ആരാധനാലയങ്ങൾ കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന സംഘത്തിലെ പ്രധാനി പട്ടാമ്പി പോലീസിൻറെ വലയിലായി



 പട്ടാമ്പി പോലീസ് സ്റ്റേഷൻ പരിധിയിൽ ആരാധനാലയങ്ങൾ കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന സംഘത്തിലെ പ്രധാനി പട്ടാമ്പി പോലീസിൻറെ വലയിലായി. പരുതൂർ വെസ്റ്റ് കൊടുമുണ്ട്, നെടിമരം വീട്ടിൽ ഗോപാലൻറെ മകൻ കൃഷ്‌ണാനന്ദൻ (Age.40) എന്നയാളെയാണ് പട്ടാമ്പി പോലീസ് പിടികൂടിയത്.


 പുലർച്ചെയാണ് കേസിനാസ്‌പദമായ സംഭവം നടന്നത്. വെള്ളില പെട്ടി വിഷ്‌ണുക്ഷേത്രത്തിൻറെ ഓഫീസ് റൂമും ക്ഷേത്രവളപ്പിലെ നാല് ഭണ്ഡാരങ്ങളും കുത്തിപ്പൊളിച്ച് അകത്തുകടന്ന പ്രതി, അവിടെ സൂക്ഷിച്ചിരുന്ന 7000 രൂപയോളം കവർന്ന് കടന്നുകളയുകയായിരുന്നു. രാവിലെ മോഷണവിവരം ശ്രദ്ധയിൽപ്പെട്ട ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് മധുസൂദനൻ പട്ടാമ്പി പോലീസിൽ പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ച പട്ടാമ്പി പോലീസ്, പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളും സമാന രീതിയിൽ മോഷണം നടത്തുന്ന പഴയകാല കുറ്റവാളികളെയും കേന്ദ്രീകരിച്ച് നടത്തിയ ശാസ്ത്രീയമായ അന്വേഷണത്തിനൊടുവിലാണ് പ്രതിയായ കൃഷ്‌ണാനന്ദനെ വലയിലാക്കിയത്.


പിടിയിലായ കൃഷ്‌ണാനന്ദൻ നിരവധി മോഷണക്കേസുകളിൽ പ്രതിയാണെന്ന് പോലീസ് അറിയിച്ചു. ഇയാൾക്കെതിരെ വിവിധ സ്റ്റേഷനുകളിലായി നിരവധി കേസുകൾ നിലവിലുണ്ട്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യുന്നതിനുള്ള നടപടികൾ സ്വീകരിച്ചുവരുന്നു.