ചിറയിൻകീഴിലെ കയ്യാങ്കളി വിവാദത്തിൽ പാർട്ടി നിർദേശത്തെ വെല്ലുവിളിച്ച രമ്യ ഹരിദാസ് എം എൽ എയുടെ നടപടിയിൽ കടുത്ത അതൃപ്തി പരസ്യമാക്കി കെ പി സി സി പ്രസിഡന്‍റ് സണ്ണി ജോസഫ്

 


ചിറയിൻകീഴിലെ കയ്യാങ്കളി വിവാദത്തിൽ പാർട്ടി നിർദേശത്തെ വെല്ലുവിളിച്ച രമ്യ ഹരിദാസ് എം എൽ എയുടെ നടപടിയിൽ കടുത്ത അതൃപ്തി പരസ്യമാക്കി കെ പി സി സി പ്രസിഡന്‍റ് സണ്ണി ജോസഫ്. പാളയം പ്രദീപിനെ, അഡീഷണൽ പി എ ആയി നിയമിക്കാനായി കത്ത് കൊടുത്തത് അഭികാമ്യമല്ലെന്ന് സണ്ണി ജോസഫ് മാധ്യമങ്ങളോട് പറഞ്ഞു. മുൻകാല പ്രാബല്യത്തോടെ ഇപ്പോൾ കത്ത് നൽകിയെങ്കിൽ അത് ശരിയല്ല എന്നതാണ് കെ പി സി സിയുടെ നിലപാട്. 


രമ്യ കത്ത് നൽകിയ തീയതി ഉൾപ്പെടെ പരിശോധിക്കുമെന്നും സണ്ണി ജോസഫ് വ്യക്തമാക്കി. കയ്യാങ്കളി വിവാദം അന്വേഷിക്കുന്ന കെ പി സി സി സമിതി അധ്യക്ഷൻ എ എം ഹസ്സൻ ഉൾപ്പെടെയുള്ളവരുമായി വിഷയം ചർച്ച ചെയ്യും. ചിറയിൻകീഴിലെ വിഷയം പാർട്ടിക്ക് സൽപേരല്ല ഉണ്ടാക്കിയിട്ടുള്ളതെന്നും സണ്ണി ജോസഫ് ഓ‍ർമ്മിപ്പിച്ചു. ചിറയിൻകീഴ് സംഘർഷത്തിന് ശേഷമാണ് പ്രദിപിന് വേണ്ടി രമ്യ കത്ത് നൽകിയതെങ്കിൽ അത് ശരിയല്ലെന്നും കെ പി സി സി അധ്യക്ഷൻ വ്യക്തമാക്കി.