അനുസ്മരണവും ആദരവും നടത്തി
കൂറ്റനാട് :ചാലിശ്ശേരി കവുക്കോട് കുളത്താണി വിഷ്ണുശാസ്ത്ര ക്ഷേത്രം ദേവസ്വം കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊല്ലഴി മങ്ങാട്ട് അരവിന്ദാക്ഷൻ്റെ മൂന്നാം ചരമവാർഷിക അനുസ്മരണവും വിരമിച്ച സബ് ഇൻസ്പെക്ടർ എൻ. ജ്യോതിപ്രകാശിന് ആദരവും സംഘടിപ്പിച്ചു.
കുളത്താണി വിഷ്ണുശാസ്ത്ര ക്ഷേത്ര ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പഞ്ചായത്തംഗം എ. വിജയൻ അനുസ്മരണ പ്രഭാഷണം നടത്തി.
അരവിന്ദാക്ഷൻ എന്ന നാട്ടുകാരുടെ പ്രിയപ്പെട്ട ഉണ്ണിയേട്ടൻ വ്യക്തിജീവിതത്തിലും കുടുംബജീവിതത്തിലും സാമൂഹിക പ്രവർത്തനങ്ങളിലും എങ്ങനെ ഒരു മനുഷ്യൻ മാതൃകയാകണമെന്ന് കാട്ടിത്തന്ന വ്യക്തിത്വമായിരുന്നുവെന്ന് അദ്ദേഹം അനുസ്മരിച്ചു. ഔദ്യോഗിക ജീവിതത്തിൽ ജനങ്ങളുമായി മികച്ച ബന്ധം പുലർത്തുകയും ഏറ്റെടുത്ത കാര്യങ്ങൾ ഭംഗിയായി നിർവഹിക്കുകയും ചെയ്ത അദ്ദേഹം സാംസ്കാരിക രംഗം, പാലിയേറ്റീവ് പ്രവർത്തനങ്ങൾ, പഞ്ചായത്ത്, സ്കൂൾ മേഖലകൾ എന്നിവിടങ്ങളിൽ നൽകിയ സംഭാവനകൾ എന്നും സ്മരിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു
ദേവസ്വം പ്രസിഡന്റ് ശങ്കരൻനായർ അധ്യക്ഷനായി.
വിരമിച്ച സബ് ഇൻസ്പെക്ടർ എൻ. ജ്യോതിപ്രകാശിന് ദേവസ്വം കമ്മിറ്റിയുടെയും വാർഡിന്റെയും ആദരവ് മെമ്പർ എ. വിജയനും , ക്ഷേത്ര ഊരാളൻ പാലക്കാട്ടിരി മന ശങ്കരൻ നമ്പൂതിരിയും ചേർന്ന് പൊന്നാടയും മൊമന്റോയും നൽകി ആദരിച്ചു.
മുൻ പഞ്ചായത്ത് അംഗവും മാധ്യമപ്രവർത്തകനുമായ, പ്രദീപ് ചെറുവാശ്ശേരി , ചന്ദ്രശേഖരൻ കൊല്ലഴി മങ്ങാട്ട് , ടി.കെ. ബാലൻ , പാലക്കാട്ടിരി മന ജയൻ നമ്പൂതിരി , ടി.വി വിനീത് , മുൻ മെമ്പർ നിഷാ അജിത് കുമാർ എന്നിവർ സംസാരിച്ചു.
ആദരവിന് എൻ. ജ്യോതിപ്രകാശ് മറുപടി പ്രസംഗം നടത്തി ടി.എം. നാരായണൻ സ്വാഗതവും , ബാലൻ മാഷ് നന്ദിയും പറഞ്ഞു.
