കെ.എസ്.ആര്‍.ടി.സി ബസും ലോറിയും കൂട്ടിയിടിച്ച് വിദ്യാർത്ഥിനി മരിച്ചു
മണ്ണാർക്കാട് കോട്ടോപ്പാടം മേലെ അരിയൂർ ചെറുവള്ളൂർ വാരിയം ഹരിദാസ് വാരിയരുടെ മകൾ ശ്രീനന്ദ (21) ആണ് മരിച്ചത്. മണ്ണാർക്കാട് യുണിവേഴ്സൽ കോളേജിലെ ബി.സി.എ അവസാന വർഷ വിദാർഥിനിയാണ്. പ്രൊജക്ട് ആവശ്യാർഥം കോഴിക്കോട് പോയി തിരിച്ചുവരുന്നതിനിടെയാണ് അപകടമുണ്ടായത്. അപകടത്തിൽ പത്തു പേര്‍ക്ക് പരിക്കേറ്റു. രണ്ടു പേരുടെ നില ഗുരുതരമാണ്. ഇന്ന് (ശനി) വൈകിട്ട് അഞ്ചരയോടെ പെരിന്തൽമണ്ണ തിരൂര്‍ക്കാട് വെച്ചാണ് അപകടം. ബസിലുണ്ടായിരുന്ന യാത്രക്കാര്‍ക്കാണ് പരിക്കേറ്റത്.
കോഴിക്കോട് നിന്ന് പാലക്കാട്ടേക്ക് പോവുകയായിരുന്ന കെ.എസ്.ആര്‍.ടി.സി ബസും എതിരെ വരുകയായിരുന്ന ലോറിയും കൂട്ടിയിടിച്ചാണ് അപകടം. ഇടിയുടെ ആഘാതത്തിൽ ബസിന്‍റെ ഒരു വശം പൂര്‍ണമായും തകര്‍ന്നു. ലോറി റോഡരികിലേക്ക് മറിഞ്ഞു.
ബസിന്‍റെ ഒരു വശത്തായി ഇരുന്ന പത്തോളം പേർക്കാണ് പരിക്കേറ്റത്. ഓടിക്കൂടിയ നാട്ടുകാരാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. പരിക്കേറ്റവർ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
