മകരവിളക്ക്; സ്പോട്ട് ബുക്കിങ്ങിലടക്കം നിയന്ത്രണം വേണമെന്ന് ഹൈക്കോടതി
January 08, 2025
മകരവിളക്കിനോടനുബന്ധിച്ച് സന്നിധാനത്ത് തിരക്ക് വർധിച്ച സാഹചര്യത്തിൽ ജനുവരി 12ന് മുമ്പുതന്നെ സ്പോട്ട് ബുക്കിങ്ങിലടക്കം നിയന്ത്രണം ഏർപ്പെടുത്തുന്നത് പരിഗണിക്കണമെന്ന് ഹൈക്കോടതി. നിയന്ത്രണം നടപ്പാക്കുന്നത് സംബന്ധിച്ച് കൂടിയാലോചിച്ച് തീരുമാനമെടുക്കാൻ ജസ്റ്റിസ് അനിൽ കെ.നരേന്ദ്രൻ, ജസ്റ്റിസ് എസ്. മുരളി കൃഷ്ണ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് നിർദേശിച്ചു.
പമ്പയിലെ സ്പോട്ട് ബുക്കിങ് നിലക്കലിലേക്ക് മാറ്റേണ്ടതുണ്ടെന്നും കോടതി നേരത്തെ അറിയിച്ചിരുന്നു.ശബരിമലയിൽ എത്തുന്നവരിൽ പലരും മകരവിളക്കിന് തൊഴുത് മടങ്ങാൻ വേണ്ടി അവിടെ തങ്ങുന്നതാണ് പ്രശ്നമാകുന്നതെന്ന് കോടതി കണ്ടെത്തി. വെർച്വൽ ക്യൂ, സ്പോട്ട് ബുക്കിങ് വഴി ഓരോ ദിവസവും എത്തുന്നതിനെക്കാൾ അധികം ഭക്തജനത്തിരക്കാണ് സന്നിധാനത്തുള്ളതെന്ന് കോടതി പറഞ്ഞു.
