തൃത്താല കറുകപുത്തൂരിൽ 3.85 കോടി രൂപയുടെ സ്വർണം തട്ടിയ കേസ് അന്വേഷണം സ്വകാര്യ പണമിടപാട് സംഘങ്ങളിലേക്ക്
തിരുമിറ്റക്കോട് കറുകപുത്തൂരിലെ ജ്വല്ലറിയിൽ നിന്നു 3.85 കോടി രൂപ വിലമതിക്കുന്ന സ്വർണം തട്ടിയെടുത്തെന്ന പരാതിയിൽ എടുത്ത കേസിൽ പൊലീസ് അന്വേഷണം ശക്തമാക്കി. അറസ്റ്റിലായ അസിസ്റ്റന്റ് മാനേജർ ടി.വിജേഷ് സ്വർണം കൂറ്റനാട്, പട്ടാമ്പി മേഖലകളിലെ സ്വകാര്യ പണമിടപാടു സംഘങ്ങൾക്കു വിറ്റതായാണു ലഭിച്ചിട്ടുള്ള പ്രാഥമിക വിവരം. ഇതിന്റെ അടിസ്ഥാനത്തിൽ സ്വർണം കൈപ്പറ്റിയവരെയും ഇടപാടുകളും കേന്ദ്രീകരിച്ചു പൊലീസ് അന്വേഷണം തുടരുകയാണ്.
സ്ഥാപനത്തിലെ സ്വർണത്തിന്റെ ഭാരത്തിലും എണ്ണത്തിലും കൃത്രിമം കാട്ടിയാണു വിജേഷ് പലതവണയായി സ്വർണം തട്ടിയെടുത്തതെന്നാണു പരാതി. 2022 ഏപ്രിൽ മുതൽ തട്ടിപ്പു നടന്നതായാണു ജ്വല്ലറി ഉടമയായ തിരുമിറ്റക്കോട് ചാത്തന്നൂർ വെട്ടുത്തുപറമ്പിൽ കരീം നൽകിയ പരാതിയിൽ പറയുന്നത്. ആകെ 2510.915 ഗ്രാം സ്വർണം സ്ഥാപനത്തിൽനിന്നു നഷ്ടപ്പെട്ടതായാണ് പരാതിയിൽ പറയുന്നത്.
തട്ടിയെടുത്ത സ്വർണം കൂറ്റനാട്, പട്ടാമ്പി മേഖലകളിലെ പലർക്കായി കൈമാറിയെന്നാണു വിവരം. ഇവരിൽനിന്നു സ്വർണം വീണ്ടെടുക്കുന്നതിനുള്ള നടപടികളും പൊലീസ് ആലോചിക്കുന്നുണ്ട്. സ്വർണം വിറ്റതിന്റെ രേഖകളും പണമിടപാടുകളും വിശദമായി പരിശോധിച്ചുവരികയാണ്.
സംഭവവുമായി ബന്ധപ്പെട്ടു കഴിഞ്ഞ ദിവസമാണ് പരുതൂർ പള്ളിപ്പുറം പടിയൻചിറയ്ക്കൽ വീട്ടിൽ ടി.വിജേഷിനെ (38) ചാലിശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.തട്ടിപ്പിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.
