ആവേശം നിറച്ച് കപ്പൂരിലെ കാളപൂട്ട് മത്സരം
നുകം വെച്ചുകെട്ടിയ കാളക്കൂറ്റന്മാർ ഉഴുതുമറിച്ച കണ്ടത്തിലൂടെ കുതിച്ചുപാഞ്ഞപ്പോൾ ജനക്കൂട്ടം ആവേശം കൊണ്ട് ആർപ്പുവിളിച്ചു. ഇതോടെ കപ്പൂർ കെ.പി.എം. ബ്രദേഴ്‌സ് പൂട്ടുകണ്ടത്തിലെ കാളപൂട്ട് മത്സരത്തിന് ഇരട്ടി ആവേശമായി. ഓൾ കേരള കാളപൂട്ട് വാട്സാപ്പ് കൂട്ടായ്മയുടെ നേതൃത്വത്തിലായിരുന്നു മത്സരം സംഘടിപ്പിച്ചത്. കാർഷിക സ്മൃതിയുണർത്തി കപ്പൂരിൽ നടന്ന മത്സരത്തിൽ പാലക്കാട്, മലപ്പുറം, തൃശ്ശൂർ, കോഴിക്കോട് ജില്ലകളിൽ നിന്നായി 96 ജോഡി കാളക്കൂറ്റന്മാർ മാറ്റുരച്ചു. ഞായറാഴ്ച രാവിലെ ഏഴ് മണിയോടെ തുടങ്ങിയ മത്സരം രാത്രിയാണ് അവസാനിച്ചത്. മത്സരം കാണാൻ പഴയകാല കർഷകരും കാളപൂട്ടു കമ്പക്കാരും കുട്ടികളുമടക്കം എത്തിയിരുന്നു.
വേഗപ്പോരാട്ടത്തിൽ ചിറ്റേങ്ങാടൻ സുഫൈൽ ഗ്രൂപ്പിന്റെ കാളക്കുട്ടന്മാർ ഒന്നാംസ്ഥാനവും കുരുണിയൻ മോൻ ഒതുക്കുങ്ങൽ രണ്ടാംസ്ഥാനവും എളാപ്പ സ്റ്റോർ വേങ്ങര മൂന്നാം സ്ഥാനവും നേടി. കെ.പി.സി.സി. വക്താവ് സി.വി. ബാലചന്ദ്രൻ വിജയികൾക്ക് ട്രോഫികൾ വിതരണംചെയ്തു. കെ. നാരായണൻകുട്ടി, അലി കുമരനല്ലൂർ, അസൈനാർ കണിക്കരത്ത് തുടങ്ങിയവർ പങ്കെടുത്തു.
