എടപ്പാളിൽ പേരക്കുട്ടിയെ അമ്മയ്ക്കൊപ്പം വിട്ടതിൽ മനോവിഷമം; 60കാരൻ മരിച്ച നിലയിൽ



എടപ്പാൾ: കുടുംബപ്രശ്നങ്ങളെത്തുടർന്ന് പേരക്കുട്ടിയെ അമ്മയ്ക്കൊപ്പം വിട്ടതിൽ മനോവിഷമമുണ്ടായിരുന്ന ഗൃഹനാഥനെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കോലളമ്പിൽ സൂപ്പർമാർക്കറ്റ് നടത്തിവന്ന കോട്ടിലവളപ്പിൽ അബ്ദുൽ സലാം (60) ആണ് മരിച്ചത്. വെള്ളിയാഴ്ച പുലർച്ചെയായിരുന്നു സംഭവം.


അബ്ദുൽ സലാമിന്റെ മകൻ ഷാഹിദും കപ്പൂർ സ്വദേശിനിയായ ഭാര്യയും കുറച്ചുകാലമായി അകന്നു കഴിയുകയായിരുന്നു. വിദേശത്ത് ജോലി ചെയ്യുന്ന ദമ്പതികളുടെ അഞ്ച് വയസ്സുള്ള മകൾ പിതാവിന്റെ വീട്ടിലായിരുന്നു താമസം. കുട്ടി സ്വകാര്യ സ്കൂളിൽ എൽ.കെ.ജി വിദ്യാർഥിനിയാണ്.


അടുത്തിടെ വിദേശത്തുനിന്നെത്തിയ കുട്ടിയുടെ മാതാവ് സ്കൂളിലെത്തി മകളെ കൂടെ കൊണ്ടുപോകാൻ ശ്രമിച്ചതോടെ തർക്കമുണ്ടായി. വിവരമറിഞ്ഞ് പിതാവിന്റെ വീട്ടുകാർ സ്കൂളിലെത്തുകയും കുട്ടിയെ അമ്മയ്ക്കൊപ്പം വിടുന്നതിനെ എതിർക്കുകയും ചെയ്തു. തുടർന്ന് സ്കൂൾ അധികൃതർ അറിയിച്ചതനുസരിച്ച് സ്ഥലത്തെത്തിയ പൊലീസ് കുട്ടിയെ അമ്മയ്ക്കൊപ്പം അയക്കുകയായിരുന്നു.


അഞ്ച് വയസ്സുള്ള പെൺകുട്ടിയായതിനാൽ സ്വാഭാവിക നടപടിക്രമം മാത്രമാണ് സ്വീകരിച്ചതെന്നാണ് പൊലീസിന്റെ വിശദീകരണം. എന്നാൽ പൊലീസ് ഏകപക്ഷീയമായ നിലപാട് സ്വീകരിച്ചതിൽ അബ്ദുൽ സലാമിന് കടുത്ത മനോവിഷമമുണ്ടായിരുന്നുവെന്നാണ് ബന്ധുക്കളുടെ ആരോപണം.