര്‍ജ് നിലനിര്‍ത്തുകയും വേണമല്ലോ.


ഈ വിദ്യ ഉപയോഗിച്ച് വീട്ടിലെ എല്ലാ ഉപകരണങ്ങളും പ്രവര്‍ത്തിപ്പിക്കാനാകുമോ?

V2L സംവിധാനത്തിന് വൈദ്യുതി നല്‍കാന്‍ ഒരു നിശ്ചിത പരിധിയുണ്ട്. ഓരോ വാഹനത്തിന്റെയും ഔട്ട്പുട്ട് ശേഷി വ്യത്യസ്തമായിരിക്കും. ചില വാഹനങ്ങളില്‍ ഏകദേശം 3.3 kW വരെ വൈദ്യുതി ലഭിക്കാം. ഫാന്‍, LED ലൈറ്റ്, മൊബൈല്‍ ചാര്‍ജര്‍, ലാപ്‌ടോപ്പ് തുടങ്ങിയവ പ്രവര്‍ത്തിപ്പിക്കാന്‍ ഇത് സഹായിക്കും. എന്നാല്‍ എയര്‍ കണ്ടീഷണര്‍, ഗീസര്‍, മൈക്രോവേവ് തുടങ്ങിയ ഉയര്‍ന്ന വൈദ്യുതി ഉപയോഗിക്കുന്ന ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്നതിന് മുമ്പ് കാറിന്റെ ഔട്ട്പുട്ട് ശേഷിയും ഉപകരണങ്ങളുടെ പവര്‍ റേറ്റിങ്ങും പരിശോധിക്കണം.


കാര്‍ തന്നെ വീടിന്റെ ഇന്‍വെര്‍ട്ടറാകുമ്പോള്‍

V2L-ല്‍ നിന്ന് വ്യത്യസ്തമായി കൂടുതല്‍ വിപുലമായ സംവിധാനമാണ് V2H അഥവാ Vehicle to Home. ഈ സാങ്കേതികവിദ്യയിലൂടെ ഇലക്ട്രിക് കാറിന്റെ ബാറ്ററിയില്‍ സംഭരിച്ചിരിക്കുന്ന വൈദ്യുതി വീടിന്റെ ഇലക്ട്രിക്കല്‍ സംവിധാനത്തിലേക്ക് നല്‍കാന്‍ കഴിയും. അതായത് കാര്‍ വീട്ടിലെ വൈദ്യുതി ബാക്കപ്പ് സംവിധാനമായി പ്രവര്‍ത്തിക്കും. ഇതിനായി ബൈഡയറക്ഷണല്‍ ചാര്‍ജര്‍ (Bidirectional Charger), V2H പിന്തുണയുള്ള ഇലക്ട്രിക് കാര്‍, ആവശ്യമായ ഇലക്ട്രിക്കല്‍ ഇന്‍സ്റ്റലേഷന്‍ എന്നിവ വേണം. V2H സംവിധാനത്തിലൂടെ വീട്ടിലെ വൈദ്യുതി ആവശ്യങ്ങള്‍ക്ക് കൂടുതല്‍ സമഗ്രമായ പിന്തുണ ലഭിക്കും. എന്നാല്‍ എല്ലാ ഇലക്ട്രിക് കാറുകള്‍ക്കും ചാര്‍ജറുകള്‍ക്കും ഈ സൗകര്യമില്ല. V2L പ്രധാനമായും കാറിന്റെ ബാറ്ററിയില്‍ നിന്ന് നേരിട്ട് ചില ഇലക്ട്രിക്കല്‍ ഉപകരണങ്ങള്‍ക്ക് വൈദ്യുതി നല്‍കുന്ന സംവിധാനമാണ്. V2H ആകട്ടെ വീടിന്റെ വൈദ്യുതി സംവിധാനവുമായി ബന്ധിപ്പിച്ച് കൂടുതല്‍ വിപുലമായ ബാക്കപ്പ് നല്‍കുന്നതിനുള്ള സാങ്കേതികവിദ്യയാണ്