ചാത്തനൂർ ജി.എൽ.പി. സ്കൂൾ മുറ്റത്ത് കൗതുകമായി ചെണ്ടുമല്ലിത്തോട്ടം



കൂറ്റനാട്: തൃത്താല ഉപജില്ലയിലെ ചാത്തനൂർ ജി.എൽ.പി. സ്കൂൾ മുറ്റത്ത് ഹരിത ക്ലബ്ബ് കുട്ടികൾ ഒരുക്കിയ ചെണ്ടുമല്ലിത്തോട്ടം കൗതുകമായി. കളിസ്ഥലം, കുട്ടികളുടെ പാർക്ക്, വിശ്രമകേന്ദ്രം, ഡിജിറ്റൽ സൗകര്യങ്ങളോടെയുള്ള ശീതീകരിച്ച ക്ലാസ് മുറികൾ, ഓഡിറ്റോറിയം തുടങ്ങി ആധുനിക സൗകര്യങ്ങളുള്ള സ്കൂളിന്റെ തിരുമുറ്റത്താണ് ഹരിത ക്ലബ്ബിലെ വിദ്യാർഥികളും അധ്യാപകരും പി.ടി.എ. പ്രവർത്തകരും ചേർന്ന് കൺകുളിർക്കും ചെണ്ടുമല്ലിത്തോട്ടം ഒരുക്കിയത്.

ആഫ്രിക്കൻ മാരി ഗോൾഡ് ഇനത്തിൽപ്പെട്ട ഓറഞ്ച്, മഞ്ഞ നിറങ്ങളിലുള്ള ചെണ്ടുമല്ലിയുടെ ഇരുനൂറോളം തൈകളാണ് ഹരിത ക്ലബ്ബിന്റെ നേതൃത്വത്തിൽ നട്ടുപിടിപ്പിച്ചത്. ഓണത്തിനുമുമ്പുതന്നെ പൂക്കൾ വിരിഞ്ഞുതുടങ്ങി. സ്കൂളിൽ ഓണപ്പൂക്കളം ഒരുക്കാൻ പൂക്കൾ സഹായകമായതായി അധ്യാപകരായ എൻ.വി. സുമ, വി.പി. മഞ്ജു, കെ. രഞ്ജിനി എന്നിവർ പറഞ്ഞു.

ചെണ്ടുമല്ലിക്ക് പുറമെ വിവിധ ഔഷധസസ്യങ്ങളും വിദ്യാവനം പദ്ധതിയും ഇവിടെ നടപ്പാക്കിയിട്ടുണ്ട്. ചാത്തനൂർ ഗ്രാമീണ വായനശാലയുടെ സഹായത്തോടെ വിവിധതരം പച്ചക്കറികളും സ്കൂൾ തോട്ടത്തിൽ കൃഷി ചെയ്യുന്നുണ്ട്. ഉത്പാദിപ്പിക്കുന്ന പച്ചക്കറികൾ കുട്ടികളുടെ ഉച്ചഭക്ഷണത്തിനായി ഉപയോഗിക്കുന്നു.

ഔഷധസസ്യങ്ങളെക്കുറിച്ച് വിദ്യാർഥികൾക്ക് പഠിക്കുന്നതിനായി അവയുടെ ശാസ്ത്രീയനാമം, ഗുണങ്ങൾ, ഉപയോഗം, ഉത്ഭവം എന്നിവ രേഖപ്പെടുത്തിയ പോസ്റ്ററുകളും പ്രദർശിപ്പിച്ചിട്ടുണ്ട്. നാനൂറോളം വിദ്യാർഥികൾ പഠിക്കുന്ന സ്കൂളിലെ മുഴുവൻ കുട്ടികളെയും ഉൾപ്പെടുത്തിയാണ് ഹരിത ക്ലബ്ബിന്റെ നേതൃത്വത്തിൽ പ്രവർത്തനങ്ങൾ നടത്തുന്നത്.

മാതൃഭൂമി സീഡ് ക്ലബ്ബും ഇവിടെ സജീവമാണ്. പച്ചക്കറി, ഔഷധസസ്യങ്ങൾ, പൂന്തോട്ടം എന്നിവ പരിപാലിക്കുന്ന ഹരിത ക്ലബ്ബിന് പിന്തുണയുമായി പി.ടി.എ, എം. ടി. എ , എസ്. എം. സി , പൂർവ വിദ്യാർഥി കൂട്ടായ്മയായ സ്മൃതിപഥം  പ്രവർത്തകരും  സ്കൂളിലെത്താറുണ്ട്.

പൂക്കൾ നിറഞ്ഞുനിൽക്കുന്ന തോട്ടത്തിലെ കാഴ്ചകൾ കുട്ടികൾക്കും അധ്യാപകർക്കും ഉന്മേഷവും പുതിയൊരു ഊർജവും നൽകുന്നതായി പ്രധാനാധ്യാപിക എം.സി. സുമയ്യ, പ്രസിഡൻ്റ് ഇ.പി ദിലീപ് എന്നിവർ പറഞ്ഞു.

അധ്യാപകരായ സി. അബ്ദുൽ അഹദ്, കെ. പിപ്സി, ഇ.പി. കുമാരി, പാചക തൊഴിലാളിയായ കെ. കാർത്ത്യായനി, വി.പി. ധന്യ, കെ.പി. ശാന്ത, കെ.എസ്. ഷിജി തുടങ്ങിയവരാണ്  പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.