മുടങ്ങിക്കിടക്കുന്ന പരീക്ഷകൾ ഓൺലൈനായി സംഘടിപ്പിക്കുക: എസ്.എസ്.എഫ്


കോഴിക്കോട് : കോവിഡ് പശ്ചാത്തലത്തിൽ കലാലയങ്ങളിലെ പഠനവും പരീക്ഷയും താളം തെറ്റിയിരിക്കുകയാണ്. സമയബന്ധിതമായി പരീക്ഷകൾ നടക്കേണ്ടത് ഉപരിപഠനത്തിനും ജോലി പ്രവേശത്തിനും അത്യാവശ്യമാണ്. അതേസമയം കോവിഡ് ഭീതിയൊഴിയാതെ ഓഫ് ലൈൻ പരീക്ഷകൾ സംഘടിപ്പിച്ച് പ്രശ്ന പരിഹാരം കാണുന്നത് കൂടുതൽ ആശങ്ക സൃഷ്ടിക്കും. പൊതുവാഹനങ്ങളുടെ ലഭ്യതക്കുറവ്, സ്വകാര്യ ഹോസ്റ്റലുകൾ അടഞ്ഞു കിടക്കുന്നത് തുടങ്ങിയവ പ്രതിസന്ധിയുടെ ആഴം വർധിപ്പിക്കുന്നു. ഈ സാഹചര്യത്തിൽ ഓൺലൈൻ പരീക്ഷകൾ നടത്തി പ്രതിസന്ധി മറികടക്കാനുള്ള നടപടികൾ സ്വീകരിക്കുകയാണ് വേണ്ടതെന്ന് എസ്.എസ്.എഫ് അഭിപ്രായപ്പെട്ടു. 

കാലതാമസം വന്ന പരീക്ഷകൾ വേഗത്തിലാക്കുന്നതിന് സാങ്കേതികരംഗത്തെ നമ്മുടെ വളർച്ച ഉപയോഗിക്കാൻ കഴിയുമോ എന്ന് പരിശോധിക്കണം. പലയിടങ്ങളിലും പ്രചാരത്തിലുള്ള പ്രോക്റ്റേഡ് അസ്സെസ്മെൻ്റ് സോഫ്റ്റ്‌വെയർ സംവിധാനം ഉപയോഗപ്പെടുത്തിയുള്ള ഓൺലൈൻ പരീക്ഷാരീതി സ്വീകരിക്കുന്നതാണ് ഇപ്പോൾ ഉചിതം. ഓൺലൈൻ പരീക്ഷകൾ സംഘടിപ്പിക്കുമ്പോൾ മുഴുവൻ പരീക്ഷാർത്ഥികളുടെയും ഇൻ്റർനെറ്റ് ലഭ്യത ഉറപ്പു വരുത്തുകയും ആവശ്യമായ ഇടങ്ങളിൽ പ്രാദേശിക പൊതു പരീക്ഷാകേന്ദ്രങ്ങൾ ഒരുക്കുകയും വേണം.

 പരീക്ഷാ നടത്തിപ്പ് വേഗത്തിലാക്കുന്നതിനൊപ്പം കാലതാമസം വരാതെ മൂല്യനിർണ്ണയം നടത്തി റിസൽട്ട് പ്രഖ്യാപിക്കാനും അധികൃതർ ശ്രദ്ധിക്കണമെന്ന് എസ്.എസ്.എഫ് സ്റ്റേറ്റ് ക്യാമ്പസ് സിൻ്റിക്കേറ്റ് ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട് ഗവർണർക്കും ഉന്നതവിദ്യാഭ്യാസ മന്ത്രിക്കും വിവധ സർവകലാശാല വൈസ് ചാൻസലർമാർക്കും എസ് എസ് എഫ് നിവേദനം അയച്ചു. യോഗത്തിൽ ഡോ അബൂബക്കർ വളാഞ്ചേരി അധ്യക്ഷത വഹിച്ചു. സിൻഡിക്കേറ്റ് അംഗങ്ങളായ കെ.സിദ്ദിഖ് അലി സി.നജ്മുദ്ദീൻ,ശമീൽ പൈലിപ്പുറം, മുഹമ്മദ് ഹാദി, മുഹമ്മദ് റമീസ് എന്നിവർ സംസാരിച്ചു.