ഉജ്ജ്വല ബാല്യ' പുരസ്കാരം നൈനാ ഫെബിന്



പട്ടാമ്പി കുട്ടികൾക്കായി കേരള സംസ്ഥാന സർക്കാറിന്റെ വനിത ശിശു വികസന വകുപ്പ് ഏർപ്പെടുത്തിയ ഉജ്ജ്വല ബാല്യം 2020 ലെ പുരസ്ക്കാരം മുളയുടെ തോഴി നൈനാഫെബിന് ലഭിച്ചു. കല, സാഹിത്യം, പരിസ്ഥിതി സംരക്ഷണം, സാമൂഹികം, ശാസ്ത്രം തുടങ്ങി വിവിധ മേഖലകളിൽ കഴിവു തെളിയിച്ച 6 വയസ്സിനും 18 വയസ്സിനും ഇടയിലുള്ള കുട്ടികൾക്കായി വനിത ശിശു വികസന വകുപ്പ് ഏർപ്പെടുത്തിയ അവാർഡാണ് നൈനയെ തേടിയെത്തിയിരിക്കുന്നത്.  25,000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാർഡ്.



 മുളകളുടെ സംരക്ഷണത്തിനും പ്രചാരണത്തിനുമായി തന്റെ കലകളെ വിവിധ രീതികളിൽ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന നൈനാഫെബിൻ 2019 ലെ സംസ്ഥാന വനം വകുപ്പിന്റെ വനമിത്ര പുരസ്‌ക്കാര ജേതാവ് കൂടിയാണ്. കുട്ടികളുടെ രംഗത്തെ സമഗ്ര സംഭാവനകൾക്കുള്ള ഈ വർഷത്തെ  പി വി കെ കടമ്പേരി അവാർഡും നൈന ഫെബിന് ലഭിച്ചിരുന്നു.കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി EMMRC 2019 ൽ നൈനയുടെ മുള ജീവിതത്തെയും സംഗീതത്തെയും ആസ്പദമാക്കി നിർമിച്ച  Bamboo Ballads എന്ന ഡോക്യൂമെന്ററി ഇതിനോടകം തന്നെ 48 ദേശീയ അന്തർദേശീയ പുരസ്കാരങ്ങളും നേടിയിട്ടുണ്ട്.



നടുവട്ടം ഗവണ്മെന്റ് ജനത ഹയർ സെക്കന്ററി സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിനിയായ  നൈനാഫെബിൻ "മുളസൗഹൃദ ഗ്രാമം - BFV21" എന്ന തന്റെ പുതിയ പ്രൊജക്റ്റ്‌ മായി ഈ കോവിഡ് കാലത്തും പഠനത്തിരക്കുകൾകിടയിലും യാത്ര ചെയ്തു കൊണ്ടിരിക്കുകയാണ്. മുഹമ്മദ് ഹനീഫ, സബിത ടീച്ചർ (പരുതൂർ കുളമുക്ക് എ.എം.എൽ.പി. സ്കൂളിലെ അധ്യാപിക) ദമ്പതികളുടെ മൂത്ത മകളാണ് നൈന. നാസ് സഹോദരനാണ്. ശിശുദിനത്തോടനുബന്ധിച്ച് ആയിരിക്കും പുരസ്കാരവിതരണം.