ചാലിശ്ശേരി നവയുഗപൂരാഘോഷ കമ്മിറ്റിയുടെ തിരുവോണ സമ്മാനം
ഉത്സവത്തിൽ ആനയുടെ ഏക്കതുകയിൽ പുനർനിർമ്മിച്ച കരുണാമന്ദിരം (താക്കോൽ കൈമാറ്റം രാവിലെ ഒമ്പതിന് )
ആനയുടെ ഏക്കതുക അഞ്ചുലക്ഷം രൂപ പാവപ്പെട്ട കുടുംബത്തിൻ്റെ വീട് നിർമ്മാണത്തിനായി മാറ്റി മാതൃകയായ നവയുഗ കമ്മിറ്റി, പുനർനിർമ്മിച്ച വീടിന്റെ താക്കോൽ വെള്ളിയാഴ്ച രാവിലെ കൈമാറുന്നു
ചാലിശ്ശേരി മുലയംപറമ്പത്ത്കാവ് പൂരാഘോഷത്തിനായി ഈ വർഷം ആനയെ ഏൽപ്പിച്ചിരുന്ന ഏക്കതുക 5,03,000 രൂപ നിർധന കുടുംബത്തിനായി വീട് പണിയാൻ മാറ്റിവെച്ചത്. ആലിക്കര വേങ്ങാട്ടുപറമ്പിൽ കൂലിപ്പണിയിലൂടെ കുടുംബം പോറ്റിയിരുന്ന അജിതൻ (45) കഴിഞ്ഞ വർഷം ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചിരുന്നു. രണ്ട് മാസം പിന്നിട്ട് സെപ്റ്റംബറിൽ, കുടുംബത്തിന്റെ മൂത്തമകനും കുന്നംകുളം ബോയ്സ് സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിയുമായ അതുൽകൃഷ്ണ (15) വാഹനാപകടത്തിൽ മരിച്ചതോടെ കുടുംബം പൂർണമായും തകർന്നുപോയി.
അച്ഛനെയും മകനെയും നഷ്ടപ്പെട്ട കുടുംബത്തിന് പ്രതീക്ഷയുടെ ഹൃദയതണലാകാൻ, 40 അംഗങ്ങളുള്ള നവയുഗ കമ്മിറ്റി പൂരാഘോഷത്തിന്റെ രീതി മാറ്റുകയായിരുന്നു.
ആന ചിറക്കൽ കാളിദാസിനെ 5,03,000 രൂപയ്ക്ക് ഏൽപ്പിച്ചിരുന്നെങ്കിലും, വീടുപണി പൂർത്തിയാക്കാനായി ആനയെ ഒഴിവാക്കി തുക ഉപയോഗിക്കാൻ തീരുമാനിച്ചു. ഇതിനകം നൽകിയിരുന്ന 20,000 രൂപ അഡ്വാൻസ് ആവശ്യകത പറഞ്ഞപ്പോൾ ഉടമ തന്നെ തിരികെ നൽകി. കൂടാതെ കുന്നംകുളം ഷെയർ ആൻഡ് കെയർ സൊസൈറ്റി വീടുപണിക്കായി ഒരു ലക്ഷം രൂപയും മറ്റുസുമനസ്സുകളും കൈതാങ്ങ് നൽകി.
700 ചതുരശ്രടി വീടിൻ്റെ ടൈൽ, തേപ്പ്, ജനൽ, വാതിൽ, ശുചിമുറി, പെയിന്റിംഗ്, ഇലക്ട്രിക്കൽ, പമ്പിങ് തുടങ്ങി എല്ലാ സൗകര്യങ്ങളുമൊത്ത് മനോഹരമായി പണികഴിപ്പിച്ചാണ് കുടുംബത്തിന് നവയുഗ കൂട്ടായ്മ വെള്ളിയാഴ്ച രാവിലെ ഒമ്പതിന് ലളിതമായ ചടങ്ങിൽ താക്കോൽ കൈമാറും
