കടുത്ത ചൂടിനൊപ്പം വൈദ്യുതി നിയന്ത്രണവും, സംസ്ഥാനത്ത് അറിയിപ്പില്ലാത്ത പവർ കട്ട്; വലഞ്ഞ് ജനങ്ങൾ
September 08, 2026
കടുത്ത ചൂടിനൊപ്പം ജനങ്ങളെ വലച്ച് രാത്രിയിലെ വൈദ്യുതി മുടക്കം. ഇന്നലെ രാത്രിയും സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ അരമണിക്കൂർ വീതം വൈദ്യുതി മുടങ്ങി. പലയിടങ്ങളിൽ ഒന്നിലധികം തവണ വൈദ്യുതി നിയന്ത്രണം ഉണ്ടായി. വൈകീട്ട് ആറര മുതൽ രാത്രി പന്ത്രണ്ടര വരെയാണ് പവർ കട്ട്. കറന്‍റ് പോകുന്ന സമയത്തിന് ഒരു വ്യക്തതയും ഇല്ല. ദിവസം ഒരു പ്രദേശത്ത് ഏത് നേരം, എത്ര സമയം വൈദ്യുതി മുടങ്ങുമെന്ന അറിയിപ്പ് മുൻകൂട്ടി നൽകണമെന്ന് റെഗുലേറ്ററി കമ്മീഷൻ കെഎസ്ഇബിയോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇത് പാലിക്കപ്പെടുന്നില്ല. പകരം സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണം ഉണ്ടായേക്കുമെന്ന പൊതു അറിയിപ്പ് മാത്രമാണ് കെഎസ്ഇബി നൽകുന്നത്.
