കൃഷി സമൃദ്ധിയെന്നത് ആരോഗ്യ സമൃദ്ധിയും ജീവിതചര്യയുമെന്ന് മന്ത്രി പി.പ്രസാദ്.



എല്ലാ ദിവസവും നമുക്കാവശ്യം നാടിനെ തീറ്റിപ്പോറ്റുന്ന കർഷകനെയാണെന്ന

തിരിച്ചറിവ് ഉണ്ടാവണമെന്ന് കൃഷി മന്ത്രി പി.പ്രസാദ് പ്രസ്ഥാവിച്ചു. തൃത്താലയിൽ കൃഷി സമൃദ്ധി പദ്ധതിയുടെ സംസ്ഥാന തല ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. നമുക്കാവശ്യമുള്ള ഭക്ഷണത്തിൻ്റെ 95 ശതമാനവും ലഭിക്കുന്നത് കൃഷിയിൽ നിന്നാണ്. 

പതിനായിരം വർഷം മുമ്പ് ലോക ജനസംഖ്യ അമ്പതിനായിരമായിരുന്നുവെങ്കിൽ 2050 ൽ എത്തുമ്പോൾ അത് ആയിരം കോടിയായി ഉയരും. ഇവർക്ക് ഭക്ഷണം കണ്ടെത്താൻ 80 ശതമാനം അധിക ഉല്പാദനം വേണ്ടി വരും. ആ സാഹചര്യം നേരിടാൻ കർഷകക്കൂട്ടങ്ങൾ രൂപീകരിച്ച് മുന്നേറണമെന്ന് മന്ത്രി പറഞ്ഞു. 


കേരളത്തിൻ്റെ വിശപ്പകറ്റാൻ 40 ലക്ഷം ടൺ അരി വേണം.

അരി ആഹാരം കുറയ്ക്കുന്ന സംസ്ഥാനമെന്ന നിലയിൽ 29 ലക്ഷം ടൺ മതിയാവും. എന്നാൽ 6-7 ലക്ഷം ടൺ മാത്രമാണ് ഉല്പാദനം. 

ഐ.സി.എം.ആർ റിപ്പോർട്ട് പ്രകാരം 56 ശതമാനം രോഗങ്ങളും ഭക്ഷണത്തിൽ നിന്നാണ് ഉണ്ടാവുന്നത്. നാവിൻ്റെ രുചി മാത്രം കണക്കിലെടുത്താൽ ആരോഗ്യം നിലനിർത്താൻ കഴിയില്ലെന്ന് തിരിച്ചറിയണം.

പുതിയ ഉണ്ണാമന്മാരായി മലയാളി മാറരുതെന്നും തരിശു നിലങ്ങൾ തളിരണിയിച്ച് കൃഷിസമൃദ്ധിയും ആരോഗ്യ സമൃദ്ധിയും കൈവരിക്കണമെന്നും മന്ത്രി പറഞ്ഞു.


ചടങ്ങിൽ മന്ത്രി എം.ബി രാജേഷ് അധ്യക്ഷത വഹിച്ചു. കേരളത്തിലെ കാർഷിക മുന്നേറ്റം ദേശീയ തലത്തിൽ ശ്രദ്ധിക്കപ്പെടുന്നുണ്ടെന്നും പാർലിമെൻ്റിൽ അവതരിപ്പിച്ച സാമ്പത്തിക സർവ്വെ റിപ്പോർട്ടിലെ പ്രശംസ അതിന് തെളിവാണെന്നും മന്ത്രി പറഞ്ഞു. പാലക്കാട് ജില്ലയിൽ 11 പഞ്ചായത്തുകളെയാണ് കൃഷി സമൃദ്ധി പദ്ധതിയിലേക്ക് തെരഞ്ഞെടുത്തത്.  തൃത്താല മണ്ഡലത്തിൽ തൃത്താല ഗ്രാമപഞ്ചായത്തിലാണ് പദ്ധതി നടപ്പാക്കുന്നതെന്നും മന്ത്രി പറഞ്ഞു. 

പി.മമ്മിക്കുട്ടി എം.എൽ.എ, തൃത്താല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.വി.പി റജീന, ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടുമാരായ പി.കെ ജയ, കെ.മുഹമ്മദ്, ഷറഫുദ്ദീൻ കളത്തിൽ, പി.ബാലൻ, ടി.സുഹ്റ, ജില്ലാ പഞ്ചായത്ത് അംഗം ഷാനിബ ടീച്ചർ, മറ്റു തദ്ദേശ സാരഥികളായ എ.കൃഷ്ണകുമാർ, കുബ്റ ഷാജഹാൻ, കെ.പി ശ്രീനിവാസൻ, പി.വി മുഹമ്മദാലി, വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കൾ, പാടശേഖര സമിതി ഭാരവാഹികൾ, കൃഷി വകുപ്പുദ്യോഗസ്ഥർ തുടങ്ങിയവർ സംസാരിച്ചു.

കർഷകരായ രാമചന്ദ്രൻ ചുണ്ടയിൽ,ദേവദാസ് കമലാലയത്തിൽ,കർഷക തൊഴിലാളികളായ പരിയാണി തടത്തിൽ,ഉഷ ഇടപ്പലം എന്നിവരെ ആദരിച്ചു.