മലപ്പുറം ലോക്സഭാ ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് വി.പി.സാനു സ്ഥാനാര്‍ഥി

പി.കെ കുഞ്ഞാലിക്കുട്ടി രാജിവെച്ചതിനെ തുടർന്നുള്ള മലപ്പുറം ലോക്‌സഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് ടിക്കറ്റിൽ വി.പി സാനു മത്സരിക്കും. എസ്.എഫ്.ഐ ദേശീയ പ്രസിഡണ്ടും സി.പി.എം മലപ്പുറം ജില്ലാ കമ്മിറ്റി അംഗവുമായ സാനു 2019-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലും മത്സരിച്ചിരുന്നു.


നിയമസഭയിലേക്ക് മത്സരിക്കുന്നതിന്റെ ഭാഗമായി കുഞ്ഞാലിക്കുട്ടി ലോക്‌സഭാംഗത്വം രാജിവെച്ചതിനെ തുടർന്നാണ് മലപ്പുറത്ത് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. 2019-ൽ കുഞ്ഞാലിക്കുട്ടിയോട് 2,60,153 വോട്ടിന് തോറ്റെങ്കിലും ശക്തമായ പ്രചരണത്തിലൂടെ സാനു മണ്ഡലത്തിലെ പുതുവോട്ടർമാരുടെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. കുഞ്ഞാലിക്കുട്ടി 5,89,873 വോട്ട് സ്വന്തമാക്കിയപ്പോൾ സാനു 3,29,720 വോട്ട് നേടി. 2014-ൽ എൽ.ഡി.എഫ് സ്ഥാനാർത്ഥി പി.കെ സൈനബ നേടിയതിനേക്കാൾ 86,736 വോട്ട് അധികം നേടാൻ 2019-ൽ സാനുവിന് കഴിഞ്ഞു.


രാഹുൽ ഗാന്ധി തരംഗം ആഞ്ഞുവീശിയ 2019-നെ അപേക്ഷിച്ച് ഇത്തവണ മണ്ഡലത്തിലെ സ്ഥിതി വ്യത്യസ്തമാണെന്നും കഴിഞ്ഞ തെരഞ്ഞെടുപ്പിലെ പരിചയസമ്പത്ത് സാനുവിന് ഗുണം ചെയ്യുമെന്നുമാണ് എൽ.ഡി.എഫിന്റെ കണക്കുകൂട്ടൽ. മലപ്പുറത്ത് മുസ്ലിം ലീഗ് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചിട്ടില്ല. എം.പി അബ്ദുസ്സമദ് സമദാനിയെ ആണ് പരിഗണിക്കുന്നത് എന്നാണ് സൂചന.


2019 തെരഞ്ഞെടുപ്പിലെ പ്രചരണ പരിചയവുമുള്ള വി.പി സാനുവിന്റെ സാന്നിധ്യവും നിലവിലെ രാഷ്ട്രീയ സാഹചര്യവും മലപ്പുറത്ത് മുതലെടുക്കാൻ കഴിയുമെന്നാണ് എൽ.ഡി.എഫ് കണക്കുകൂട്ടുന്നത്. നിർണായ ബില്ലുകളിൽ ചർച്ചകൾ നടക്കുമ്പോൾ കുഞ്ഞാലിക്കുട്ടി പാർലമെന്റിൽ എത്താതിരുന്നത് എൽ.ഡി.എഫ് കഴിഞ്ഞ തവണ പ്രചരണത്തിൽ ചർച്ചാവിഷയമാക്കിയിരുന്നു. ഇത്തവണ, കാലാവധി പൂർത്തിയാകുംമുമ്പ് മുസ്ലിം ലീഗ് എം.പി രാജിവെച്ച് മടങ്ങിയത് എൽ.ഡി.എഫ് സജീവ ചർച്ചാവിഷയമാക്കിയേക്കും.


മണ്ഡലത്തിൽ എസ്.ഡി.പി.ഐ സ്ഥാനാർത്ഥിയെ നിർത്തി പ്രചരണം ആരംഭിച്ചിട്ടുണ്ട്. എസ്.ഡി.പി.ഐ ദേശീയ സെക്രട്ടറി തസ്ലീം റഹമാനിയാണ് ഉപതെരഞ്ഞെടുപ്പിൽ എസ്.ഡി.പി.ഐ സ്ഥാനാർത്ഥി. കുഞ്ഞാലിക്കുട്ടി ലോക്‌സഭാംഗത്വം രാജി വെച്ചത് ചർച്ചയാക്കി നേട്ടമുണ്ടാക്കാമെന്നാണ് എസ്.ഡി.പി.ഐ കണക്ക് കൂട്ടൽ. കുഞ്ഞാലിക്കുട്ടിയുടെ സ്വന്തം തട്ടകമായ വേങ്ങരയിൽ നടന്ന കൺവെൻഷനോടെയാണ് എസ്.ഡി.പി.ഐ ലോക്‌സഭാ മണ്ഡലത്തിലെ പ്രചരണം ആരംഭിച്ചത്.