രാഷ്‌ട്രീയപക പോക്കലിൻ്റെ പേരിൽ കെ. എസ്. ടി എ നേതാവിനെ സ്ഥലംമാറ്റിയതായി ആരോപണം.



(കെ. എസ്. ടി. എ. കൂറ്റനാട് പ്രതിഷേധ പ്രകടനവും പൊളയോഗവും സംഘടിപ്പിച്ചു)

കൂറ്റനാട് :തൃത്താല ഉപജില്ലാ വിദ്യാഭ്യാസ ഓഫീസറും കെ. എസ്.ടി.എ സംസ്ഥാന കമ്മിറ്റി അംഗവുമായ കെ. പ്രസാദിനെ രാഷ്‌ട്രീയ പകപോക്കലിൻ്റെ പേരിൽ സ്ഥലം മാറ്റിയതായി കെ.എസ്.ടി.എ. പാലക്കാട് ജില്ലാ കമ്മിറ്റിയും തൃത്താല ഉപജില്ലാ കമ്മിറ്റിയും ആരോപിച്ചു.


ബുധനാഴ്ച രാത്രി സർക്കാർ ഇറക്കിയ പ്രത്യേക ഉത്തരവിലൂടെയാണ് ഇദ്ദേഹത്തെ സ്ഥലംമാറ്റിയതായി അറിയിപ്പ് ലഭിക്കുന്നത്. സ്ഥലംമാറ്റത്തിന് ഓൺലൈൻ അപേക്ഷയും മുൻഗണനയും വേണമെന്നിരിക്കെ എല്ലാ നിയമങ്ങളേയും കാറ്റിൽ പറത്തിയാണ്  രാത്രിയിൽ പ്രത്യേക ഉത്തരവിറങ്ങിയത്.


കാരണം കൂടാതെ നടത്തിയ തൃത്താല ഉപജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ സ്ഥലംമാറ്റം റദ്ദുചെയ്യണമെന്നാവശ്യപ്പെട്ട് കെ.എസ്.ടി.എ തൃത്താല ഉപജില്ലാ കമ്മിറ്റി കൂറ്റനാട് സെൻ്റിൽ പ്രതിഷേധറാലിയും പൊതുയോഗവും സംഘടിപ്പിച്ചു. വിദ്യാഭ്യാസ രംഗത്ത് ഏറെ മുന്നേറ്റം നടത്തുകയും സ്‌കൂളുകളുടെ ഭൗതിക നേട്ടത്തിന് വലിയ ശ്രമങ്ങൾ നടത്തുകയും, പാഠ്യേതര പ്രവർത്തനങ്ങൾക്ക് മികച്ച പിന്തുണ നൽകുകയും ചെയ്ത മാതൃകാ അധ്യാപകനാണ് കെ. പ്രസാദെന്ന്പ്രതിഷേധയോഗം ഉദ്ഘാടനം ചെയ്ത കെ. എസ്. ടി. എ. സംസ്ഥാന വൈസ് പ്രസിഡൻ്റ് എം.എ.അരുൺ കുമാർ പറഞ്ഞു. നിലവിൽ ഇദ്ദേഹത്തിൻ്റെ പേരിൽ യാതൊരു ആക്ഷേപവും ഇല്ലെന്നിരിക്കെ തികച്ചും രാഷ്ട്രീയ പകപോക്കലായി മാത്രം നടത്തിയ സ്ഥലംമാറ്റം പിൻവലിക്കണമെന്നും അല്ലാത്തപക്ഷം കെ. എസ്. ടി. എ ശക്തമായ സമരരംഗത്ത് ഉണ്ടാവുമെന്നും  നേതാക്കൾ പറഞ്ഞു.


ജില്ലാ സെക്രട്ടറി കെ. അജില അധ്യക്ഷയായി.ജില്ലാ ജോ. സെക്രട്ടറി പി.പി. ഷാജു, സംസ്ഥാന നിർവ്വാഹക സമിതി അംഗം മഹേഷ് കുമാർ,സബ് ജില്ലാ സെക്രട്ടറി ശ്രീജിത്ത്, എം. ഗീത എന്നിവർ സംസാരിച്ചു.



പ്രസാദിനെ സ്ഥലംമാറ്റിയത് പാലക്കാട് ജില്ലയിൽ എവിടെയും ഇല്ലാത്ത സ്‌കൂളിലേക്ക്

 

സകല മാനദണങ്ങളും ലംഘിച്ച്

അധ്യാപക സ്ഥലംമാറ്റ പട്ടികയുമായിബുധനാഴ്ച രാത്രി ഇറങ്ങിയ ഉത്തരവിൽ അഞ്ച്, ആറ് നമ്പറുകളിലായി കെ. പ്രസാദിനെ പാലക്കാട് ജി.എച് .എസ് . എസ് ഇടക്കുന്നം സ്‌കൂളിലെ പ്രധാനാധ്യാപകനാക്കി സ്ഥലം മാറ്റിയതായി ഉത്തരവിൽ കാണുന്നു.


ഉത്തരവ് കിട്ടിയ അധ്യാപകനും അദ്ദേഹത്തിൻ്റെ സഹപ്രവർത്തകരും ഇടക്കുന്നം ജി.എച്. എസ്. എസ്. എവിടെയാണെന്ന് ജില്ലാവിദ്യാഭ്യാസ ഓഫീസ് ഉൾപ്പെടെ പലയിടത്തും അന്വേഷിച്ചു നോക്കി. ഇങ്ങനെയൊരു വിദ്യാലയം പാലക്കാട് ജില്ലയിൽ ഇല്ലെന്നാണ് ജില്ലാവിദ്യാഭ്യാസ ഓഫീസറും പറയുന്നത്. കോട്ടയം ജില്ലയിൽ ഇടക്കുന്നം എന്നൊരു സ്ഥലമുണ്ടെന്നും അവിടേക്കാകും സ്ഥലംമാറ്റം ഉദ്യേശിച്ചതെന്നുമാണ് അധ്യാപകർക്കിടയിൽ സംസാരം. പാലക്കാട്ടെ ,ഇടക്കുന്നം ജി.എച്ച് എസ് എസ്സിലെ പ്രധാനാധ്യാപകനെ എ.ഇ. ഒ. ചുമതലയിൽ തൃത്താലയിൽ നിയമിച്ചതായും നിയമന ഉത്തരവിൽ കാണുന്നുണ്ട്.


എന്തായാലും പാലക്കാട് ജില്ലയിൽ ഇല്ലാത്ത ഒരു വിദ്യാലയത്തിൻ്റെ പേര് നിയമന ഉത്തരവിൽ എങ്ങനെ കയറി കൂടി എന്ന് ആർക്കുമറിയില്ല. അഞ്ച് 'ആറ് നമ്പറിലുള്ള അധ്യാപകരെ യഥാർത്ഥത്തിൽ മാറ്റിയത് ഏത് വിദ്യാലയത്തിലേക്കാണെന്ന് തിരുത്തൽ ഉത്തരവ് ഇറങ്ങിയാലേ ബുധനാഴ്ച രാത്രി ഇറങ്ങിയ സ്ഥലംമാറ്റ ഉത്തരവിന് അംഗീകാരമാകൂ എന്നാണ് പരിചയസമ്പന്നരായ മുൻ അധ്യാപകർ പറയുന്നത്.


രാഷ്ട്രീയ പക പോക്കലിൻ്റെ പേരിൽ തിരക്കിട്ട് സ്ഥലംമാറ്റം നടത്തിയപ്പോൾ പാലക്കാട്ഇല്ലാത്ത വിദ്യാലയത്തിൽ നിയമിച്ചു എന്ന ഉത്തരവ് ജീവനക്കാരെ അപഹസിക്കുന്നതിന് തുല്യമാണെന്ന് കെ. എസ്. ടി. എ നേതാക്കൾ പറഞ്ഞു.