പട്ടാമ്പി മണ്ഡലം സമ്പൂർണ്ണ സ്മാർട്ട് വില്ലേജ് മണ്ഡലമാകുന്നു.



പട്ടാമ്പി മണ്ഡലം സമ്പൂർണ്ണ സ്മാർട്ട് വില്ലേജ് മണ്ഡലമാകുന്നത്തിന്റെ ഭാഗമായി ഓങ്ങല്ലൂർ - 1 വില്ലേജ് ഓഫിസിനേയും സ്മാർട്ട് വില്ലേജ് ഓഫീസാക്കി മാറ്റുന്നതിനായി തിരഞെടുത്തുവെന്നു മുഹമ്മദ് മുഹസിൻ എം.എൽ.എ അറിയിച്ചു. റെവന്യൂ മന്ത്രി കെ രാജനോട് അവശ്യപ്പെട്ട പ്രകാരം 45 ലക്ഷം രുപയാണ് വില്ലേജ് നവീകരണത്തിനായി ഇപ്പോൾ അനുവദിച്ചിട്ടുള്ളത്. 


പൊട്ടി പൊളിഞ്ഞും, ചോർന്നും യാതൊരു വിധ സൗകര്യങ്ങളും ഇല്ലാതിരുന്ന വിലേജ് ഓഫീസുകളാണ് പട്ടാമ്പിയില്‍ ഉണ്ടായിരുന്നത്.  മുഹസിൻ എം എൽ എയുടെ ഈ കാലയളവിൽ സ്മാർട്ട്  ഓഫീസുകളായത് ഏഴ് വില്ലേജ് ഓഫീസുകളാണ്. നിലവിൽ ഒൻപത് വില്ലേജ് ഓഫീസുകൾ ആണ് മണ്ഡലത്തിലുള്ളത്. 


മുഹസിൻ എം.എൽ.എ യായി തിരഞ്ഞെടുത്ത ആദ്യ വർഷം തന്നെ തന്റെ ആസ്തിവികസന ഫണ്ടിൽ നിന്നും 99ലക്ഷം രൂപ അനുവദിച്ചു കൊണ്ട് കൊപ്പം വില്ലേജ് ഓഫീസിനെ ആധുനിക വത്ക്കരിച്ചിരുന്നു. കൂടാതെ ഓങ്ങല്ലൂർ 2, മുതുതല,കൊപ്പം, വിളയൂർ, കുലുക്കല്ലൂർ, തിരുവേഗപ്പുറ, തുടങ്ങിയ വില്ലേജുകൾ പൂർണമായി നവീകരിക്കുകയും സ്മാർട്ട് വില്ലേജുകളാക്കിമാറ്റിയിരുന്നു. വല്ലപ്പുഴ വില്ലേജ് ഓഫീസ് ആവശ്യമായ നവീകരണം നടത്തി സജ്ജീകരണങ്ങളൊരുക്കി.  


പട്ടാമ്പി വില്ലേജ് ഓഫീസ് മാത്രമാണ് ഇനി ബാക്കിയുള്ളത്. റവന്യൂ ടവർ യാഥാർത്ഥ്യമാവുന്നതോടെ ഈ പ്രശ്നവും പരിഹരിക്കപ്പെടുമെന്നു മുഹസിൻ എം.എൽ.എ. പറഞ്ഞു. പൊതുജനങ്ങൾ ഏറ്റവും അധികമായി ബന്ധപ്പെടുന്നതും, ഏറെ ആശ്രയിക്കുന്നതുമായ സർക്കാർ സംവിധാനമാണ് വില്ലേജ് ഓഫീസുകൾ. മണ്ഡലത്തിലെ വിലേജ് ഓഫീസുകൾ മെച്ചപ്പെട്ട രീതിയിൽ നവീകരിക്കാനായതിൽ ഏറെ സന്തോഷമുണ്ടെന്നും ഇത് സാധ്യമാക്കിയ മുൻ റവന്യൂ മന്ത്രി ചന്ദ്രശേഖരൻ അവർകൾക്കും , ഇപ്പോഴത്തെ മന്ത്രി ശ്രീ. കെ. രാജനും പട്ടാമ്പിയുടെ നന്ദി അറിയിക്കുകയാണെന്നും എം.എൽ എ പറഞ്ഞു.


 കൂടാതെ ഓഫീസുകൾ സ്മാർട്ട് ആകുന്നതിന് അനുസരിച്ച് ഉദ്യോഗസ്ഥരും സ്മാർട്ട് ആവുകയും ജനങ്ങൾക്ക് വേഗത്തിൽ സേവനം എത്തിക്കുകയും ചെയ്യണമെന്നും എന്നാൽ മാത്രമേ സ്മാർട്ട് വില്ലേജുകൾ യഥാർത്ഥ ലക്ഷ്യത്തിലെത്തുകയുള്ളൂ എന്നും എംഎൽഎ ഓർമ്മപ്പെടുത്തി.