രാഷ്ട്രപതി മ്യൂസിയത്തിന് അലങ്കാരമായി ഇനി പെരിങ്ങോട്ടുകാരൻ ആർടിസ്റ്റ് ബസന്തിൻ്റെ ചിത്രങ്ങളും
(ബസന്ത് പെരിങ്ങോടിന് രാഷ്ട്രപതിയുടെ ആദരം ) .കൂറ്റനാട്:രാഷ്ട്രപതി ഭവനിലെ മ്യൂസിയത്തിൽ ചുമർചിത്ര ശൈലിയിൽ പഞ്ചതന്ത്രം കഥ തയ്യാറാക്കി രാഷ്ട്രപതിയുടെ അംഗീകാരം നേടിയിരിക്കുകയാണ്പെരിങ്ങോട്ടെ ചിത്ര കലാകാരൻ ബസന്ത് പെരിങ്ങോട്.പഞ്ചതന്ത്ര കഥയിൽ നിന്നെടുത്ത മരം കൊത്തിയുടെയും തവളയുടെയും, പ്രാണിയുടെയും, കുറുമ്പനായ ആനയുടെയും ഐക്യത്തിൻ്റേ സന്ദേശം നൽകുന്ന കഥയാണ് ചുമർ ചിത്ര ശൈലിയിൽ കാൻവാസിലാക്കി അക്രിലിക് വർണ്ണങ്ങളിൽ തീർത്ത തൻ്റെ പുതിയ രചനയിലുള്ളതെന്ന് ബസന്ത് പെരിങ്ങോട് പറഞ്ഞു.
ഒരാഴ്ചക്കാലം രാഷ്ട്രപതി ഭവനിൽ താമസിച്ച് തയ്യാറാക്കിയ തൻ്റെ രചനയെപ്പറ്റി രാഷ്ട്രപതി ദ്രൗപതി മുർമു നേരിൽ വന്ന് ഏറെക്കാര്യങ്ങളാണ് ചോദിച്ചറിഞ്ഞതന്നും, അദ്ദേഹം പറഞ്ഞു.
വരച്ച ചിത്രം ,രാഷ്ട്രപതി ഭവനിലെ മ്യൂസിയത്തിൽ പ്രദർശിപ്പിക്കുന്നത്
തന്നെപ്പോലുള്ള കലാകാരന്മാർക്ക് വലിയ അംഗീകാരമാണെന്നും ബസന്ത് പറഞ്ഞു.രചനയുടെ സൗന്ദര്യം ആസ്വദിക്കാനായി രാഷ്ട്രപതി ഏറെ സമയം കണ്ടെത്തിയതും കലാകാരന്മാർക്ക് വലിയ പ്രോത്സാഹനമായി.
കേരളം, കൂടാതെ തമിഴ്നാട്, കർണ്ണാടക രാജസ്ഥാൻ, ഒഡീഷ, ജയ്പൂർ എന്നിവിടങ്ങളിൽ നിന്ന് തെരഞ്ഞെടുത്ത ചിത്രകാരന്മാരേയും, പരമ്പരാഗത ക്ഷേത്ര കലാകാരന്മാരും ഉൾപ്പെടുന്ന എട്ട് കലാകാരന്മാർ ചേർന്നാണ് മ്യൂസിയത്തിന് ചാരുത പകരുന്ന ചിത്രങ്ങൾ തയ്യാറാക്കിയത്.
ചിത്രകാരനും കലാ സംവിധായകനുമായ ബസന്ത് 1994 ലാണ് ഗുരുവായൂർ മ്യൂറൽ പെയിൻ്റിങ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് നാഷ്ണൽ ഡിപ്ലോമ നേടിയത്. 2012 ൽ കർണ്ണാടക യൂണിവേഴ്സിറ്റിയിൽ നിന്ന് എം.എഫ്.എ.ബിരുദവും ഇദ്ദേഹം നേടിയിട്ടുണ്ട്.
കേരള ലളിത കലാ അക്കാദമി, കോഴിക്കോട്, സരള ആർട്ട്സ് വേൾഡ് ഗാലറി ചെന്നൈ, ദർബാർ ഹാൾ കൊച്ചി, ഡൽഹി ആർട്ട് ഗ്യാലറി, ഏഷ്യൻ ആർട്ട്ഫെസ്റ്റ് കൊറിയ, കാസ ഡി സ്പെയിൻ, സാർക്ക് ഫെസ്റ്റിവൽ തുടങ്ങി
രാജ്യത്തിനകത്തും പുറത്തുമായി വിവിധ രാജ്യങ്ങളിൽ, നിരവധി പ്രദർശനങ്ങളും രചനകളും ബസന്തിൻ്റേതായിട്ടുണ്ട്.
2004 ൽ മികച്ച കാരിക്കേച്ചറിനുള്ള കേരള കാർട്ടൂൺ അക്കാദമി അവാർഡ്, 2005 ൽ ലളിതകലാ അക്കാദമി അവാർഡ് എന്നിവ നേടിയിട്ടുണ്ട്.
കളിയാട്ടം,വീരം തുടങ്ങിയ മലയാള സിനിമകളിൽ കലാ സംവിധായകനായും, ചിത്രകലാ അധ്യാപകൻ എന്ന നിലയിൽ ആറ് വർഷക്കാലം കാലടി സംസ്കൃത സർവ്വകലാശാലയിൽ ലക്ചററായും ഇദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.
