സഹജീവികൾക്ക് ദാഹജലം; കുട്ടികൾക്കായുള്ള മെംബറുടെ മത്സരം ശ്രദ്ധേയമാവുന്നു



കൂറ്റനാട്: ചുട്ടു പൊള്ളുന്ന കടുത്ത വേനലിൽ ദാഹിച്ചു വലയുന്ന സഹജീവികൾക്ക് കുടിനീർ ഒരുക്കാനായി വാർഡ് മെംബർ നടത്തുന്ന വേറിട്ട മത്സരം ശ്രദ്ധേയമാവുന്നു. നാഗലശ്ശേരി ഗ്രാമപഞ്ചായത്ത് പതിനൊന്നാം വാർഡ് പെരിങ്ങോട് വാളാറാംകുന്ന് മെംബർ അഡ്വ. ഫർഹത്ത് സി.പിയാണ് വാർഡിലെ പതിനേഴ് വയസ്സ് വരെയുള്ള കുട്ടികൾക്കായി 'സഹജീവികൾക്ക് കുടിനീർ ഒരുക്കൽ' മത്സരം സംഘടിപ്പിക്കുന്നത്.


ഓരോ വീടിന് സമീപവും സഹജീവികളായ മിണ്ടാപ്രാണികൾക്കായി വീട്ടുകാരുടെ സഹായത്തോടെ കുടിനീർ ഒരുക്കുകയും പക്ഷികളും മറ്റും ദാഹമകറ്റുന്ന പടമെടുത്ത് മെംബർക്ക് അയക്കുകയും ചെയ്യണം. തെരഞ്ഞെടുക്കപ്പെടുന്ന പത്ത് പേർക്ക് സമ്മാനം നൽകും. മെംബറുടെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിലും വാട്സ്ആപ്പ് ഗ്രൂപ്പുകളിലും ഇവ പേര്സഹിതം ഷെയർ ചെയ്യും.


കടുത്ത വേനൽ ചൂടിൽ മനുഷ്യരെ പോലെ ചുറ്റുമുള്ള സഹജീവികളും ദുരിതം അനുഭവിക്കുമ്പോൾ നമുക്ക് ചെയ്യാവുന്ന ചെറിയ കരുതൽ അവക്ക് വലിയ ആശ്വാസം പകരുന്നതോടൊപ്പം ഈ വേനലവധിയിൽ ഓരോ വീട്ടിലും കുട്ടികൾക്ക് പകർന്നു നൽകാവുന്ന പ്രായോഗിക ഗൃഹപാഠമാണിതെന്നും കുട്ടികളിൽ സാമൂഹിക, പാരിസ്ഥിതിക അവബോധം സൃഷ്ടിക്കാൻ ഇത്തരം പ്രവർത്തനങ്ങൾ കാരണമാകുമെന്നും പട്ടാമ്പി കോടതിയിൽ അഭിഭാഷക കൂടിയായ വാർഡ് മെംബർ അഡ്വ. ഫർഹത്ത് സി.പി പറഞ്ഞു.


ഇത്തവണത്തെ എസ്എസ്എൽസി പരീക്ഷക്ക് തയ്യാറെടുക്കുന്ന പ്രദേശത്തെ വിദ്യാർഥികൾക്ക് സഹായകരമായ മോട്ടിവേഷൻ പരിപാടി ഇവരുടെ നേതൃത്വത്തിൽ നടത്തിയിരുന്നു. തുടർന്നും വിദ്യാർത്ഥികളുൾപ്പെടെയുള്ളവർക്കായി വ്യത്യസ്ത പരിപാടികൾ നടത്തുമെന്നും ഇവർ പറഞ്ഞു. ചാലിശ്ശേരി പൊലീസ് സ്റ്റേഷൻ്റെ ആഭിമുഖ്യത്തിൽ വിവിധ സ്കൂളുകളിൽ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച സൈബർ ക്രൈം ബോധവത്കരണ ക്യാമ്പുകളിൽ സൈബർ ക്രൈം ബോധവൽക്കരണ ക്ലാസുകൾക്ക് നേതൃത്വം നൽകാറുണ്ട് അഡ്വ. ഫർഹത്ത്.