ക്ഷീണം തീര്‍ത്ത് ബ്രസീല്‍; ഹെയ്റ്റിക്കെതിരെ കിടിലന്‍ ജയം; 3-0
ഫിഫ ലോകകപ്പില്‍ ബ്രസീലിന് ആദ്യജയം. മൊറോക്കോയ്ക്കെതിരേ കളിച്ച ടീമില്‍ മാറ്റം വരുത്തിയാണ് ഹെയ്തിക്കെതിരായ മല്‍സരത്തിന് ബ്രസീല്‍ ഇറങ്ങിയത്. മറുപടിയില്ലാത്ത മൂന്ന് ഗോളിന് ഹെയ്തിയെ തോല്‍പ്പിച്ചു. മാത്യൂസ് ക്യൂഞ്ഞയുടെ ഇരട്ട ഗോളുകളുടെയും വിനീഷ്യസ് ജൂനിയറിന്റെ ഒരു ഗോളിന്റെയും മികവിലാണ് ഹെയ്തിയെ തകര്‍ത്തത്. 23, 36 മിനിറ്റുകളിലാണ് മാത്യൂസ് ക്യൂഞ്ഞയുടെ ഇരട്ടഗോളുകള്‍ പിറന്നത്. ആദ്യ പകുതിയില്‍ തന്നെ മൂന്ന് ഗോളുകളും പിറന്നിരുന്നു. ആദ്യ മല്‍സരത്തിലെ സമനിലയുടെ നിരാശ മറികടക്കുന്ന ജയം തന്നെ ബ്രസീലിന് ലഭിച്ചു. മല്‍സരത്തിന്റെ ആദ്യ മിനിറ്റുകളില്‍ റാഫീന്യയുടെ ഗോളില്‍ ബ്രസീല്‍ മുന്നിലെത്തിയെങ്കിലും റഫറി ഓഫ്സൈഡ് വിളിക്കുകയായിരുന്നു. 23ാം മിനിറ്റില്‍ മാത്യൂസ് ക്യൂഞ്ഞയുടേതായിരുന്നു ആദ്യ ഗോള്‍. ഇടത് വിങ്ങിലൂടെ മുന്നേറിയ വിനി ഗോള്‍ പോസ്റ്റിലേക്ക് ഷോട്ടെടുത്തെങ്കിലും ഹെയ്തി ഗോള്‍കീപ്പര്‍ ജോണി പ്ലാസിഡ് തടഞ്ഞിട്ടു, തന്നിലേക്ക് വന്ന റീബൗണ്ടിനെ ക്യൂഞ്ഞ അനായാസം വലയിലേക്ക് തട്ടിയിട്ടു.
36ാം മിനിറ്റില്‍ ഇടത് വിങ്ങിലൂടെ വിനി തുടങ്ങിയൊരു മുന്നേറ്റത്തിനൊടുവില്‍ ക്യൂഞ്ഞ ഒരിക്കല്‍ കൂടി ലക്ഷ്യം കണ്ടു. ഒടുവില്‍ ആദ്യ പകുതി തീരുന്നതിന് മുന്‍പ് ഇഞ്ച്വറി ടൈമില്‍ വിനീഷ്യസ് ജൂനിയര്‍ കൂടി ഗോള്‍ നേടി. ലൂക്കസ് പക്വേറ്റയുടെ അസിസ്റ്റിലാണ് വിനിയുടെ ഗോള്‍. രണ്ടാം പകുതിയില്‍ ചില മാറ്റങ്ങളുമായി വന്ന് കൂടുതല്‍ ഗോളുകള്‍ നേടാന്‍ ബ്രസീല്‍ നോക്കിയെങ്കിലും അത് നടന്നില്ല. രണ്ടാം പകുതിയില്‍ പകരക്കാരനായി ഇറങ്ങിയ എന്‍ഡ്രിക്ക് വലകുലുക്കിയെങ്കിലും വീണ്ടും ഓഫ്സൈഡ് കെണിയില്‍ കുരുങ്ങുകയായിരുന്നു. 63ാം മിനിറ്റില്‍ ഹെയ്തി ഗോളിന് തൊട്ടരികെ എത്തിയിരുന്നു, എന്നാല്‍ ഗോള്‍വരയ്ക്കു മുന്നില്‍ നിന്നുള്ള റിക്കാര്‍ഡോ ആഡെയുടെ ഹെഡര്‍ അലിസണ്‍ രക്ഷപ്പെടുത്തി.
ആദ്യ മല്‍സരത്തില്‍ മൊറോക്കോയോട് സമനില വഴങ്ങിയ ബ്രസീലിന് ഈ ജയം അനിവാര്യമായിരുന്നു. നിലവില്‍ നാല് പോയിന്റുമായി ഗ്രൂപ്പ് സിയില്‍ ഒന്നാം സ്ഥാനത്താണ് ബ്രസീല്‍. ഗോള്‍ വ്യത്യാസത്തില്‍ മൊറോക്കോ രണ്ടാം സ്ഥാനത്താണ്. മൂന്ന് പോയിന്റുമായി സ്‌കോട്ട്‌ലന്‍ഡ് മൂന്നാമതിരിക്കുമ്പോള്‍ രണ്ടില്‍ രണ്ടും തോറ്റ ഹെയ്തി ഏതാണ്ട് പുറത്തായ മട്ടാണ്. പരിക്കിനെ തുടര്‍ന്ന് ഒരു മാസത്തിലേറെയായി വിശ്രമത്തിലുള്ള സൂപ്പര്‍ താരം നെയ്മര്‍ ഇല്ലാതെയാണ് ബ്രസീല്‍ കളത്തിലിറങ്ങിയത്. ജൂണ്‍ 25ന് പുലര്‍ച്ചെ 3.30ന് സ്‌കോട്ടലന്‍ഡിനെതിരേയാണ് ബ്രസീലിന്റെ അവസാന ഗ്രൂപ്പ് മല്‍സരം. 1974ന് ശേഷം ആദ്യമായാണ് ഹെയ്തി ലോകകപ്പ് കളിക്കാനെത്തുന്നത്. മല്‍സരത്തിന്റെ 40ാം മിനിറ്റില്‍ കാലിന് പരിക്കേറ്റ് ബ്രസീലിയന്‍ മുന്നേറ്റ താരം റാഫീഞ്ഞയ്ക്ക് കളം വിടേണ്ടി വന്നത് വന്‍ വിജയത്തിനിടയിലും ടീമിന് വലിയ ആശങ്ക സൃഷ്ടിക്കുന്നുണ്ട്. കാര്‍ലോ ആന്‍സലോട്ടിയുടെ ടീമിലെ നിര്‍ണായക താരമാണ് 29കാരനായ എഫ്‌സി ബാഴ്സലോണ വിങറായ റാഫീഞ്ഞ. ബ്രസീലിന്റെ ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ 18ല്‍ 13 മല്‍സരങ്ങളിലും കളിച്ച റാഫീഞ്ഞ, ടീം നേടിയ 24 ഗോളുകളില്‍ അഞ്ചെണ്ണം സ്വന്തമാക്കി മികച്ച പ്രകടനമാണ് പുറത്തെടുത്തിരുന്നത്.
