പ്രവീണിന്റെ വിയോഗത്തിൽ പൂരാഘോഷം ഒഴിവാക്കി ഒരുനാട്
മുണ്ടത്തിക്കോട് ദുരന്തത്തിൽ ജീവൻപൊലിഞ്ഞ പട്ടാമ്പി സ്വദേശി അപ്പു എന്ന പ്രവീണിന്റെ വേർപാടിൽ പൂരാഘോഷം ഒഴിവാക്കി പാറപ്പുറം കമ്മിറ്റി. പട്ടാമ്പി-മുതുതല മുത്തശ്ശിയാർക്കാവ് താലപ്പൊലിയിൽ, പ്രവീണിന്റെ തട്ടകമായ പാറപ്പുറം ദേശമാണ് ഇങ്ങെനെയൊരു തീരുമാനമെടുത്തത്. നാട്ടുകാർക്ക് പ്രിയപ്പെട്ടവനായിരുന്ന പ്രവീണിന്റെ അപ്രതീക്ഷിതവിയോഗം ഒരുദേശത്തിനെയാകെ കണ്ണീരിലാഴ്ത്തി.
സൗഹൃദങ്ങൾ ഏറെ കാത്തുസൂക്ഷിച്ചിരുന്ന പ്രവീൺ, വീട്ടുകാരും കൂട്ടുകാരുമൊത്ത് വിഷു ആഘോഷം കഴിഞ്ഞ് വീട്ടിൽ നിന്ന് വെടിക്കെട്ട് ജോലിക്കായി ഇറങ്ങിയതാണ്. "കാവിലെ താലപ്പൊലിയുടെ തലേന്ന് ഞാനെത്തും, പൂരം നമുക്ക് പൊളിക്കണം" എന്നും പറഞ്ഞിറങ്ങിയ പ്രവീണിന്റെ ചേതനയറ്റ ശരീരമാണ് പിന്നീട് വീട്ടിലെത്തിയത്.
വെടിക്കെട്ടിനോടുള്ള അടങ്ങാത്ത താൽപ്പര്യംകൊണ്ടാണ് പ്രവീൺ കരിമരുന്നു നിർമ്മാണ മേഖലയിലെത്തിച്ചേരുന്നത്. മുണ്ടത്തിക്കോട് വെടിക്കെട്ട് ശാലയിലെ അപകടത്തിൽ മാരകമായി പൊള്ളലേറ്റതിനെ തുടർന്ന് തൃശൂർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരുന്നെങ്കിലും പിന്നീട് മരണപ്പെട്ടു.
അമ്മയും ഭാര്യയും മൂന്നാംക്ലാസ്സിൽ പഠിക്കുന്ന കുഞ്ഞും ഉൾപ്പെടുന്നതാണ് പ്രവീണിന്റെ കുടുംബം. ജീവൻ വെടിയുമ്പോൾ പ്രായം 45 മാത്രം.! പൂരാഘോഷം ഒഴിവാക്കിയ സാഹചര്യത്തിൽ, പരിപാടികൾക്കായി സമാഹരിച്ച തുകയിൽ നിന്ന് ഒരുവിഹിതം പ്രവീണിന്റെ കുടുംബത്തിന് നൽകാനാണ് പാറപ്പുറം കമ്മിറ്റിയുടെ തീരുമാനം.
