തൃത്താല പോലീസ് സ്റ്റേഷൻ പുതിയ കെട്ടിടത്തിൻ്റെ ഉദ്ഘാടനം ഇന്ന് വൈകീട്ട് മൂന്ന് മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോൺഫറൻസിലൂടെ ഉദ്ഘാടനം ചെയ്യും.


തൃത്താല: തൃത്താല പോലീസ് സ്റ്റേഷൻ പുതിയ കെട്ടിടത്തിൻ്റെ ഉദ്ഘാടനം ശനിയാഴ്‌ച വൈകീട്ട് മൂന്ന് മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോൺഫറൻസിലൂടെ ഉദ്ഘാടനം ചെയ്യും. നിയമസഭാ സ്പീക്കറും തൃത്താല എം.എൽ.എ. യുമായ എം.ബി. രാജേഷ് അധ്യക്ഷനാവും. വൈദ്യുത വകുപ്പ് മന്ത്രി കെ. കൃഷ്ണൻകുട്ടി, ഇ.ടി. മുഹമ്മദ് ബഷീർ എം.പി, ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ബിനുമോൾ, തൃത്താല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ. വി.പി. റജീന തുടങ്ങിയവർ പങ്കെടുക്കും.

കേന്ദ്ര സർക്കാരിന്റെ പോലീസ് ആധുനീകരണ നിധിയിൽ നിന്നും 73.5 ലക്ഷം രൂപയും മുൻ തൃത്താല എം.എൽ.എ. വി.ടി.ബൽറാമിൻ്റെ ആസ്തി വികസന നിധിയിൽ നിന്നും 28.5 ലക്ഷം രൂപയും ചിലവഴിച്ചാണ് ആധുനിക രീതിയിലുള്ള കെട്ടിടത്തിൻ്റെ നിർമ്മാണം. കേരള പോലീസ് ഹൗസിംഗ് ആന്റ് കൺസ്ട്രക്ഷൻ കോർപറേഷനാണ് പുതിയ കെട്ടിടത്തിന്റെ നിർമ്മാണ ചുമതല. ജനങ്ങൾക്ക് കൂടുതൽ സൗകര്യങ്ങളും സേവനങ്ങളും ലഭ്യമാകുന്ന തരത്തിലാണ് പുതിയ സ്റ്റേഷൻ കെട്ടിടത്തിന്റെ നിർമ്മാണം.

ഇതിനായി സിറ്റിസൺ ഫെസിലിറ്റേഷൻ സെന്റർ, സ്റ്റേഷനിൽ സേവനങ്ങൾ തേടിയെത്തുന്ന സ്ത്രീകൾക്കും പുരുഷൻമാർക്കും പ്രത്യേകം കാത്തിരിപ്പ് കേന്ദ്രങ്ങൾ, ഹെൽപ്പ് ഡസ്കുകൾ, പോലീസുകാർക്കുള്ള വിശ്രമ മുറികൾ എന്നീ സൗകര്യങ്ങളും പുതിയ കെട്ടിടത്തിൽ ഒരുക്കിയിട്ടുണ്ട്.