മകളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പിതാവിന് ട്രിപ്പിൾ ജീവപര്യന്തം



പൊന്നാനി : പ്രായപൂർത്തിയാകാത്ത മകളെ ലൈംഗികമായി പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ പിതാവായ ബിഹാർ സ്വദേശിക്ക് പൊന്നാനി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ പോക്സോ കോടതി ട്രിപ്പിൾ ജീവപര്യന്തം തടവും 15 വർഷം കഠിന തടവും 3.70 ലക്ഷം രൂപ പിഴയും വിധിച്ചു.


കേസിലെ ഒന്നാം പ്രതിയായ മുഹമ്മദ് സാദിഖ് റെയിനെയാണ് കോടതി ശിക്ഷിച്ചത്. പെൺകുട്ടിയെ ഭീഷണിപ്പെടുത്തിയും ദേഹോപദ്രവമേൽപ്പിച്ചുമാണ് പീഡനം നടത്തിയതെന്നാണ് പ്രോസിക്യൂഷൻ കേസ്. സംഭവത്തെ തുടർന്ന് ഗർഭം അലസിപ്പിക്കാൻ ശ്രമിച്ചതായും പ്രോസിക്യൂഷൻ കോടതിയിൽ വ്യക്തമാക്കി.


കേസിൽ രണ്ടാം പ്രതിയായ പെൺകുട്ടിയുടെ രണ്ടാനമ്മയ്ക്ക് ഒരു മാസം തടവും 5,000 രൂപ പിഴയും കോടതി വിധിച്ചു. ഗർഭം അലസിപ്പിക്കുന്നതിനായി പച്ചമരുന്നുകൾ നൽകിയെന്ന കേസിൽ മൂന്നാം പ്രതിയായ നാട്ടുചികിത്സക കാഞ്ചനയ്ക്ക് 11 മാസം കഠിന തടവും 15,000 രൂപ പിഴയുമാണ് ശിക്ഷ.


2016ൽ നടന്ന സംഭവവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കേസിൽ ഒന്നാം പ്രതി ഒളിവിൽ പോയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ പ്രതി വിവിധ സംസ്ഥാനങ്ങളിൽ താമസിച്ചിരുന്നതായി കണ്ടെത്തി. ആറ് മാസം നീണ്ട അന്വേഷണത്തിനൊടുവിൽ രാജസ്ഥാനിലെ ഭിവാഡി ജില്ലയിലെ ചോപ്പാങ്കി പൊലീസ് സ്റ്റേഷൻ പരിധിയിൽ നിന്ന് 2022ൽ അന്വേഷണ സംഘം ഇയാളെ അറസ്റ്റ് ചെയ്തു.


പെരുമ്പടപ്പ് പൊലീസ് ഇൻസ്പെക്ടർ പി.എം. വിമോദിന്റെ നേതൃത്വത്തിലായിരുന്നു തുടരന്വേഷണം. ശാസ്ത്രീയ തെളിവുകൾ, ഡിഎൻഎ പരിശോധനാ ഫലങ്ങൾ ഉൾപ്പെടെയുള്ള തെളിവുകൾ അന്വേഷണ സംഘം കോടതിയിൽ ഹാജരാക്കിയതായി പ്രോസിക്യൂഷൻ അറിയിച്ചു. കേസിൽ 36 സാക്ഷികളെ വിസ്തരിക്കുകയും 51 രേഖകളും ആറ് തൊണ്ടിമുതലുകളും ഹാജരാക്കുകയും ചെയ്തു.


പിഴത്തുക അടച്ചാൽ അതിൽ മൂന്ന് ലക്ഷം രൂപ അതിജീവിതയ്ക്ക് നൽകാനും മതിയായ നഷ്ടപരിഹാരം അനുവദിക്കുന്നതിനായി ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിക്ക് നിർദേശം നൽകാനും കോടതി ഉത്തരവിട്ടു.


പെരുമ്പടപ്പ് പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ വിവിധ ഘട്ടങ്ങളിലായി ഡി. രാധാകൃഷ്ണപ്പിള്ള, കേഴ്സൺ മാർക്കോസ്, പി.എം. വിമോദ് എന്നിവർ അന്വേഷണം നടത്തി. എ.എസ്.ഐ പ്രീത എം.സി., എസ്.സി.പി.ഒ നാസർ, സി.പി.ഒമാരായ രഞ്ജിത്ത്, വിഷ്ണു നാരായണൻ എന്നിവർ അന്വേഷണത്തിൽ സഹായിച്ചു.


പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. കെ.കെ. സുഗുണ, അഡ്വ. സപ്ന പി. പരമേശ്വരൻ എന്നിവർ ഹാജരായി. ഒന്നാം പ്രതിയെ ശിക്ഷ അനുഭവിക്കുന്നതിനായി തവനൂർ സെൻട്രൽ ജയിലിലേക്ക് മാറ്റി.