കൂറ്റനാടും സീപ പ്രദേശങ്ങളിലും മാലിന്യം തള്ളിയ വാഹനവും പ്രതിയും പോലീസ് പിടിയിൽ. ( പഞ്ചായത്ത് അരലക്ഷം രൂപ പിഴയിട്ടു. )



കൂറ്റനാട് :കഴിഞ്ഞ ഒരു വർഷത്തിനിടയിൽ കൂറ്റനാടും സമീപപ്രദേശങ്ങളിലും കാർഷിക മേഖലകളിലും പായോരങ്ങളിലും രാത്രിസമയങ്ങളിൽ മാലിന്യം തള്ളിയ സംഭവത്തിൽ ഒരാൾ പോലീസിൻ്റെ പിടിയിലായി.


കൂറ്റനാട്, ചാലിശ്ശേരി, തിരുമിറ്റക്കോട്, പട്ടിത്തറ, കപ്പൂർ തൃത്താല തുടങ്ങിയ പഞ്ചായത്തുകളിൽ വിവിധ പാട ശേഖരങ്ങളിലാണ് രാത്രി സമയങ്ങളിൽ മാലിന്യം തള്ളുന്നത്. കഴിഞ്ഞ ഒരു മാസത്തിനിടയിൽ കൂറ്റനാട്, ചാലിശ്ശേരി, പെരുമണ്ണൂർ തുടങ്ങിയ സ്ഥലങ്ങളിൽ കാർഷിക വിളകളെ നശിപ്പിക്കുന്ന രീതിയിലാണ്. മാലിന്യം തള്ളിയിരുന്നത്.കൂറ്റനാട്, പട്ടാമ്പി, ഷൊർണൂർ, കുന്ദംകുളം, എടപ്പാൾ, മലപ്പുറം തുടങ്ങിയ സ്ഥലങ്ങളിലെ വീടുകളിൽ നിന്ന് നിരവധി ഏജൻസികൾ ശേഖരിക്കുന്ന കക്കൂസ് മാലിന്യം ഉൾപ്പെടെയുള്ള

മാലിന്യങ്ങളാണ് അർദ്ധ രാത്രിക്ക് ശേഷം പാടശേഖരങ്ങളിൽ കൊണ്ടുവന്ന് ഒഴുക്കികളയുന്നത്. കൂറ്റനാട് ബസ്സ്റ്റാൻഡിനടുത്തും എളവാതുക്കൽ അമ്പലത്തിനടുത്തുള്ള പാടശേഖരത്തിലും രാസമാലിന്യം തള്ളിയതോടെ ഒന്നര ഹെക്ടർ സ്ഥലത്ത് നട്ടു കഴിഞ്ഞ ഞാറുകൾ നശിക്കുകയും, കർഷകർക്ക പാടത്തേക്ക് ഇറങ്ങാൻ പറ്റാത്ത സ്ഥിതിയും ഉണ്ടായിരുന്നു. കൃഷിക്കാർക്കുണ്ടായ നഷ്‌ടം നികത്തി കിട്ടണമെന്നാവശ്യപ്പെട്ട് കേരള കർഷകർഷക സംഘം പ്രവർത്തകർ സമരങ്ങളും നടത്തിയിരുന്നു.


ചാലിശ്ശേരി പോലീസ് വിഷയത്തിൽ ശക്തമായ അന്വേഷണമാണ് നടത്തിയത്. അടുത്ത പ്രദേശങ്ങളിലെ സി.സി.ടി.വി. ക്യാമറകൾ നിരീക്ഷിച്ച് നടത്തിയ അന്വേഷണത്തിലാണ് എടപ്പാൾ നിലിയാട് സ്വദേശിയുടെ ഉടമസ്ഥതയിലുള്ള മാലിന്യം നിറച്ച വാഹനം കണ്ടെത്താനായത്. തുടർന്ന് തെളിവ് സഹിതം നടത്തിയ ചോദ്യം ചെയ്യലിൽ കൂറ്റനാട് സെൻ്ററിനടുത്ത് ഒരു കേന്ദ്രത്തിൽ മാലിന്യം തള്ളിയതായി എടപ്പാൾ നിലിയാട് സ്വദേശി അബ്ദുൾ സലീം (52) സമ്മതിക്കുകയുമായിരുന്നു.


 (ചുമത്തിയത് അരലക്ഷംരൂപപിഴ.)

 ജനങ്ങൾക്കിടയിൽ വലിയ മാറാരോഗം പോലും പടർന്നു പിടിക്കാൻ  ഇടനൽകുന്ന ആശുപത്രി മാലിന്യം ഉൾപ്പെടെയുള്ള അപകടകരമായ രാസമാലിന്യമാണ് പല ഇടങ്ങളിലായി അർദ്ധരാത്രിക്ക് ശേഷം വണ്ടിയിൽ കൊണ്ടുവന്ന് തള്ളിയതെന്നും പിടിക്കപ്പെടാതിരിക്കാൻ മാലിന്യം തള്ളാൻ ക്യാമറകൾ ഇല്ലാത്ത സ്ഥലങ്ങൾ ഇവർ തെരഞ്ഞെടുക്കുന്നതെന്നും നാഗലശേരി ജെ.എച്ച്.ഐ. ഡിവിൻ ദേവദാസ് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് കെ. ടി . മോഹൻദാസ് ,സ്റ്റാൻ്റിങ് കമ്മിറ്റി ചെയർമാൻ വെളിയന്തടം മോഹനൻ എന്നിവർ പറഞ്ഞു.


പിടിക്കപ്പെട്ട എടപ്പാൾ സ്വദേശിയിൽ നിന്ന് 50000 രൂപ പിഴ അടക്കാൻ നോട്ടീസ് നൽകിയതായും പഞ്ചായത്ത് പ്രസിഡൻ്റ് ടി.വി. നിഷ , സെക്രട്ടറി കെ.കെ ഷാബു എന്നിവരും അറിയിച്ചു.


 പരിസരമലിനീകരണം നടത്തുകയും, കൃഷിനശിപ്പിക്കുകയും ചെയ്യുന്ന ഇത്തരം പ്രവർത്തികൾ ആവർത്തിച്ചാൽ ശക്തമായ നിയമനടപടികൾ സ്വീകരിക്കുമെന്ന് പഞ്ചായത്തധികൃതർ പറഞ്ഞു.