അമ്പലത്തിലെ പഞ്ചലോഹ വിഗ്രഹ മോഷണം; പ്രതി പിടിയിൽ.



കുന്നംകുളം: തെക്കേപ്പുറം മാക്കാലിക്കാവ് അമ്പലത്തിലെ വിഗ്രഹം മോഷണം പോയ സംഭവത്തിൽ മോഷ്ടാവിനെ പ്രത്യേക അന്വേഷണ സംഘം പിടികൂടി. ചാവക്കാട് പേരകം മല്ലാട് സ്വദേശി പുതുവീട്ടിൽ മനാഫ് (50) ആണ് പിടിയിലായത്.


കഴിഞ്ഞ സെപ്റ്റംബർ 11ന് പുലർച്ചെയാണ് മോഷണം നടന്നത്. 60 വർഷത്തോളം പഴക്കവും 15 ലക്ഷത്തോളം രൂപ മൂല്യവുമുള്ള പഞ്ചലോഹ വിഗ്രഹമാണ് മോഷ്ടാവ് കവർന്നത്. സംഭവത്തിൽ പോലീസ് പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ച് അന്വേഷണം ഊർജിതമാക്കിയിരുന്നു.


ഇതിനിടെയാണ് എറണാകുളം വടക്കേക്കരയിൽനിന്ന് പ്രതിയെ പിടികൂടിയത്. സി.സി.ടി.വി ദൃശ്യങ്ങളും ഫൂട്ട് പ്രിന്റും ഉൾപ്പെടെയുള്ള വിവരങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.


കുന്നംകുളം പോലീസ് സ്റ്റേഷനിൽ ഉൾപ്പെടെ ഇരുപതോളം മോഷണക്കേസുകളിൽ പ്രതിയാണ് അറസ്റ്റിലായ മനാഫ്. 2005ൽ കാട്ടകാമ്പലിൽനിന്ന് ബുള്ളറ്റ് മോഷ്ടിച്ച കേസിലും, വടക്കേകാട് അമ്പലത്തിൽ മോഷണം നടത്തിയ സംഭവത്തിലും ഇയാൾ പ്രതിയാണ്.


കുന്നംകുളം തെക്കേപ്പുറം മാക്കാലിക്കാവ് അമ്പലത്തിൽ നിന്ന് മോഷണം പോയ പഞ്ചലോഹ വിഗ്രഹം കൊടുങ്ങല്ലൂർ ചേന്നമംഗലത്ത് ആളൊഴിഞ്ഞ വീട്ടിൽ നിന്ന്  പോലീസ് കണ്ടെത്തിയിട്ടുണ്ട്.