സ്വര്‍ണവില റെക്കോര്‍ഡ് വേഗത്തില്‍ കുതിക്കുന്നു; ഇന്ന് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വില
കേരളത്തില്‍ ഇന്ന് സ്വര്‍ണവില റെക്കോര്‍ഡില്‍. ഗ്രാമിന് 460 രൂപയാണ് ഇന്ന് വര്‍ധിച്ചിരിക്കുന്നത്. ഇന്നലെ നാല് തവണയാണ് സ്വര്‍ണവിലയില്‍ മാറ്റമുണ്ടായത്. രാവിലെയും ഉച്ചയ്ക്കും ഉച്ചയ്ക്ക് ശേഷവുമായി മൂന്ന് തവണ ഉയര്‍ന്ന വില വൈകുന്നേരമായപ്പോള്‍ അല്‍പ്പമൊന്ന് കുറഞ്ഞിരുന്നു. എന്നാല്‍ ഇന്ന് രാവിലെ വന്ന പുതിയ വിവരം അനുസരിച്ച് സ്വര്‍ണത്തിന്റെ വിപണിവില കുത്തനെ ഉയര്‍ന്നിട്ടുണ്ട്. അപ്രതീക്ഷിതമായ മാറ്റങ്ങളാണ് സ്വര്‍ണ വിപണിയില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്. അമേരിക്ക വേനസ്വേലന്‍ പ്രസിഡന്റിനെ തടവിലാക്കിയതും ഇറാനെ ആക്രമിക്കാന്‍ തുനിഞ്ഞതും ഗ്രീന്‍ലാന്‍ഡ് നിയന്ത്രണത്തിലാക്കുമെന്നുളള പ്രഖ്യാപനവുമെല്ലാം നിക്ഷേപകരില്‍ വലിയ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. ഇതോടെ ഓഹരി വിപണിയിലും കറന്‍സിയിലും സ്വര്‍ണവിപണിയിലും വലിയ മാറ്റങ്ങള്‍ ഉണ്ടായി.
ഇന്നത്തെ സ്വര്‍ണവില
കേരളത്തില്‍ ഇന്നത്തെ സ്വര്‍ണവില ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണുളളത്. 22 കാരറ്റ് ഗ്രാമിന് 14,190 രൂപയും പവന് 1,13,520 രൂപയുമാണ് ഇന്നത്തെ വിപണിവില. 460 രൂപയാണ് ഗ്രാമിന് വര്‍ധിച്ചത്. പവന് 3680 രൂപയുടെ വര്‍ധനവും ഉണ്ടായിട്ടുണ്ട്. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 11,670 രൂപയും പവന് 93,280 രൂപയുമാണ് വില . ഇന്നലെ 18 കാരറ്റ് സ്വര്‍ണം ഗ്രാം വില ഉച്ചയ്ക്ക് ശേഷം 11,285 രൂപയും ഗ്രാമിന് 90,280 രൂപയുമായിരുന്നു. ഇന്നലെ നാല് തവണ വര്‍ധിച്ച ശേഷം ഒടുവില്‍ 22 കാരറ്റ് സ്വര്‍ണത്തിന്റെ പവന്‍ വില 1,09,840 രൂപയുമായിരുന്നു. വെള്ളിയുടെ വിലയിലും വലിയ തോതില്‍ വര്‍ധനവ് ഉണ്ടായിട്ടുണ്ട്. ഒരു ഗ്രാമിന് 325 രൂപയും 10 ഗ്രാമിന് 3,250 രൂപയുമാണ് ഇന്നത്തെ വില. നിലവിലെ വിലയില്‍ പണിക്കൂലി ഉള്‍പ്പടെ ഒരു പവന്‍ സ്വര്‍ണം വാങ്ങാന്‍ 1.30 ലക്ഷത്തിന് മുകളില്‍ നല്‍കേണ്ടിവരും.
