ബസുകൾ സ്പോൺസർ ചെയ്യാം, കെഎസ്ആർടിസിയിൽ സ്പോൺസർഷിപ്പ് പദ്ധതി, 10 വർഷത്തേക്ക് ബസിൽ പരസ്യം ചെയ്യാനും അവസരം



സംസ്ഥാന സർക്കാരിന്റെ നൂറ് ദിന കർമപദ്ധതിയുടെ ഭാഗമായി പൊതുഗതാഗത സൗകര്യം മെച്ചപ്പെടുത്തുന്നതിന് കെഎസ്ആർടിസിയിൽ സ്പോൺസർഷിപ്പ് പദ്ധതിക്ക് അവസരം. ഗ്രാമീണ മേഖലകളിൽ ഉൾപ്പെടെ മികച്ച യാത്രാസൗകര്യം ഒരുക്കുന്നതിനും കാലാവധി പൂർത്തിയാക്കിയ വാഹനങ്ങൾക്ക് പകരം പുതിയവ നിരത്തിലിറക്കുന്നതിനുമായി വിവിധ സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും കോർപറേഷന് ബസുകൾ സ്പോൺസർ ചെയ്യാം. ഇതിനായുള്ള വിശദമായ മാർഗനിർദേശങ്ങൾ കെഎസ്ആർടിസി പുറത്തിറക്കി. തദ്ദേശ സ്ഥാപനങ്ങൾ, സഹകരണ സ്ഥാപനങ്ങൾ, കമ്പനികൾ, ട്രസ്റ്റുകൾ, സാമൂഹിക സംഘടനകൾ, ക്ലബ്ബുകൾ, വ്യാപാര സ്ഥാപനങ്ങൾ എന്നിവർക്ക് പുറമെ സി.എസ്.ആർ ഫണ്ടുകൾ ഉപയോഗിച്ചും ബസുകൾ സംഭാവന നൽകാവുന്നതാണ്. 9 മുതൽ 15 മീറ്റർ വരെ നീളമുള്ള എ.സി പ്രീമിയം ബസുകൾ, എ.സി സീറ്റർ, എ.സി സ്ലീപ്പർ, സൂപ്പർ ഫാസ്റ്റ്, ഫാസ്റ്റ് പാസഞ്ചർ തുടങ്ങിയവയാണ് പദ്ധതിപ്രകാരം സ്വീകരിക്കുന്നത്. വാഹനങ്ങൾ നേരിട്ട് വാങ്ങി നൽകുകയോ അല്ലെങ്കിൽ അതിനായുള്ള തുക കോർപറേഷന് കൈമാറുകയോ ചെയ്യാം. സാമ്പത്തിക സഹായമായാണ് നൽകുന്നതെങ്കിൽ ടെൻഡർ നടപടികളിലൂടെ കെഎസ്ആർടിസി തന്നെ വാഹനം വാങ്ങും.


പൂർണ നിയന്ത്രണം കോർപറേഷന്


സ്പോൺസർഷിപ്പിലൂടെ ലഭിക്കുന്ന ബസുകൾ കെഎസ്ആർടിസി മാനേജിങ് ഡയറക്ടറുടെ പേരിലായിരിക്കും രജിസ്റ്റർ ചെയ്യുന്നത്. തുടർന്ന് ഇവ കോർപറേഷന്റെ സ്ഥിരം ആസ്തിയായി മാറും. വാഹനത്തിന്റെ അറ്റകുറ്റപ്പണി, ഇൻഷുറൻസ്, ടിക്കറ്റ് വരുമാനം, ജീവനക്കാരുടെ നിയമനം തുടങ്ങിയ കാര്യങ്ങളിലെല്ലാം പൂർണ അധികാരം കെഎസ്ആർടിസിക്കായിരിക്കും. സ്പോൺസർ ചെയ്യുന്നവർ നിർദേശിക്കുന്ന റൂട്ടുകൾ നിലവിലെ സർവീസുകൾക്ക് പകരമാണെങ്കിൽ അതിനനുസരിച്ച് ക്രമീകരണം ഏർപ്പെടുത്തും. പുതിയ സർവീസാണ് ആവശ്യപ്പെടുന്നതെങ്കിൽ ഇന്ധനച്ചെലവും അടിസ്ഥാന സൗകര്യങ്ങളും തദ്ദേശ സ്ഥാപനങ്ങളുടെ സഹായത്തോടെ ലഭ്യമാക്കിയാൽ മാത്രമേ പരിഗണിക്കുകയുള്ളൂ. ഇതിനായി പ്രത്യേക ധാരണാപത്രം ഒപ്പുവെക്കാവുന്നതാണ്. എന്നിരുന്നാലും സാമ്പത്തിക സാഹചര്യവും ജനങ്ങളുടെ ആവശ്യവും പരിഗണിച്ച് സമയക്രമത്തിലും റൂട്ടിലും മാറ്റംവരുത്താനുള്ള അധികാരം കോർപറേഷനിൽ നിക്ഷിപ്തമാണ്.