ഗുരുവായൂർ ക്ഷേത്ര പരിസരത്തെ പ്രമുഖ ഹോട്ടലുടമയിൽ നിന്ന് കൈക്കൂലി വാങ്ങിയ അസി. ലേബർ ഓഫിസർ അറസ്റ്റിൽ
ഗുരുവായൂർ ക്ഷേത്ര പരിസരത്തെ പ്രമുഖ ഹോട്ടലുടമയിൽ നിന്ന് കൈക്കൂലി വാങ്ങിയ അസി. ലേബർ ഓഫിസർ അറസ്റ്റിൽ. ചാവക്കാട് അസി. ജയപ്രകാശിനെയാണ് വിജിലൻസ് അറസ്റ്റ് ചെയ്ത്. ഹോട്ടലിൽ താത്ക്കാലിക ജോലിക്കാർ കൂടുതലായതിന് നടപടിയെടുക്കാതിരിക്കാൻ എന്ന പേരിലാണ് ഇയാൾ കൈക്കൂലി ആവശ്യപ്പെട്ടതെന്ന് പരാതിക്കാരൻ പറഞ്ഞു. 10,000 രൂപ കൈക്കൂലി നൽകണമെന്ന് ആവശ്യപ്പെടുകയും ആദ്യപടിയായി 5000 രൂപ നിർബന്ധിച്ച് വാങ്ങുകയും ചെയ്തു.
ഇതിനിടെ ജയപ്രകാശിനെ ചാവക്കാട് നിന്ന് കാക്കനാട് ലേബർ ഓഫീസിലേക്ക് മാറ്റിയിരുന്നു. എന്നാൽ ഈ വിവരം മാനേജരിൽ നിന്നും മറച്ചുവെച്ച് ബാക്കി തുകയായ 5000 ഗൂഗിൾ പേ ചെയ്യാൻ ആവശ്യപ്പെട്ടു. ഇതു സാധിക്കില്ലെന്ന് അറിയിച്ചപ്പോൾ നേരിട്ട് വന്ന് പണം വാങ്ങിക്കൊള്ളാമെന്ന് അറിയിച്ചു. ഇക്കാര്യം ഹോട്ടൽ മാനേജർ വിജിലൻസിനെ അറിയിക്കുകയും ചൊവ്വാഴ്ച ഉച്ചയോടെ പണം വാങ്ങാൻ ഹോട്ടലിലെത്തിയ ജയപ്രകാശിനെ കാത്തുനിന്ന് വിജിലൻസ് സംഘം പിടികൂടുകയുമായിരുന്നു.
