ഇതാണ് തലയുടെ വിളയാട്ടം; 200 കോടിയിലേക്ക് അടുത്ത് 'തുടരും



മലയാള സിനിമയിലെ പല ബോക്സ് ഓഫീസ് റെക്കോർഡുകളും തകർത്താണ് മോഹൻലാൽ-തരുൺ മൂർത്തി ചിത്രം തുടരും. കഴിഞ്ഞ ദിവസമായിരുന്നു സിനിമ കേരളാ ബോക്സ് ഓഫീസിലെ ടോപ് ഗ്രോസറായി മാറിയത്. ഇപ്പോൾ സിനിമ ആഗോളതലത്തിൽ മറ്റൊരു നേട്ടത്തിന് അരികിലാണെന്ന റിപ്പോർട്ടുകളാണ് വരുന്നത്.


ആഗോളതലത്തിൽ തുടരും ഇതുവരെ 190 കോടിയിലധികം രൂപയാണ് നേടിയിരിക്കുന്നത്. അടുത്ത ദിവസം തന്നെ സിനിമ ആഗോളതലത്തിൽ 200 കോടി എന്ന സംഖ്യ മറികടക്കുമെന്നാണ് ട്വിറ്റർ ഫോറങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇതോടെ രണ്ടുമാസത്തിനിടെ 200 കോടി ക്ലബിൽ ഇടം പിടിക്കുന്ന രണ്ടാമത്തെ മോഹൻലാൽ ചിത്രമാകും തുടരും. മാർച്ച് മാസത്തിൽ പുറത്തിറങ്ങിയ എമ്പുരാനും 200 കോടി ക്ലബിൽ ഇടം നേടിയിരുന്നു.


അതേസമയം തുടരും എന്ന സിനിമയുടെ തമിഴ് പതിപ്പും റിലീസ് ചെയ്തിട്ടുണ്ട്. 'തൊടരും' എന്നാണ് തമിഴ് പതിപ്പിന്റെ പേര്. മികച്ച പ്രതികരണമാണ് ചിത്രത്തിന് തമിഴ്നാട്ടിൽ നിന്നും ലഭിക്കുന്നത്. മോഹൻലാൽ നന്നായി അഭിനയിച്ചിട്ടുണ്ടെന്നും സിനിമയുടെ സെക്കന്റ് ഹാഫ് നല്ല മാസായിട്ടുണ്ടെന്നുമാണ് അഭിപ്രായങ്ങൾ. സിനിമയിലെ പ്രധാന വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ച പ്രകാശ് വർമയുടെ പ്രകടനത്തിനും വലിയ സ്വീകാര്യത ലഭിക്കുന്നുണ്ട്. ചിത്രത്തിന്റെ തമിഴ് ഡബ്ബിങ് നന്നായിരിക്കുന്നെന്നും അഭിപ്രായങ്ങളുണ്ട്.


ബിനു പപ്പു, ഫർഹാൻ ഫാസിൽ, മണിയൻപിള്ള രാജു, തോമസ് മാത്യു, ഇർഷാദ് തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നത്. നിരവധി പുതുമുഖങ്ങളും ചിത്രത്തിൽ എത്തുന്നുണ്ട്. ഷാജി കുമാർ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം. എഡിറ്റിംഗ് നിഷാദ് യൂസുഫ്, ഷെഫീഖ് വി ബി, സംഗീതം ജേക്‌സ് ബിജോയ്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ അവന്തിക രഞ്ജിത്ത്, ശബ്ദ സംവിധാനം വിഷ്ണു ഗോവിന്ദ്, കലാസംവിധാനം ഗോകുൽ ദാസ്.