രക്തദാനത്തിന്റെ കരുതലായി ചാലിശ്ശേരി ജി.എച്ച്.എസ്.എസ് ജീവന്റെ തുടിപ്പിന് കൈത്താങ്ങായി എൻ.എസ്.എസ്. വിദ്യാർഥികൾ
ചാലിശ്ശേരി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.
സ്കൂളിലെ എൻ.എസ്.എസ്. യൂണിറ്റിന്റെ നേതൃത്വത്തിൽ പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയുടെയും എസ്.ബി.ഐ. ചാലിശ്ശേരി ശാഖയുടെയും സഹകരണത്തോടെ രക്തദാനക്യാമ്പ് നടത്തിയത്
ശനിയാഴ്ച രാവിലെ നടന്ന ക്യാമ്പ് സ്കൂൾ പ്രിൻസിപ്പൽ ഡോ. സജീന ഷുക്കൂർ ഉദ്ഘാടനം ചെയ്തു.
പി.ടി.എ. പ്രസിഡന്റ് ഷാജി ബിൻ ഹൈദർ അധ്യക്ഷനായി.അടിയന്തര ഘട്ടങ്ങളിൽ ജീവൻ രക്ഷിക്കാൻ രക്തദാനം നിർണായകമാണെന്ന സന്ദേശം വിദ്യാർഥികളിലേക്കും പൊതുസമൂഹത്തിലേക്കും എത്തിക്കുന്നതായിരുന്നു ക്യാമ്പിന്റെ ലക്ഷ്യം.
രക്തദാനം ആരോഗ്യപരമായി സാധ്യമായവർക്ക് സമൂഹത്തോടുള്ള ഉത്തരവാദിത്വം നിറവേറ്റാനുള്ള മഹത്തായ അവസരമായെന്ന് വിദ്യാർത്ഥികൾ പറഞ്ഞു.
എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർ കെ. തസ്‌നീം, ജില്ലാ ആശുപത്രിയിലെ ഡോ. അനസ്, സൂപ്പർവൈസർ കെ.പി. നജീബ്, കൗൺസിലർ നുസ്രീന, സ്റ്റാഫ് നഴ്‌സ് സൂര്യ രവി, എൻ.എസ്.എസ്. ലീഡർ ദൃശ്യ എന്നിവർ സംസാരിച്ചു.
അധ്യാപകരും വിദ്യാർഥികളും പൊതുജനങ്ങളും ഉൾപ്പെടെ നിരവധി പേർ ക്യാമ്പിലെത്തി രക്തം ദാനം ചെയ്തു. വിദ്യാർഥികളുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ക്യാമ്പ് പുതുതലമുറയിൽ സേവനമനോഭാവവും സാമൂഹിക ഉത്തരവാദിത്വവും വളർത്തുന്ന വേറിട്ട മാതൃകയായി.
