കൂറ്റനാട് സെൻ്ററിൽ സ്വെെരമായി നടക്കാനാവാത്ത അവസ്ഥ. (പത്ത് മുതൽ 20 വരെയുള്ള തെരുവ് നായ്ക്കളുടെ കൂട്ടങ്ങൾ ബസ് സ്റ്റാൻ്റിലും പഞ്ചായത്ത് ഓഫീസിന് മുമ്പിലും)
കൂറ്റനാട് : പേയിളകിയ തെരുവ് നായ്ക്കളുടെ കൂട്ടങ്ങൾ മനുഷ്യരെ അക്രമിക്കുന്നതോടൊപ്പം വീട്ടിൽ വളർത്തുന്ന കന്നുകാലികളെയും കടിച്ചതിനെ തുടർന്ന് ഇക്കഴിഞ്ഞ ദിവസം നാഗലശ്ശേരി പഞ്ചായത്തിലെ ആറാം വാർഡിൽ രണ്ട് കറവപ്പശുക്കളാണ് ചത്തത്. ക്ഷീര കർഷകനായ വീട്ടുടമസ്ഥന് ഒന്നരലക്ഷം രൂപയുടെ നഷ്ടമാണ് സംഭവിച്ചത്. തെരുവ് നായ്ക്കളുടെ അക്രമണത്തിൽ നഷ്ടം സംഭവിക്കുന്ന കർഷകർക്ക് യാതൊരു പരിഹാരവും അധികൃതരുടെ ഭാഗത്ത് നിന്നുണ്ടാവുന്നില്ലെന്നും കോഴി, ആട്,പശു തുടങ്ങിയ മൃഗങ്ങളെ വളർത്തി ഉപജീവനം നടത്തുന്ന കർഷകർക്ക് ഈ മേഖലയിൽ തുടരാനാൻ കഴിയാത്ത സ്ഥിതിയാണെന്നുമാണ് ക്ഷീര കർഷകർ പറയുന്നത്.
നാഗലശ്ശേരി പഞ്ചായത്തിൽ പ്രവർത്തിക്കുന്ന നാല് ക്ഷീര സംഘങ്ങളിലും പഞ്ചായത്തിനോട് ചേർന്ന് നിൽക്കുന്ന ക്ഷീരസംഘങ്ങളിലുമായി നിരവധി കർഷകരാണ് ഉപജീവനം നടത്തുന്നത്. ശരാശരി ഓരോ സംഘത്തിലും 50 മുതൽ 100 വരെ കർഷകർ അംഗങ്ങളാണ്. കാലികളെ മേയ്ക്കാനുള്ള പ്രയാസം കണക്കിലെടുത്ത് അംഗത്വമുള്ള പലരും ഈ മേഖലയിൽ തുടരാനാവുന്നില്ലെന്നാണ് പറയുന്നത്.
മുൻകാലങ്ങളിൽ കന്നുകാലികളെ തുറസ്സായ സ്ഥലത്ത് മേയ്ക്കാനയക്കാവുന്ന സ്ഥിതി ഉണ്ടായിരുന്നു എന്നാൽ, നിലവിൽ കാലികളെ സൗകര്യപ്രദമായി പൊതുസ്ഥലങ്ങളിൽ തീറ്റക്കായി തുറന്നു വിടാനാവുന്നില്ല.
സ്വകാര്യ ഇടങ്ങളിൽ തീറ്റക്കായി തുറന്നു വിട്ടാലാകട്ടെ ഏത് സമയത്തും തെരുവ് നായ്ക്കളുടെ അക്രമം ഉണ്ടാകുമെന്ന സ്ഥിതിയാണ് കർഷകർ നേരിടുന്ന ഏറ്റവും വലിയ ഭീഷണിയെന്ന് കോതച്ചിറയിലെ ക്ഷീര സഹകരണസംഘം പ്രസിഡൻ്റ് സി.കെ. കുട്ടിനാരായണൻ പറഞ്ഞു. ആദ്യകാലങ്ങളിൽ മിക്കവിടുകളിൽ നിന്നും കർഷകർ ക്ഷീരസംഘത്തിലേക്ക് പാലുമായി എത്തിയിരുന്നെങ്കിൽ പലയിടത്തും വിരലിലെണ്ണാവുന്ന കർഷകർ മാത്രമാണ് സംഘത്തിലേക്ക് പാൽ നൽകാനെത്തുന്നത്. ഗ്രാമങ്ങളിലെ ക്ഷീര കർഷകർക്ക് സംരക്ഷണം നൽകുന്നതും സഹായമേകുന്നതുമായ ക്ഷീര സംഘങ്ങളുടെ അംഗത്വത്തിൽ വരുന്ന കുറവിന് നാട്ടിൽ പെരുകിയ തെരുവ് നായ്ക്കളും കാരണമായിട്ടുണ്ട്.
വാവന്നൂർ, തൊഴുക്കാട്, പെരിങ്ങോട്, കോതച്ചിറ തുടങ്ങിയ നാലു കേന്ദ്രങ്ങളിൽ ക്ഷീരസഹകരണ സംഘങ്ങളുണ്ട്. പഞ്ചായത്തിൻ്റെ തൊട്ടടുത്ത കേന്ദ്രങ്ങളായ വട്ടേനാട് , ചാത്തനൂർ,ചാഴിയാറ്റിരി തുടങ്ങിയ അയൽപ്രദേശങ്ങളിലും പഞ്ചായത്തുകളുടെ അതിർത്തികൾ പരിഗണിക്കാതെ കർഷകർ പാൽ നൽകുന്ന സ്ഥിതിയുണ്ട്.
കന്നുകാലികൾ ചത്തുകഴിഞ്ഞാൽ ഇൻഷുറൻസ് പരിരക്ഷയുള്ളവർക്ക് മാത്രമാണ് നഷ്ടപരിഹാരം അനുവദിച്ച് കിട്ടുന്നതെന്നും കർഷകർ പറയുന്നു.(തെരുവ്നായ്ക്കളെ നിയന്ത്രിക്കണം)രാത്രിയാകുന്നതോടെ നഗരവും ,പീടിക കോലായ്കളും തെരുവ് നായ്ക്കൾ കീഴടക്കും. പകൽ സമയങ്ങളിൽ വഴിയോരങ്ങളിലും, പാടശേഖരങ്ങളിലും, ഭക്ഷണശാലകൾക്ക് സമീപങ്ങളിലുമാണ് ഇവ കൂട്ടമായി നിൽക്കുന്നത്. ഓരോ സംഘത്തിലും 10 മുതൽ 20 വരെ നായ്ക്കളുണ്ടാകും.
രാത്രിയാകുന്നതോടെ സർക്കാർ ഓഫീസുകൾ, ബസ്സ്റ്റാൻ്റുകൾ, കടത്തിണ്ണകൾ, സ്കൂൾ, കളിസ്ഥലങ്ങൾ, കല്യാണമണ്ഡപങ്ങൾ ആളൊഴിഞ്ഞ വീടുകൾ തുടങ്ങിയ സ്ഥലങ്ങളിലാണ് ഇവ കൂട്ടമായെത്തുക.
പേ ഇളകിയാൽ ഇവ ആളുകളെ അക്രമിക്കുന്നതിനേക്കാളുപരി കൂട്ടത്തിലുള്ള മറ്റു നായ്ക്കളേയും കടിച്ച് പരിക്കേൽപ്പിക്കുമെന്നാണ് തൃത്താലയിലെ വെറ്റിനറി ഡോക്ടർ എസ്.പ്രമോദ് പറഞ്ഞത്.
