നിങ്ങള്‍ അവസാനം മൊബൈല്‍ സ്വിച്ച് ഓഫ് ചെയ്തത് എപ്പോഴാണ്; അതോ ഫോണ്‍ ഓഫ് ചെയ്യാറില്ലേ?



സ്വിച്ച് ഓഫ് ചെയ്യാന്‍ മടിയുള്ളവരാണോ? എന്നാല്‍ ചില കാര്യങ്ങള്‍ അറിഞ്ഞിരിക്കുന്നത് നന്നായിരിക്കും. സ്മാര്‍ട്ട് ഫോണ്‍ ഇടയ്ക്ക് സ്വിച്ച് ഓഫ് ചെയ്തില്ലെങ്കില്‍ ഗുരുതരമായ ബാറ്ററി പ്രശ്‌നങ്ങള്‍ക്ക് ഇടയാക്കും. ആഴ്ചയില്‍ രണ്ട് തവണയെങ്കിലും ഫോണ്‍ ഓഫ് ചെയ്യണമെന്നാണ് സാങ്കേതിക വിദഗ്ധര്‍ പറയുന്നത്. ഫോണ്‍ ഇടയ്ക്ക് സ്വിച്ച് ഓഫ് ചെയ്യുന്നത് ഉപകരണത്തിന്റെ ആയുസ് വര്‍ധിപ്പിക്കുന്നതോടൊപ്പം സ്‌ക്രീന്‍ ഇടവേള എടുക്കാനും സഹായിക്കും. ഫോണ്‍ ഇടയ്ക്ക് സ്വിച്ച് ഓഫ് ചെയ്യുന്നതുകൊണ്ട് എന്തൊക്കെ ഗുണങ്ങളാണ് ഉണ്ടാകുന്നതെന്നറിയാം.


നെറ്റ്‌വര്‍ക്ക് പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സഹായിക്കും

മൊബൈല്‍ ഫോണ്‍ എല്ലാ ദിവസവും ഓഫാക്കുന്നത് നെറ്റ്‌വര്‍ക്ക് പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സഹായിക്കും. ഒന്നിലധികം ഉപകരണങ്ങള്‍ ദീര്‍ഘനേരം കണക്ട് ചെയ്യുമ്പോള്‍ നെറ്റ്‌വര്‍ക്ക് പ്രശ്‌നങ്ങള്‍ ഉണ്ടാകും. ഇത് ഡൗണ്‍ലോഡിംഗിനെയും സ്‌പോട്ടിഫൈ സര്‍വ്വീസുകളെയും മന്ദഗതിയിലാക്കും.


ഉപകരണം ഹാക്ക് ചെയ്യാനുള്ള സാധ്യത കുറയ്ക്കുന്നു

ടാബ്‌ലെറ്റുകളും ലാപ്‌ടോപ്പുകളും ഉള്‍പ്പെടെയുള്ള ഉപകരണങ്ങള്‍ ദിവസവും ഓഫാക്കുന്നത് നിങ്ങളുടെ ഉപകരണങ്ങള്‍ ഹാക്ക് ചെയ്യപ്പെടാനുള്ള സാധ്യത കുറയ്ക്കും. നിങ്ങള്‍ പതിവായി യാത്ര ചെയ്യുന്ന ആളാണെങ്കില്‍ ഹോട്ടലുകളിലോ മറ്റ് പൊതു സ്ഥലങ്ങളിലോ വൈ-ഫൈ ഉപയോഗിക്കാനിടയായാല്‍ ഈ ഓഫാക്കല്‍ പ്രക്രിയ ഗുണം ചെയ്യും. ബ്ലൂടൂത്ത്, വൈഫൈ കണക്ഷനുകള്‍ ഓണായിരിക്കുന്നത് ഫോണ്‍ ഹാക്ക് ചെയ്യുന്നതിനുള്ള സാധ്യത വര്‍ധിപ്പിക്കും. ഇടയ്ക്കിടയ്ക്ക് ഫോണ്‍ ഓഫ് ചെയ്യുന്നത് ഇത്തരം സാധ്യതകള്‍ ഇല്ലാതാക്കും


മൊബൈല്‍ഫോണിന്റെ കാര്യക്ഷമതയും പ്രകടനവും വര്‍ധിപ്പിക്കും

 മൊബൈല്‍ ഉപകരണങ്ങള്‍ ഇടയ്ക്കിടയ്ക്ക് ഓഫാക്കുന്നത് ഫോണിന്റെ മെച്ചപ്പെട്ട പ്രകടനത്തിനും കാര്യക്ഷമതയ്ക്കും സഹായിക്കും. ഇത് റിസോഴ്‌സ് റീലൊക്കേഷന്‍, മെമ്മറിഒപ്റ്റിമൈസേഷന്‍, മെച്ചപ്പെട്ട ബാറ്ററിലൈഫ് എന്നിവയെ സഹായിക്കുന്നു.


റീചാര്‍ജ് ചെയ്യാനും റീബൂട്ട് ചെയ്യാനും അപ്‌ഡേറ്റ് ചെയ്യാനും സമയം അനുവദിക്കുന്നു

ഉപകരണങ്ങള്‍ ഓഫാക്കുന്നത് സ്‌ക്രീന്‍ടൈമില്‍ നിന്ന് ഒരു ഇടവേളയെടുക്കാന്‍ അനുവദിക്കുന്നു. മനുഷ്യന്‍ മാനസികവും ശാരീരികവുമായും എല്ലാത്തില്‍നിന്നും ഇടവേളയെടുക്കുന്നതുപോലെ തന്നെ ഉപകരണങ്ങള്‍ റീചാര്‍ജ് ചെയ്യാനും റീബൂട്ട് ചെയ്യാനും അപ്‌ഗ്രേഡ് ചെയ്യാനും മതിയായ സമയം നല്‍കേണ്ടതും അത്യാവശ്യമാണ്.


ബാറ്ററി ലൈഫ് വര്‍ധിപ്പിക്കുന്നു

ഇടയ്ക്കിടയ്ക്ക് ഫോണ്‍ സ്വിച്ച് ഓഫ് ചെയ്യുന്നത് നിങ്ങളുടെ ഫോണിന്റെ ബാറ്ററി ലൈഫ് വര്‍ധിപ്പിക്കുന്നു. ഫോണ്‍ ഉപയോഗിച്ചുകൊണ്ടിരിക്കുന്നില്ലെങ്കില്‍പ്പോലും ആപ്പുകള്‍, നെറ്റ്‌വര്‍ക്ക് കണക്ഷനുകള്‍ എന്നിവയൊക്കെ ഓണായിരിക്കുന്ന പശ്ചാത്തലത്തില്‍ അതില്‍ എപ്പോഴും നിരവധി പ്രക്രീയകള്‍ നടന്നുകൊണ്ടിരിക്കുന്നു. ഉപകരണം ഓഫാക്കുമ്പോള്‍ ബാറ്ററി തണുക്കുകയും ഇത് ബാറ്ററിയുടെ ആയുസ് വര്‍ധിപ്പിക്കുകയും ചെയ്യും.