യൂട്യൂബ് ഷോർട്‍സ് വീഡിയോ ഫീഡ് പൂർണമായി ഓഫ് ചെയ്യാൻ പുതിയ സംവിധാനം
വീഡിയോ ഷെയറിംഗ് പ്ലാറ്റ്ഫോമായ യൂട്യൂബ് ഉപയോക്താക്കളുടെ അനുഭവം കൂടുതൽ വ്യക്തിഗതമാക്കുന്നതിനായി ഒരു പ്രധാനപ്പെട്ട അപ്ഡേറ്റ് അവതരിപ്പിച്ചു. മൊബൈൽ ആപ്പിൽ ഷോർട്‍സ് (Shorts) ഫീഡ് പൂർണമായും ഓഫ് ചെയ്യാൻ സഹായിക്കുന്ന പുതിയ സംവിധാനമാണ് ഇത്. ഇതോടെ, ഷോർട്ട് വീഡിയോകള്‍ അമിതമായി കാണുന്നതിലൂടെ സമയം നഷ്‍ടപ്പെടുന്നു എന്ന ആശങ്കയുള്ളവർക്ക് ഒരു പ്രായോഗിക പരിഹാരം ലഭ്യമാകുന്നു.
യൂട്യൂബ് ഷോര്‍ട്‌സ് ഫീഡ് ഓഫ് ചെയ്യുന്നത് എങ്ങനെ?
പുതിയ അപ്ഡേറ്റിന്‍റെ ഭാഗമായി യൂട്യൂബ് അധികൃതര്‍ ഷോർട്‍സ് ടൈമറിൽ “പൂജ്യം മിനിറ്റ്” എന്നൊരു പുതിയ ഓപ്ഷൻ ചേർത്തിട്ടുണ്ട്. ഇതുവരെ 15 മിനിറ്റ് മുതൽ രണ്ട് മണിക്കൂർ വരെ മാത്രമാണ് സമയം നിശ്ചയിക്കാൻ കഴിയുമായിരുന്നുള്ളൂ. എന്നാൽ ഇപ്പോൾ, സമയം “പൂജ്യം മിനിറ്റ്” ആയി ക്രമീകരിച്ചാൽ, ഷോർട്‍സ് ഫീഡ് പൂർണമായും ഹോംപേജിൽ നിന്ന് അപ്രത്യക്ഷമാകും. ഇതോടെ, നിരന്തരമായ സ്ക്രോൾ അനുഭവം ഒഴിവാക്കാൻ ഉപയോക്താക്കൾക്ക് കഴിയും
ഉപയോക്താക്കൾക്ക് ദിവസേന ഷോർട്‍സ് കാണുന്നതിനുള്ള ഒരു പരിധി നിശ്ചയിക്കാം എന്ന് യൂട്യൂബ് അധികൃതര്‍ വ്യക്തമാക്കുന്നു. ആ പരിധി പിന്നിട്ടാൽ, “നിങ്ങളുടെ ഇന്നത്തെ ഷോർട്‍സ് പരിധി എത്തിയിരിക്കുന്നു” എന്ന സന്ദേശം കാണിക്കും. സമയം പൂജ്യം ആയി ക്രമീകരിച്ചാൽ, ഈ നിയന്ത്രണം ഉടൻ പ്രാബല്യത്തിൽ വരുകയും ഷോർട്‍സ് ഫീഡ് മറഞ്ഞുപോകുകയും ചെയ്യും.
