പെരുമ്പിലവിൽ പൂട്ടിയിട്ട വീട് തകർത്ത് വൻ കവർച്ച; 13.5 പവൻ സ്വർണവും പണവും കവർന്ന പ്രതി അറസ്റ്റിൽ



കുന്നംകുളം: പെരുമ്പിലവിൽ പൂട്ടിയിട്ട വീട് തകർത്ത് വൻ കവർച്ച നടത്തിയ കേസിൽ പ്രതിയെ അറസ്റ്റ് ചെയ്തു. കർണാടക ഭദ്രാവതി സ്വദേശി ഷാഹിദ് (24) നെയാണ് കുന്നംകുളം സ്റ്റേഷൻ ഹൗസ് ഓഫീസർ അനിൽകുമാർ ടി മേപ്പിള്ളിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.


പെരുമ്പിലവ് സ്വദേശിയായ അക്ബറിന്റെ ഉടമസ്ഥതയിലുള്ള വീട്ടിലാണ് മോഷണം നടന്നത്. ഓഗസ്റ്റ് രണ്ടിന് വൈകീട്ട് 6 മണിക്കും രാത്രി 8.30നും ഇടയിലാണ് സംഭവം നടന്നത്. വീടിന്റെ മുൻവശത്തെ വാതിലിന്റെയും അലമാരയുടെയും പൂട്ടുകൾ തകർത്താണ് മോഷ്ടാക്കൾ അകത്തുകടന്നത്.


അലമാരയിൽ സൂക്ഷിച്ചിരുന്ന ബാഗിൽ നിന്ന് 13.5 പവൻ സ്വർണാഭരണങ്ങൾ, 10,000 രൂപ, 2,000 രൂപ വിലമതിക്കുന്ന സൺഗ്ലാസ് എന്നിവ കവർന്നു. കൂടാതെ വാഹനത്തിന്റെ ആർ.സി. ബുക്ക്, ആധാർ കാർഡ്, എ.ടി.എം. കാർഡ്, പാൻ കാർഡ് തുടങ്ങിയ സുപ്രധാന രേഖകളും മോഷ്ടാവ് അപഹരിച്ചു. ഏകദേശം 13,62,000 രൂപയുടെ നഷ്ടമാണ് ഉണ്ടായത്.


സംഭവവുമായി ബന്ധപ്പെട്ട് അക്ബറിന്റെ സഹോദരി സുഹറ ഷംസുദ്ദീൻ കുന്നംകുളം പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ ചെയ്തത്. 


തുടർന്നുള്ള അന്വേഷണത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. വൈദ്യ പരിശോധനയ്ക്ക് ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ കൂടുതൽ ചോദ്യം ചെയ്യലിനായി പോലീസ് കസ്റ്റഡിയിൽ വാങ്ങിയിട്ടുണ്ട്.