വധശ്രമ കേസിലെ പ്രതി പോലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടു.
July 22, 2026
വടക്കേക്കാട്: വധശ്രമ കേസിലെ പ്രതി വടക്കേക്കാട് പോലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടു. പുന്നയൂർക്കുളം ചമ്മന്നൂർ മുണ്ടാറയിൽ വീട്ടിൽ മുഹമ്മദ് ഷിഫാൻ(30)ആണ് കൈവിലങ്ങുമായി ഓടി രക്ഷപ്പെട്ടത്. ഇയാളെ മെഡിക്കൽ പരിശോധനക്കായി വടക്കേക്കാട് ഹെൽത്ത് സെൻ്ററിലേക്ക് കൊണ്ടുപോയതായിരുന്നു. ഇരു കൈകളിലും ബന്ധിപ്പിച്ച വിലങ്ങ് ഒരു കൈയിലേക്ക് മാറ്റിയ സമയത്തായിരുന്നു ഇയാൾ രക്ഷപ്പെട്ടത്. നേരത്തെ കാപ്പ കേസ് ഉൾപ്പെടെ നിരവധി കേസിൽ ഉൾപ്പെട്ടയാളാണ് പ്രതിയെന്ന് പോലീസ് പറഞ്ഞു. ഇയാളെ കുറിച്ച് വിവരം ലഭിക്കുന്നവർ 0487-2542390 എന്ന നമ്പറിൽ അറിയിക്കണം.
