യൂട്യൂബ് വ്ലോഗർമാർക്ക് മുട്ടൻ പണി വരുന്നു.


എന്തിനും ഏതിനും ഇപ്പോൾ യുട്യൂബിൽ ചാനലുകളുണ്ട്. ഈ സമൂഹ മാധ്യമത്തിൽ മലയാളി വ്ലോഗർമാരുടെ പെരുമഴയാണ് ഇപ്പോൾ കാണാൻ കഴിയുന്നത്. മുമ്പെങ്ങുമില്ലാത്ത വിധം, പാചകവും യാത്രയും ഫാഷനും മതവും രാഷ്ട്രീയവും തുടങ്ങി വ്യത്യസ്തതവും കലാപരവുമായ അവതരണങ്ങളുമായി ആയിരക്കണക്കിന് വീഡിയോകളാണ് ദിനംപ്രതി യുട്യൂബിലെത്തുന്നത്.

യുട്യൂബിനെ ഒരു വരുമാന മാർഗമായി കാണുന്നവരുടെ എണ്ണം ലോകത്തുടനീളം ദിനം പ്രതിയെന്നോണം കൂടിവരികയാണ്. നിരവധി പേരാണ് വ്ലോഗിംഗ് ഒരു സ്ഥിരം ജോലിയായി കണ്ട് വരുമാനമുണ്ടാക്കുന്നത്. യുട്യൂബിൽ നിന്ന് ലഭിക്കുന്ന കാഴ്ചക്കാർക്കനുസരിച്ച് വരുമാനവും യുട്യൂബർമാർക്ക് ലഭിക്കുന്നുണ്ട്. ഈ വരുമാനത്തിന് നികുതി കൊടുക്കേണ്ട എന്നതും ഇതുവരെ വലിയ സാധ്യതയായിരുന്നു

എന്നാൽ, കഴിഞ്ഞ ദിവസം വന്ന വാർത്ത ഈ യുട്യൂബർമാർക്ക് വെല്ലുവിളി ഉയർത്തുന്നതാണ്. യുട്യൂബിൽ നിന്ന് ലഭിക്കുന്ന വരുമാനത്തിന് നികുതി ഏർപ്പെടുത്താൻ ഉടമകളായ ഗൂഗിൾ തീരുമാനിച്ചു എന്നതാണ് വാർത്ത. നിലവിൽ യു എസിൽ നിന്നുള്ള വ്യൂസിന് ആണ് നികുതി നൽകേണ്ടത്. ഇന്ത്യയിലുള്ള ഒരു യുട്യൂബ് ചാനലിന് അമേരിക്കയിൽ നിന്നുള്ള വ്യൂസിൽ നിന്നുള്ള വരുമാനത്തിന്റെ 15 ശതമാനമാണ് നികുതിയിനത്തിൽ നൽകേണ്ടത്. തങ്ങളുടെ ചാനലിന്റെ ശരിയായ വിവരങ്ങൾ യുട്യൂബർമാർ കമ്പനിക്ക് സമർപ്പിക്കുകയും വേണം. എല്ലാ രാജ്യങ്ങളിലേക്കും അധികം താമസിയാതെ നികുതിയെത്തുമെന്നാണ് വിദഗ്ധർ വിലയിരുത്തുന്നത്. അതോടെ യുട്യൂബർമാരുടെ വരുമാനത്തിൽ ഗണ്യമായി കുറവുണ്ടാകും

ഭാവിയിൽ യുട്യൂബ് എല്ലാ സൗജന്യ സേവനങ്ങളും നിർത്തലാക്കുമെന്നും അതോടെ ഇപ്പോൾ യുട്യൂബിൽ അപ്‌ലോഡ് ചെയ്യുന്ന ഉള്ളടക്കങ്ങൾ ചാനലുകളിൽ നിലനിർത്താൻ കമ്പനിക്ക് പണം നൽകേണ്ടി വരുമെന്നും നേരത്തേ അഭ്യൂഹങ്ങളുണ്ടായിരുന്നു. അത്തരമൊരു സാഹചര്യത്തിലേക്കുള്ള തുടക്കമാണ് യുട്യൂബിന്റെ പുതിയ തീരുമാനം. പുതിയ നിയന്ത്രണങ്ങളും നിയമങ്ങളും വരുന്നതോടെ അധികം ചെലവില്ലാതെ യൂട്യൂബ് വഴി കാശുണ്ടാക്കുന്ന സാധാരണക്കാരെ പുതിയ മാറ്റങ്ങൾ തീർച്ചയായും ബാധിക്കും