കേരള മീഡിയ പേഴ്സൺസ് യൂണിയൻ മലപ്പുറം ജില്ലാ സമ്മേളനം സമാപിച്ചു



ചങ്ങരംകുളം: കേരള അസംഘടിത സാമൂഹ്യസുരക്ഷാ പദ്ധതിയിലൂടെ പ്രാദേശിക മാധ്യമ പ്രവര്‍ത്തകര്‍ക്ക് നല്‍കിവരുന്ന ക്ഷേമപദ്ധതിയിലെ ആനുകൂല്യങ്ങള്‍ വര്‍ധിപ്പിക്കണമെന്ന് കേരള മീഡിയ പേഴ്‌സണ്‍സ് യൂണിയന്‍ (KMPU) മലപ്പുറം ജില്ലാ കണ്‍വന്‍ഷന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.


ചങ്ങരംകുളം ഐസര്‍ കോളേജ് കാമ്പസില്‍ നടന്ന ജില്ലാ സമ്മേളനം സംസ്ഥാന ജനറല്‍ സെക്രട്ടറി സുവീഷ് ബാബു ഉദ്ഘാടനം ചെയ്തു.ജില്ലാ വൈസ് പ്രസിഡന്റ് ഹമീദ് കോക്കൂര്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് എ. സി ഗീവര്‍ ചാലിശ്ശേരി മുഖ്യാതിഥിയായി പങ്കെടുത്തു. 


ചടങ്ങില്‍ സംസ്ഥാന സമ്മേളനത്തിന്റെ പോസ്റ്റര്‍ പ്രകാശനവും നടന്നു.ജില്ലാ സെക്രട്ടറി പ്രേമദാസ് പിടാവനൂര്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും, യൂണിയന്‍ സ്ഥാപകന്‍ വി. സെയ്ത് സംഘടനാ റിപ്പോര്‍ട്ടും അവതരിപ്പിച്ചു. 


സംസ്ഥാന കമ്മിറ്റിയംഗം ഷാഫി ചങ്ങരംകുളം, ശ്രീജിത്ത് എരുവപ്ര, ഷാജി എരമംഗലം, റാഷിദ് നെച്ചിക്കല്‍, പ്രഗിലേഷ് ശോഭ, ജീന മണികണ്ഠന്‍, പി.പി. സുനീറ, പി.വി. നൗഷിജ, അസ്‌ന എന്നിവര്‍ സംസാരിച്ചു.കണ്‍വന്‍ഷന്‍ 13 അംഗ ജില്ലാ കമ്മിറ്റിയെ തെരഞ്ഞെടുത്തു.


പുതിയ ഭാരവാഹികൾക്ക് എ.സി.ഗീവർ ചാലിശേരി സത്യപ്രതിജ്ഞ വാചകം ചൊല്ലി കൊടുത്തു. ജീന മണികണ്ഠന്‍ പ്രസിഡന്റായും, പി.പി. സുനീറ സെക്രട്ടറിയായും, പി.വി. നൗഷിജ ട്രഷററായും തിരഞ്ഞെടുക്കപ്പെട്ടു. വൈസ് പ്രസിഡന്റായി ഷാജി എരമംഗലം, ജോയിന്റ് സെക്രട്ടറിയായി ശ്രീജിത്ത് എരുവപ്ര എന്നിവരെ തെരഞ്ഞെടുത്തു. രാധാകൃഷ്ണന്‍ പെരിന്തല്‍മണ്ണ രക്ഷാധികാരിയായി തെരഞ്ഞെടുക്കപ്പെട്ടു.



.