തൃത്താല മേഖലയിൽ എലിഫൻ്റ് സ്ക്വാഡ് പ്രവർത്തനം തുടങ്ങി
കേരള ഫെസ്റ്റിവൽ കോഡിനേഷൻ തൃത്താല മേഖലാ കമ്മിറ്റിയുടെ കീഴിൽ എലിഫൻ്റ് സ്ക്വാഡ് പ്രവർത്തനം തുടങ്ങിയതായി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.തൃത്താല മേഖലയിൽ മാത്രം ഇരുനൂറോളം പ്രാദേശിക ഉത്സവങ്ങളാണ് വർഷം തോറും നടക്കുന്നത്.
ഓരോ ഉത്സവത്തിനും ചുരുങ്ങിയത് അഞ്ച് ആനകൾ പങ്കെടുക്കുന്നുണ്ട്.നാല്പതോളം ഉത്സവങ്ങളിലാവട്ടെ അഞ്ചിലേറെ ആനകൾ അണിനിരക്കാറുണ്ട്.ഉത്സവങ്ങളിൽ അഞ്ചിലധികം ആനകളെ എഴുന്നള്ളിക്കുന്നുണ്ടെങ്കിൽ സുരക്ഷാ ക്രമീകരണത്തിന് എലിഫൻ്റ് സ്ക്വാഡിൻ്റെ സേവനം നിർബ്ബന്ധമാണ്.
ആഘോഷ കമ്മിറ്റികളെ സംബന്ധിച്ചിടത്തോളം പരിശീലനം നേടിയ വളണ്ടിയർമാരെ സംഘടിപ്പിച്ച് സ്ക്വാഡ് രൂപീകരിക്കുന്നത് ഏറെ പ്രയാസകരമാണ്.
ഈ സാഹചര്യത്തിലാണ് കേരളാ ഫെസ്റ്റിവൽ കോഡിനേഷൻ കമ്മിറ്റിയുടെ സഹകരണത്തോടെ ഉത്സവത്തിൻ്റെ സുരക്ഷാ ക്രമീകരണങ്ങൾക്കായി തൃത്താലയിൽ എലിഫൻ്റ് സ്ക്വാഡ് രൂപീകരിച്ചതെന്ന് ഭാരവാഹികൾ പറഞ്ഞു.
ആനപ്പേടി കൂടാതെ സമാധാനപരമായ അന്തരീക്ഷത്തിൽ ഉത്സവം കാണുന്നതിനും ആനകളെയും ആളുകളേയും വസ്തുവഹകളേയും സംരക്ഷിക്കുന്നതിനും
ലക്ഷ്യമിട്ടാണ് എലിഫെൻ്റ് സ്ക്വാഡ് പ്രവർത്തിക്കുക.സ്ക്വാഡിനൊപ്പം പ്രാഥമിക ചികിത്സാ സൗകര്യവും ആംബുലൻസ് ഉൾപ്പെടെ രണ്ട് വാഹനവും ഏർപ്പെടുത്തിയിട്ടുണ്ട്. ജില്ലയിലും പുറത്തും സ്ക്വാഡിൻ്റെ സേവനം ലഭ്യമാക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.
അത്യാവശ്യ സേവനങ്ങൾക്കെല്ലാം ഉപയോഗിക്കാൻ കഴിയുന്ന വിധത്തിലാണ് സംവിധാനം ഒരുക്കിയിട്ടുള്ളത്.
മദപ്പാടിളകിയ ആനകളെ പിടിച്ചു കെട്ടുന്നതിൽ പരിചയസമ്പന്നരായ 16 വളണ്ടിയർമാരടങ്ങുന്ന സംഘത്തിൻ്റെ ലീഡർ ആറന്മുള മോഹൻദാസും ചെയർമാൻ ജയൻ കൂറ്റനാടുമാണ്.
മുഖ്യ രക്ഷാധികാരി ജയൻ കൂറ്റനാട്,പ്രസിഡൻ്റ് ടി.വി.മുകുന്ദൻ,വൈസ് പ്രസിഡൻ്റ് തമ്പി കൊള്ളന്നൂർ,ജനറൽ സെക്രട്ടറി അജി വലിയറ,ജോ. സെക്രട്ടറി പി.പി രതീഷ് എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
