ചാലിശ്ശേരി സരസ് മേളയ്ക്ക് കൊടിയിറങ്ങി; 'പെൺപെരുമ'യിൽ തിളങ്ങി തൃത്താലയുടെ കലാകാരികൾ
ചാലിശ്ശേരി: നാട്ടിൻപുറത്തെ കലയും വിപണിയും സംഗമിച്ച ചാലിശ്ശേരി ദേശീയ സരസ് മേളയ്ക്ക് ആവേശകരമായ സമാപനം. അവസാന ദിനമായ ഇന്ന് തൃത്താലയുടെ പെൺകരുത്ത് വിളിച്ചോതിയ 'പെൺപെരുമ' കലാപരിപാടികൾ മേളയ്ക്ക് മാറ്റ് കൂട്ടി. നാഗലശ്ശേരി, ചാലിശ്ശേരി, തൃത്താല തുടങ്ങിയ സി.ഡി.എസുകളിൽ നിന്നുള്ള നൂറോളം കുടുംബശ്രീ അംഗങ്ങളാണ് വിവിധ കലാപരിപാടികളുമായി കാണികളെ ആവേശത്തിലാക്കിയത്.
തിരുവാതിര, കൈകൊട്ടിക്കളി, കോൽക്കളി, നാടൻ പാട്ടുകൾ തുടങ്ങി വൈവിധ്യമാർന്ന ഇനങ്ങളാണ് വേദി 2 അമ്മു സ്വാമിനാഥനിൽ അരങ്ങേറിയത്. നാഗലശ്ശേരി സി.ഡി.എസിലെ ഹരിതകർമസേനാംഗങ്ങൾ അവതരിപ്പിച്ച കോൽക്കളി വേറിട്ട അനുഭവമായി. 'ഉറുമി' എന്ന സിനിമയിലെ "ആരോ നീ ആരോ" എന്ന ഗാനം ആലപിച്ച്,ധന്യ കാണികളുടെ പ്രശംസ പിടിച്ചുപറ്റി.തുടർന്ന് തനത് കലാരൂപങ്ങളുടെ അരങ്ങേറ്റമായിരുന്നു.
തിരുമിറ്റക്കോട് ആറങ്ങോട്ടുകര പാക്കനാർ പാരമ്പര്യ കലാസംഘം 'രാമനും സംഘവും' അവതരിപ്പിച്ച 'ശനിയാട്ട്' ശ്രദ്ധേയമായി. പറയ സമുദായത്തിലെ തറവാട്ട് മുറ്റങ്ങളിൽ നടത്താറുള്ള ഈ ആചാരപരമായ കലാരൂപം മേള കാണാനെത്തിയവർക്ക് പുത്തനനുഭവമായി. ശേഷം മണ്ണൂർ ചന്ദ്രനും സംഘവും അവതരിപ്പിച്ച 'കുറവനും കുറത്തിയും' പോറാട്ട്കളി വേദിയിൽ ചിരിയും ചിന്തയും പകർന്നു.
അമ്മു സ്വാമിനാഥൻ നഗറിൽ വൈവിധ്യമാർന്ന കലാരൂപങ്ങൾ നടക്കുമ്പോൾ തന്നെ വേദി 3 ആയ 'പഞ്ചമി'യിൽ പഞ്ചാരിമേളവും മറ്റ് കലാപരിപാടികളും നടന്നു. സന്ദർശകരുടെ വൻ തിരക്കാണ് സമാപന ദിനത്തിൽ രണ്ട് വേദികളിലും അനുഭവപ്പെട്ടത്.
സരസ് മേളയുടെ ഭാഗമായി കലാപരിപാടികൾ അവതരിപ്പിച്ച എല്ലാ കലാകാരന്മാരെയും, കലാകാരികളെയും തൃത്താല മുൻ എം.എൽ.എ,ടി.പി. കുഞ്ഞുണ്ണി സ്നേഹോപഹാരം നൽകി ആദരിച്ചു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ചാലിശ്ശേരിയിൽ നടന്ന വിപണന-കലാ വിസ്മയത്തിന് ഇതോടെ സമാപനമായി.
