വിജയവഴിയില്‍ തിരിച്ചെത്തി ഐഎസ്ആര്‍ഒ; ജി സാറ്റ് വണ്‍ എ വിക്ഷേപണം വിജയകരം
ഏഴ് മാസത്തെ ഇടവേളയ്ക്കും കഴിഞ്ഞ രണ്ട് ദൗത്യങ്ങളിലുണ്ടായ സാങ്കേതിക തിരിച്ചടികള്‍ക്കും ശേഷം ഐ.എസ്.ആര്‍.ഒ. വിജയവഴിയില്‍ തിരിച്ചെത്തി. ജി സാറ്റ് വണ്‍ എ വിക്ഷേപണം വിജയകരം. ജി.എസ്.എല്‍.വി. എഫ്-17 റോക്കറ്റിലായിരുന്നു വിക്ഷേപണം. ജിയോ സിങ്ക്രണൈസ് ഭ്രമണപഥത്തില്‍ നിന്നുള്ള ഭൂമിയുടെ ദൃശ്യങ്ങള്‍ പകര്‍ത്താനാവുന്ന ഇന്ത്യയുടെ ആദ്യ ഭൗമ നിരീക്ഷണ ഉപഗ്രഹമാണ് ജി സാറ്റ് വണ്‍ എ അഥവാ EOS 05
കഴിഞ്ഞ രണ്ട് ദൗത്യങ്ങളില്‍ സംഭവിച്ച സാങ്കേതിക തിരിച്ചടികള്‍ ഐ.എസ്.ആര്‍.ഓ.യ്ക്ക് ഉണ്ടാക്കിയ സമ്മര്‍ദ്ദം ചെറുതായിരുന്നില്ല. നീണ്ട ഏഴ് മാസത്തെ കൃത്യമായ തിരുത്തലുകള്‍, നിരന്തരമായ ശാസ്ത്രീയ പരിശോധനകള്‍, ഒടുവില്‍ ശ്രീഹരിക്കോട്ടയില്‍ നിന്ന് ജി.എസ്.എല്‍.വി. എഫ്-17 കുതിച്ചുയര്‍ന്നപ്പോള്‍ അത് ഇന്ത്യയുടെ ബഹിരാകാശ അഭിമാനത്തിന്റെ പോരാട്ടം കൂടിയായി.
റോക്കറ്റിന്റെ മൂന്നാം ഘട്ടമായ ക്രയോജനിക് എഞ്ചിന്റെ ജ്വലനം ഇത്തവണ കിറു കൃത്യമായിരുന്നു. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിന്റെ അതിര്‍ത്തി മേഖലകളുടെ ഉള്‍പ്പെടെ തുടര്‍ച്ചയായ നിരീക്ഷണം, കാലാവസ്ഥാ പ്രവചനം, പ്രകൃതിദുരന്ത നിരീക്ഷണം, തുടങ്ങിയവ മനസ്സിലാക്കാനുള്ള ഹൈ റെസല്യൂഷന്‍ ക്യാമറകളും സെന്‍സറുകളുമാണ് EOS 05 എന്ന ഉപഗ്രഹത്തിലുള്ളത്. 24 മണിക്കൂറും നിരീക്ഷണം നടത്താന്‍ ഇത് രാജ്യത്തിന് കരുത്താകും.
തിരിച്ചടികളില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ടുള്ള ഈ ദൗത്യവിജയം, വരാനിരിക്കുന്ന വാണിജ്യ വിക്ഷേപണങ്ങള്‍ക്കും ഗഗന്‍യാന്‍ ഉള്‍പ്പെടെയുള്ള വന്‍കിട പദ്ധതികള്‍ക്കും വലിയ ആത്മവിശ്വാസമാണ്‌ഐഎസ്ആര്‍ഒക്ക് നല്‍കുന്നത്. ജി.എസ്.എല്‍.വി. റോക്കറ്റുകളുടെ വിശ്വസനീയത അടിവരയിടുന്നതു കൂടിയായി ഈ നേട്ടം. പരാജയങ്ങളില്‍ നിന്ന് കൃത്യമായ സാങ്കേതിക മാറ്റങ്ങളോടെ ഐ.എസ്.ആര്‍.ഓ. നടത്തിയ ഈ മുന്നേറ്റം, ഇന്ത്യയുടെ ബഹിരാകാശ പര്യവേഷണത്തില്‍ ഉപഗ്രഹ സേവനങ്ങളുടെ പുതിയൊരു അധ്യായത്തിന് കൂടിയാണ് തുടക്കമിടുന്നത്.
