അഫ്ഗാനിൽ താൻ അറസ്റ്റിലായെന്ന് വ്ലോഗര്‍ അരുണിമയുടെ ഇൻസ്റ്റ പോസ്റ്റ്, പിന്നാലെ സംഭവിച്ചത് വിശദീകരിച്ച് കുറിപ്പ്



കാബൂൾ: ഒഫീഷ്യൽ ലെറ്ററില്ലാത്തതിന്റെ പേരിൽ താൻ അഫ്ഗാനിസ്ഥാനിൽ അറസ്റ്റിലായെന്ന മെസേജും ഇന്ത്യൻ എംബസിയുമായി ബന്ധപ്പെടാൻ സഹായിക്കണം എന്നാവശ്യപ്പെട്ടുമുള്ള ഇൻസ്റ്റാഗ്രാം പോസ്റ്റിന് പിന്നാലെ വിശദീകരണവുമായി വ്ലോഗർ അരുണിമ. താൻ നേരിട്ട ടെൻഷനും തുടർന്നുണ്ടായ സംഭവങ്ങളും വിശദീകരിച്ചുകൊണ്ടാണ് അരുണിമ ഫേസ്ബുക്ക് കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. വൈകുന്നേരം ലോറിയിൽ ലിഫ്റ്റടിച്ച് ബമ്മിയാനിൽ എത്തിയപ്പോൾ വിസയും പാസ്‌പോർട്ടും പരിശോധിച്ച നാട്ടുകാർ സുരക്ഷിതമായ സ്ഥലമെന്ന നിലയിൽ ഒരു ഹോട്ടലിൽ എത്തിക്കുകയായിരുന്നു. എന്നാൽ വലിയ തുക ചോദിച്ചതിനാൽ ടെന്റ് അടിക്കാൻ സ്ഥലം ചോദിക്കുകയും, അവർ നൽകിയ മുറിയിൽ കിടക്കാൻ തീരുമാനിക്കുകയുമായിരുന്നു. തുടര്‍ന്ന് ചാർജ് ചെയ്യാനായി ഹാളിൽ പോയപ്പോൾ വന്ന ആളുകൾ ഗൂഗിൾ ട്രാൻസ്ലേറ്ററിലൂടെ സംസാരിച്ച് പെർമിറ്റ് ചോദിക്കുകയായിരുന്നു. രാജ്യത്തെ നിയമപ്രകാരം ഒരു സ്ത്രീക്ക് ഒറ്റയ്ക്ക് യാത്ര ചെയ്യാൻ സാധിക്കില്ല. ജലാലാബാദിൽ നിന്ന് പെർമിറ്റ് ചോദിച്ചെങ്കിലും പുരുഷനോ ഗൈഡോ കൂടെയില്ലാത്തതിനാൽ പെർമിറ്റ് ലഭിച്ചിരുന്നില്ല.


ഇതിനിടെ കാബൂളിലേക്ക് പോകാൻ ആവശ്യപ്പെട്ടെങ്കിലും ജർമ്മനിയിലുള്ള സുഹൃത്ത് വരാനുണ്ടെന്ന് കള്ളം പറഞ്ഞ് യാത്ര തുടർന്നു. എന്നാൽ ആഗസ്റ്റ് 27-ന് രാജ്യത്ത് എത്തിയ അരുണിമ ഇത്രയും ദിവസം ഒറ്റയ്ക്ക് യാത്ര ചെയ്തത് നിയമലംഘനമാണെന്നും അതിനാൽ അറസ്റ്റ് ചെയ്യുമെന്നും അവർ അറിയിച്ചു. വിദേശത്തുള്ള ബോയ്ഫ്രണ്ടിനെ വിവരം അറിയിച്ച അരുണിമ തന്നെയെത്തിച്ച വ്യക്തിയുടെ സഹായത്തോടെ സംസാരിച്ച് ഒത്തുതീർപ്പാക്കുകയായിരുന്നു. ഇവിടെനിന്ന് അടുത്ത രാജ്യത്തേക്ക് പൊയ്ക്കോളാൻ അവർ പറഞ്ഞതായും, പെർമിറ്റ് ഇല്ലാതെ തന്നെ ഉസ്ബകിസ്ഥാൻ ബോർഡറിലേക്ക് നാളെ പോകുമെന്നും അരുണിമ വ്യക്തമാക്കി. ഭയം കാരണമാണ് രക്ഷിക്കാൻ ആരെങ്കിലും വരുമെന്നോർത്ത് ഇൻസ്റ്റഗ്രാമിൽ സ്റ്റോറി ഇട്ടതെന്നും നിലവിൽ പാനിക് ആയതിനാൽ ആർക്കും റിപ്ലൈ നൽകാൻ സാധിക്കുന്നില്ലെന്നും അരുണിമ കുറിച്ചു.


ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ,


കുറച്ചു മണിക്കൂറുകൾ ടെൻഷനടിച്ച് മരിച്ചില്ല എന്നേയുള്ളൂ..‼️


വൈകുന്നേരം ഒരു ലോറിയിൽ ലിഫ്റ്റ് അടിച്ച് ബമ്മിയാൻ എന്ന സ്ഥലത്തേക്ക് വന്നു. ഇവിടെയെത്തിയപ്പോഴേക്കും സമയം 7 മണി ആയിട്ടുണ്ടായി ഇരുട്ടായിരുന്നു. വണ്ടിയിൽ നിന്നും ഇറങ്ങിയപ്പോൾ തന്നെ ഇവിടെയുള്ള ആളുകൾ എൻറെ അടുത്തേക്ക് ഓടിക്കൂടി കാരണം രാത്രിയിൽ ഒരു സ്ത്രീ ഒറ്റയ്ക്ക് ഈ രാജ്യത്ത് പുറത്തു പോവില്ല. അങ്ങനെ എന്നോട് വിസയും പാസ്പോർട്ടും എല്ലാം ചോദിച്ചു എന്നിട്ട് അതെല്ലാം കാണിച്ചു കൊടുത്തു. എവിടെ താമസിക്കുന്നതെന്ന് ചോദിച്ചപ്പോൾ തീരുമാനിച്ചിട്ടില്ല ഇപ്പോൾ എവിടെയെങ്കിലും ഒരു സേഫ് ആയ സ്ഥലം ഞാൻ കണ്ടു പിടിച്ച താമസിക്കും എന്ന് പറഞ്ഞു. അവർ എൻറെ ഇഷ്ടത്തിന് ഒറ്റക്ക് എന്നെ വിടില്ല. അങ്ങനെ കുറച്ചുസമയം അവിടെ കാത്തുനിന്നു ഇംഗ്ലീഷിൽ സംസാരിക്കുന്ന ഒരാൾ വന്നു അയാൾ എന്നോട് കാറിൽ കയറാൻ പറഞ്ഞു. കാറിൽ കയറി ഒരു ഹോട്ടലിലേക്കാണ് പോയത് അവിടെ എത്തിയപ്പോൾ ഒരുപാട് പൈസയാണ് ഒരു രാത്രി താമസിക്കാൻ അവർ ചോദിക്കുന്നത് അതിനാൽ ഞാൻ അവരോട് പറഞ്ഞു എൻറെ കയ്യിൽ tent ഉണ്ട് ഇവിടെ എവിടെയെങ്കിലും എനിക്ക് കുറച്ച് സ്ഥലം തന്നാൽ മതിയെന്ന്..ഇവിടെ തണുപ്പുള്ള സ്ഥലമാണ് ഇത്രയും ദിവസം അധികഠിനമായ ചൂടിലൂടെയാണ് ഞാൻ യാത്ര ചെയ്തിരുന്നത്...


ഇവിടെ ടെൻ അടിക്കാൻ പറ്റില്ല, അടിക്കാനുള്ള വേറെ സ്ഥലം കാണിച്ചു തരാമെന്ന് പറഞ്ഞ് ആ വ്യക്തി എന്നെ വീണ്ടും കാറിൽ കയറ്റി വേറൊരു സ്ഥലത്തേക്ക് കൊണ്ടുവന്നു. ഇവിടെ എത്തിയപ്പോൾ എനിക്ക് tent അടിക്കാനുള്ള ഒരു സ്ഥലം കാണിച്ചു തന്നു. Tent അടിക്കാൻ തുടങ്ങിയപ്പോൾ എന്നോട് പറഞ്ഞു നല്ല തണുപ്പ് ആയിരിക്കും രാത്രി കിടന്നുറങ്ങാൻ ബുദ്ധിമുട്ടാകും ഇവിടെ ഒരു ഒഴിവ് റൂം ഉണ്ട് അവിടെ കിടന്നോളൂ.. അങ്ങനെ ഞാൻ അവിടെ കിടക്കാൻ തീരുമാനിച്ചു.. ചാർജ് ചെയ്യാനായി അവിടെയുള്ള ഹാളിൽ പോയപ്പോൾ പുറത്തൊന്നും രണ്ട് ആൾക്കാർ വന്നു.. എന്നോട് ആദ്യം എവിടെ നിന്നാണ് വരുന്നത് എന്നെല്ലാം ചോദിച്ചു ഇതെല്ലാം ട്രാൻസിലേറ്റിൽ ആണ് ചോദിക്കുന്നത് ഗൂഗിൾ ട്രാൻസിലേറ്റ് ഫോണിലൂടെ.. പിന്നീട് എന്നോട് പെർമിറ്റ് കാണിക്കാൻ പറഞ്ഞു. ഞാനെൻറെ പാസ്പോർട്ടും വിസയും കാണിച്ചുകൊടുത്തു.. ഈ രാജ്യത്തിൻറെ നിയമം അനുസരിച്ച് ഒരു സ്ത്രീക്ക് ഒറ്റയ്ക്ക് യാത്ര ചെയ്യാൻ സാധിക്കില്ല അത് ഈ രാജ്യത്ത് സ്ത്രീ ആണെങ്കിലും പുറത്തുനിന്ന സ്ത്രീയാണെങ്കിലും ഒരേപോലെ നിയമം...