ചാലിശ്ശേരി ജി.എച്ച് എച്ച് എസിൽ എൻ.എസ്.എസ്. സെലക്ഷൻ ക്യാമ്പ്



131 പേർ സേവന പാതയിലേക്ക് കൈ കോർത്തു



ചാലിശ്ശേരി: സേവനം കേവലം ഒരു പാഠപുസ്തകത്തിലെ അധ്യായമല്ല, ജീവിതത്തിന്റെ ഭാഗമാണ് എന്ന സന്ദേശമുയർത്തി ചാലിശ്ശേരി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ സംഘടിപ്പിച്ച എൻ.എസ്.എസ്. വളണ്ടിയർ സെലക്ഷൻ ക്യാമ്പ് ശ്രദ്ധേയമായി. 


സ്കൂളിന്റെ ചരിത്രത്തിൽ ആദ്യമായാണ് നാഷണൽ സർവീസ് സ്കീമിന്റെ (NSS) ഭാഗമാകാൻ ഇത്രയധികം മികച്ച വിദ്യാർഥികൾ താത്പര്യം പ്രകടിപ്പിച്ച് എത്തിയത്.പുതിയ യൂണിറ്റിലേക്ക് അപേക്ഷിച്ച 173 വിദ്യാർഥികളിൽ 131 പേരാണ് ഞായറാഴ്ച രാവിലെ ഒൻപത് മുതൽ വൈകിട്ട് നാലര വരെ നീണ്ട ക്യാമ്പിൽ സജീവമായി പങ്കെടുത്തത്. 


എൻ.എസ്.എസ്. അംഗത്വം നേടാൻ സാമൂഹിക പ്രതിബദ്ധതയും ഉത്തരവാദിത്വബോധവും സേവനമനസ്സും അനിവാര്യമാണെന്ന തിരിച്ചറിവ് വിദ്യാർഥികളിൽ വളർത്തുന്ന രീതിയിലായിരുന്നു ക്യാമ്പിന്റെ സംഘാടനം.രാജ്യസുരക്ഷയിൽ അച്ചടക്കത്തോടെ പ്രവർത്തിക്കുന്നവരുടെ മനോഭാവത്തെ ഓർമിപ്പിക്കുന്ന വിധം കൂട്ടായ്മയ്ക്കും സേവനസന്നദ്ധതയ്ക്കും മുൻഗണന നൽകിയാണ് പ്രിൻസിപ്പാൾ ഡോ സജീന ഷുക്കൂർ പരിപാടികൾ ക്രമീകരിച്ചത്. 


ക്യാമ്പിന്റെ തുടക്കത്തിൽ തന്നെ സ്കൂൾ പരിസരവും ക്ലാസ് മുറികളും വൃത്തിയാക്കിക്കൊണ്ട് വിദ്യാർഥികൾ സേവനത്തിന്റെ നേർഅനുഭവം തൊട്ടറിഞ്ഞു. തുടർന്ന് 131 പേരെ അഞ്ച് ഗ്രൂപ്പുകളായി തിരിച്ച് വിവിധ ചുമതലകൾ ഏൽപ്പിച്ചു.ഗ്രൂപ്പ് പ്രവർത്തനങ്ങളിലൂടെ കുട്ടികളുടെ നേതൃത്വപാടവം, സഹകരണമനോഭാവം, സാമൂഹിക കാഴ്ചപ്പാട് എന്നിവ വിലയിരുത്തി. ഒപ്പം സ്കൂളിന്റെ ഭാവി പ്രവർത്തനങ്ങൾ മികവുറ്റതാക്കാൻ വിദ്യാർഥികളിൽ നിന്ന് നിർദേശങ്ങളും ആശയങ്ങളും സ്വീകരിച്ചു.


 തങ്ങളുടെ ചിന്തകൾ തുറന്നുപറഞ്ഞും കൂട്ടായതീരുമാനങ്ങളിലെത്തിയും പങ്കെടുത്ത കുട്ടികൾക്ക് ക്യാമ്പ് ഒരു മികച്ച പരിശീലന വേദിയായി മാറി.സ്കൂളിലെ മുൻകാല എൻ.എസ്.എസ്. വളണ്ടിയർമാരായ ഏഴ് പേർ വിധികർത്താക്കളായി എത്തിയത് സെലക്ഷൻ ക്യാമ്പിന്റെ പ്രധാന ആകർഷണമായി


 ഗായത്രി ആർ., സൂര്യനാഥ് പുന്നക്കൽ, ഋതിക്, സാലിഹ, ഷഹദ, മിഥിലജ്, വൈഷ്ണവ് എന്നിവരാണ് തെരഞ്ഞെടുപ്പ് പ്രക്രിയയ്ക്ക് നേതൃത്വം നൽകിയത്. ക്യാമ്പിൽ പങ്കെടുത്തവരിൽ നിന്ന് ഏറ്റവും മികച്ച 50 പേരെ പുതിയ വളണ്ടിയർമാരായി വരും ദിവസങ്ങളിൽ തിരഞ്ഞെടുക്കും.



പ്രിൻസിപ്പാൾ ഡോ. സജീന ഷുക്കൂർ, ഡോ. ഇക്ബാൽ, എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർ തസ്‌നീ കെ. എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.