കൂറ്റനാട് ബുള്ളറ്റ് മോഷണം പ്രതി പിടിയിൽ



കൂറ്റനാടും പരിസരങ്ങളിലും വീടുകളും , സ്ഥാപനങ്ങളും കുത്തി തുറന്ന് മോഷണം നടത്തുകയും, ജനങ്ങളുടെ സ്വസ്ഥത നഷ്ടപ്പടുത്തുകയും ചെയ്യുന്ന മോഷ്ടാക്കളുടെശല്യം പെരുകി വരുന്നതായി കഴിഞ്ഞ ദിവസവും വിറ്റ്നസ് റിപ്പോർട്ട് ചെ യ്തിരുന്നു.. കൂറ്റനാട് പട്ടാമ്പി റോഡിലുള്ള  പെട്രോൾ പമ്പിൽ  നിന്നും രാത്രിയിൽ

ബെയ്ക്ക് മോഷ്ടിച്ച് കടന്ന് കളഞ്ഞ പ്രതിയുടെ ചിത്രം  സി.സി.ടി.വി യിൽ പതിഞ്ഞിരുന്നുവെങ്കിലും പിടികൂടാൻ പോലീസിന് കഴിഞ്ഞിരുന്നില്ല.

 ചാലിശ്ശേരി പോലീസ് നിരന്തരം പ്രതിയെ കുറിച്ചുള്ള അന്വേഷണത്തിലായിരുന്നു. 

ഒടുവിൽ  പൊന്നാനി കടവനാട്സ്വദേശി അസ്ഫൽ എന്ന തഫ്ളീർ (25) ആണ് പോലീസ് വലയിലായത് .



   മോഷണം നടത്തിയ പ്രതിയെ തെളിവെടുപ്പിനായി കൂറ്റനാട് പട്ടാമ്പി റോഡിലെ പെട്രേൾ പമ്പിലെത്തിച്ചു.  ഇയാൾക്കെതിരായി വിവിധ പോലീസ് സ്റ്റേഷനുകളിലായി മുപ്പതിലേറെ കേസുകളുണ്ടന്ന് ചാലിശ്ശേരി  പോലീസ് അന്വേഷണ സംഘം വാർത്താ മാധ്യമങ്ങളെ അറിയിച്ചു. 

മറ്റൊരു കേസിൽ

വിയ്യൂർ പോലീസ് പിടികൂടിയ പ്രതിയെ കൂടുതൽ ചോദ്യം ചെയ്തപ്പോഴാണ് കൂറ്റനാട്ടെ മോഷണത്തെപ്പറ്റി പ്രതിയിൽ നിന്നും സൂചന ലഭിക്കുന്നത്.

 ഇതോടെ കൂടുതൽ അന്വേഷണത്തിനായി പ്രതിയെ ചാലിശ്ശേരി പോലീസിന് കൈമാറുകയും സ്റ്റേഷൻ ഇൻസ്പെക്ടർ കെ.സി.വിനുവിൻ്റെ നേതൃത്വത്തിൽ പോലീസ് തെളിവെടുപ്പിനെത്തിക്കുകയുമായിരുന്നു. കൂറ്റനാട് പട്ടാമ്പി റോഡിലെ ഗ്രീൻ ആൻറ് ഗ്രീൻ പെട്രോൾ പമ്പ് ഓഫീസിൽ രണ്ട് മാസങ്ങൾക്ക് മുൻപാണ് പ്രതി മോഷണശ്രമം നടത്തിയത്. ശ്രമത്തിനിടയിൽ ഒന്നും കിട്ടാതായതോടെ പമ്പിൽ പുറത്ത് പാർക്ക് ചെയ്തിരുന്ന  ഇരുചക്രവാഹനം മോഷ്ടിച്ച് ഇയാൾ സ്ഥലം വിടുന്നത് CCTV ക്യാമറ പരിശോധിച്ചപ്പോൾ വ്യക്തമായിരുന്നു.

 പുലർച്ചെ മൂന്നരയോടെ  ഓഫീസിൻ്റ മുകൾഭാഗത്തെ ഗ്ലാസ് വെൻ്റിലേറ്റർ വഴിയാണ് ഇയാൾ  ഓഫീസ് മുറിക്കകത്ത് കടന്നത്. തുടർന്ന് ഓഫീസ് അലമാരയും മേശയുമെല്ലാം കുത്തിത്തുറന്ന് പരിശോധന നടത്തി. കൂടാതെ ഓഫീസ് ഫയലുകളും മറ്റു ഷെൽഫുകളും തകർത്ത് പരിശോധന നടത്തിയെങ്കിലും കാര്യമായി ഒന്നും ലഭിച്ചില്ല. 

പമ്പ് ഓഫീസിനകത്ത് നിന്നും പണമോ മറ്റ് മോഷണ വസ്തുക്കളോ ലഭിക്കാതായതോടെ പുറത്ത് കടന്ന പ്രതി പമ്പിൽ നിർത്തിയിട്ടിരുന്ന ബൈക്കുമെടുത്ത് കടന്നു കളയുകയാണുണ്ടായത്. KL 55 W 9826 നമ്പറിലുള്ള ബുള്ളറ്റ് ബൈക്കാണ് അന്ന് മോഷണം പോയത്. പെട്രോൾ പമ്പിൽ രാത്രി നിർത്തിയിടാറുള്ള ടോറസ് ലോറി ഡ്രൈവറുടേതാണ് മോഷണം പോയ ബൈക്ക്. സി.സി.ടി.വി ദൃശ്യങ്ങളുടെ സഹായത്തോടെ തുടർന്ന് നടത്തിയ അന്വേഷണത്തിനൊടുവിൽ തൃശൂർ ഭാഗത്ത് നിന്നും ഉപേക്ഷിച്ച നിലയിൽ ബൈക്ക് കണ്ടെത്തുതുകയുണ്ടായി. പോലിസ് മേൽ നടപടികൾക്ക് ശേഷം പ്രതിയെ പട്ടാമ്പി കോടതിയിൽ ഹാജരാക്കി.