ചാലിശേരി ഗവ: എൽ .പി സ്കൂൾ അക്ഷര ശതാബ്ദി തിളക്കത്തിൽ സ്കൂൾ മുറ്റം കട്ട വിരിച്ച് മനോഹരമാക്കി
നൂറാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ഒരു വർഷം നീണ്ടുനിൽക്കുന്ന വികസന പ്രവർത്തനങ്ങളുമായി ചാലിശ്ശേരി ഗവ. എൽ.പി സ്കൂൾ മുന്നേറുന്നു.
ശതാബ്ദി ആഘോഷത്തിൻ്റെ ഭാഗമായി ജനകീയ പങ്കാളിത്തത്തോടെ സ്കൂളിലെ മുറ്റം കട്ടവിരിക്കൽ പൂർത്തിയായി ഒരു സ്കൂളിന്റെ മുറ്റം വെറും നടപ്പാതയല്ല, കുഞ്ഞുകാലുകളുടെ സ്വപ്നങ്ങൾ വിരിയുന്ന ഇടമാണ്. ആ സ്വപ്നങ്ങൾക്ക് കൂടുതൽ സുരക്ഷയും സൗകര്യവും ഒരുക്കുകയാണ് നൂറാം വാർഷികത്തിന്റെ നിറവിൽ ചാലിശ്ശേരി ഗവ. എൽ.പി സ്കൂൾ.
ജനകീയ പങ്കാളിത്തത്തോടെ സ്കൂളിൽ നടത്തിയ മുറ്റം കട്ടവിരിക്കൽ പ്രവർത്തനങ്ങൾ പൂർത്തിയായതോടെ കുട്ടികൾക്ക് ഇനി മഴക്കാലത്തും ചെളിയും വെള്ളക്കെട്ടും ഭയക്കാതെ സ്കൂൾ മുറ്റത്ത് പാറി നടക്കാം.
മെയ് 16ന് ആരംഭിച്ച പ്രവർത്തനങ്ങളാണ് സ്കൂൾ തുറക്കുന്നതിന് മുമ്പായി അതിവേഗം പൂർത്തിയാക്കിയത്.
ഗ്രാമവാസികൾ, വ്യാപാരികൾ, പൂർവ്വ വിദ്യാർത്ഥികൾ, അധ്യാപകർ തുടങ്ങി നാടിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കൈത്താങ്ങുകളാണ് വികസന പ്രവർത്തനങ്ങൾക്ക് കരുത്തായത്.
അപകടാവസ്ഥയിലായിരുന്ന പഴയ ഓഡിറ്റോറിയം മാറ്റി ഏകദേശം 3000 ചതുരശ്ര അടി വിസ്തൃതിയിലുള്ള സ്ഥലത്താണ് കട്ടവിരിക്കൽ നടത്തിയത്.
470ഓളം വിദ്യാർത്ഥികൾ പഠിക്കുന്ന ഈ വിദ്യാലയം പഠന-പാഠ്യേതര രംഗങ്ങളിൽ മികവ് തെളിയിച്ചുവരുന്ന സ്ഥാപനമാണ്.
കുട്ടികൾക്ക് കൂടുതൽ മികച്ച പഠനാന്തരീക്ഷം ഒരുക്കുന്നതിനായി കുടിവെള്ള ശുദ്ധീകരണ പ്ലാന്റ്, സിസിടിവി സംവിധാനം, സൗണ്ട് സിസ്റ്റം, പുതിയ ഓഡിറ്റോറിയം, കുട്ടികൾക്കായുള്ള പാർക്ക്, ശീതീകരിച്ച ക്ലാസ് മുറികൾ തുടങ്ങിയ വികസന പദ്ധതികളും ലക്ഷ്യമിടുന്നുണ്ടെന്ന് ഭാരവാഹികൾ അറിയിച്ചു.
ഹെഡ്മാസ്റ്റർ ഇ. ബാലകൃഷ്ണൻ, പി.ടി.എ പ്രസിഡന്റ് വി.എസ്. ശിവാസ്, വൈസ് പ്രസിഡന്റ് അനീഷ് തോലത്ത്, കെ.കെ. മുരളി, ഷറഫൂ, മുത്തു എന്നിവരുടെ നേതൃത്വത്തിലുള്ള സമിതിയാണ് വികസന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്
