ബാങ്കില്‍ നിക്ഷേപമുളളവരാണോ? എന്നാല്‍ തീര്‍ച്ചയായും ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കണം
സമ്പാദ്യത്തിന്റെ 60 ശതമാനവും സേവിംഗ്‌സിനായി മാറ്റിവയ്ക്കുന്നവരാണ് ഇന്ത്യന്‍ കുടുംബങ്ങളിലുളളവര്‍. ബാങ്കുകളിലെ സ്ഥിരനിക്ഷേപങ്ങള്‍ ആളുകള്‍ക്കിടയില്‍ വീണ്ടും ശ്രദ്ധനേടിക്കൊണ്ടിരിക്കുകയാണ്. ഓഹരി വിപണിയിലെ ചാഞ്ചാട്ടവും സ്ഥിരതയില്ലായ്മയും തന്നെയാണ് ബാങ്ക് നിക്ഷേപങ്ങളെ ആശ്രയിക്കാന്‍ ആളുകളെ പ്രേരിപ്പിക്കുന്നത്. മാത്രമല്ല ആശുപത്രി ചെലവ്, വിദ്യാഭ്യാസം, വീട്ടുചിലവുകള്‍ തുടങ്ങി പെട്ടെന്നുളള ആവശ്യങ്ങള്‍ക്ക് പണം പിന്‍വലിക്കാന്‍ എളുപ്പത്തിന് ബാങ്കില്‍ പണം നിക്ഷേപിക്കാനാണ് പലരും ആഗ്രഹിക്കുന്നതും.
ബാങ്കില്‍ പണം നിക്ഷേപിക്കുമ്പോള്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍
കുറഞ്ഞ നിക്ഷേപ കാലയളവ് തെരഞ്ഞെടുക്കാം
പലിശനിരക്കില്‍ ചാഞ്ചാട്ടം നിലനില്‍ക്കുന്നതുകൊണ്ട് ചെറിയ കാലാവധിയിലുള്ള നിക്ഷേപ കാലയളവ് സ്വീകരിക്കണം. ഒന്ന് മുതല്‍ മൂന്ന് വര്‍ഷം വരെയുള്ള കാലയളവാണ് ഏറ്റവും അനുയോജ്യമായുള്ളത്. അതിന് കാരണമുണ്ട്. മിക്ക ബാങ്കുകളിലും ഉയര്‍ന്ന പലിശ ഈ കാലയളവിലേക്കാണ് നല്‍കുന്നത്. 5 ലക്ഷം രൂപ വരെ ഒന്ന് മുതല്‍ മൂന്ന് വര്‍ഷത്തേക്കുള്ള കാലയളവില്‍ ഇടാവുന്നതാണ്. അഞ്ച് ലക്ഷം രൂപവരെയുള്ള നിക്ഷേപത്തിനാണ് ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കുന്നത്.
ബാങ്കുകള്‍ തിരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കണം
ഏത് ബാങ്കിലാണ് പണം നിക്ഷേപിക്കുന്നത് എന്നത് വളരെ ശ്രദ്ധയോടെ ചെയ്യേണ്ട കാര്യമാണ്. ഉയര്‍ന്ന പലിശ വാഗ്ദാനം ചെയ്യുന്ന ബാങ്കില്‍ പണം നിക്ഷേപിക്കുമ്പോള്‍ ശ്രദ്ധിക്കണം. പണം നിക്ഷേപിക്കും മുന്‍പ് ബാങ്കിന്റെ സാമ്പത്തിക അടിത്തറയെക്കുറിച്ച് അറിഞ്ഞിരിക്കണം.
ഒരിടത്തുതന്നെ പണം മുഴുവന്‍ നിക്ഷേപിക്കരുത്
ഒരു ബാങ്കില്‍ 5 ലക്ഷം രൂപയില്‍ കൂടുതല്‍ സ്ഥിരനിക്ഷേപം നടത്താതിരിക്കുന്നതാണ് അഭികാമ്യം. നിങ്ങളുടെ സമ്പാദ്യത്തിന്റെ പകുതി വലിയ ബാങ്കുകളിലും 30 ശതമാനം ഇടത്തരം ബാങ്കുകളിലും 20 ശതമാനം ചെറിയ ബാങ്കുകളിലും നിക്ഷേപിക്കാം. ഇങ്ങനെ ചെയ്യുന്നത് ഒരിക്കലും നഷ്ടം ഉണ്ടാക്കില്ല. പരമാവധി ഉയര്‍ന്ന പലിശ നേടാന്‍ സഹായിക്കുകയും ചെയ്യും.
