എഴുത്തുകളിലൂടെ വായനക്കാരെ അത്ഭുതപ്പെടുത്തിയ അതുല്യ കഥാകരൻ എം.ടി.വാസുദേവൻ നായർ വിട പറഞ്ഞിട്ട് ഒരു വർഷം

 


എഴുത്തുകളിലൂടെ വായനക്കാരെ അത്ഭുതപ്പെടുത്തിയ അതുല്യ കഥാകരൻ എം.ടി.വാസുദേവൻ നായർ വിട പറഞ്ഞിട്ട് ഒരു വർഷമാവുന്നു.എം.ടി.ക്ക് അനുയോജ്യമായ സ്മാരകം  ജനന്മനാടായ കൂടുല്ലൂരിൽ ഉയരണമെന്നാവശ്യം നാട്ടുകാർക്കിടയിലുണ്ട്. എം.ടി. അനുസ്മരണത്തിനാ യി നാളെ കൂടല്ലൂരിൽ അനുസ്മരണസമ്മേളനവും ഒരുക്കിയിട്ടുണ്ട്.


നോവലുകളിലൂടെ,ചെറുകഥകളിലൂടെ,തിരക്കഥകളിലൂടെ  വായനക്കാരെ അത്ഭുതപ്പെടുത്തിയ അതുല്യകഥാകാരൻ എം.ടി.വാസുദേവൻ നായർ വിട പറഞ്ഞിട്ട് ഒരു വർഷം പിന്നിടുകയാണ്.കൂടല്ലൂർ എന്ന നാട്ടിൻപുറവും അവിടെത്തെ ജനങ്ങളെയും വായന ലോകത്തിന് പരിചയപ്പെടുത്തിയ എം.ടി., കൂടുല്ലൂർക്കാർക്ക് തീരാനഷ്ടമാണ്.ജീവിച്ചിരിക്കുമ്പോൾ തന്നെ ഇതിഹാസ തുല്യനായ ഒരു മനുഷ്യൻ....നിളയുടെ തീരത്തെ കൂടുല്ലൂർ ഗ്രാമത്തിൽ നിന്നും മലയാള സാഹിത്യത്തെ ലോക സാഹിത്യത്തിന്റെ തന്നെ നെറുകയിലേക്ക് പടുത്തുയർത്തിയ എം.ടി. കൂടല്ലൂർക്കാരുടെ മനസ്സിൽ ഇപ്പോഴും മരണമില്ലാതെ ജീവിക്കുന്നു.എം.ടി.യുടെ തറവാടും,നിളാതീരത്തെ എം.ടി.യുടെ രചനകൾക്കായി ഒരുക്കിയ അശ്വതി ഗൃഹവുമെല്ലാം എം.ടി.യുടെ ഓർമ്മകളായി ഇവിടെ അവശേഷിക്കുകയാണ്.ഇന്നും നാടിന്റെ വിവിധ തുറകളിൽ നിന്നുമുളളവർ എം.ടി.യെ അടുത്തറിയാൻ കൂടുല്ലൂരിൽ എത്തുന്നുണ്ട്.വീട്ടുകാർക്കും നാട്ടുകാർക്കും എം.ടി.എന്നും ഒരു പടുവൃക്ഷമായിരുന്നു.കോഴിക്കോട്ടേക്ക് താമസം മാറിയെങ്കിലും ഇടക്കിടെ എം.ടി. കൂടുല്ലൂരിൽ എത്തിയിരുന്നു.വലിയൊരു തണൽ വൃക്ഷമാണ് നാടിന് നഷ്ടമായതെന്ന് എം.ടി.യുടെ ബന്ധുകൂടിയായ എം.ടി.രവീന്ദ്രൻ പറയുന്നു


എം.ടി.ക്ക് അനുയോജ്യമായ ഒരു സ്മാരകം ജന്മനാട്ടിൽ വേണം.അതാണ്  നാട്ടുകാരുടെ ആഗ്രഹം. കൂടല്ലൂർ ഗവ.ഹൈസ്‌കൂളിന് എം.ടി.യുടെ പേര് നൽകണമെന്നാവശ്യമുയർന്നിരുന്നുവെങ്കിലും അത് ഇതുവരെ ഉണ്ടായില്ല.ബാലസാഹിത്യലോകത്തിനു എം.ടി.സമ്മാനിച്ച "മാണിക്യക്കല്ലു"പോൽ നീളയുടെ തീരത്ത് എം.ടി.യുടെ പേരിൽ കുട്ടികൾക്കായി ഒരു ഉദ്യാനം കൂടല്ലൂർക്കാർ ആഗ്രഹിക്കുന്നു.എം.ടി.യുടെ പല കഥാപാത്രങ്ങളുടെയും ശില്പങ്ങൾ അവിടെ ഒരുക്കാം.ഭാവി തലമുറക്ക് എം.ടി.യെന്ന ഇതിഹാസ നായകനെ അടയാളപ്പെടുത്താനുളള ഒരു ഇടം ജന്മനാട്ടിൽ ഉണ്ടാകണമെന്നാണ് ഇവിടെത്തുകാരുടെ ആഗ്രഹം.


എം.ടി.യുടെ ചരമവാർഷികത്തോടനുബന്ധിച്ച് കൂടല്ലൂർ ഗ്രാമം നാളെ കുടല്ലൂർ ഹൈസ്‌കൂളിൽ വെച്ച് അനുസ്മരണപരിപാടി സംഘടിപ്പിക്കുന്നുണ്ട്.ഓർമകളിൽ എം.ടി.എന്ന പേരിൽ നടക്കുന്ന അനുസ്മരണ പരിപാടിയിൽ മന്ത്രി എം.ബി.രാജേഷ്,എഴുത്തുകാരി കെ.ആർ.മീര ഉൾപ്പെടെയുളളവർ പങ്കെടുക്കും.