പട്ടാമ്പി നേർച്ച ചടങ്ങുകൾ മാത്രമായി നടത്താൻ തീരുമാനം.
പട്ടാമ്പി: ദേശീയോത്സവം (നേർച്ച) ചടങ്ങുകൾ മാത്രമായി നടത്താൻ തീരുമാനം. താലൂക്ക് ആസ്ഥാനമായ മിനി സിവിൽ സ്റ്റേഷനിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. നഗരസഭ ചെയർ പേഴ്സൻ
ഒ.ലക്ഷ്മിക്കുട്ടി, വൈസ് ചെയർമാൻ ടി.പി.ഷാജി, തഹസിൽദാർ ജാഫർ അലി, ഷൊർണൂർ ഡി.വൈ.എസ്.പി ഹരിദാസൻ, പട്ടാമ്പി പോലീസ് സർക്കിൾ ഇൻസ്‌പെക്ടർ പ്രേംജിത്, എസ്.ഐ.ബിന്ദുലാൽ എന്നിവരുടെ നേതൃത്വത്തിൽ കേന്ദ്ര നേർച്ച ആഘോഷ കമ്മിറ്റി ഭാരവാഹികളുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം കൈക്കൊണ്ടത്.
മാർച്ച് 21ഞായറാഴ്ചയാണ് പട്ടാമ്പി 107-ാം നേർച്ച ആഘോഷിക്കുന്നത്. കോവിഡ് സാഹചര്യം കണക്കിലെടുത്താണ് ചടങ്ങുമാത്രമാക്കിയത്. കഴിഞ്ഞ കൊല്ലം ഒരുക്കങ്ങൾ പൂർത്തിയാക്കിയ ശേഷം പട്ടാമ്പി നേർച്ച പൂർണ്ണമായും ഒഴിവാക്കുകയായിരുന്നു. നേർച്ച നടത്തിപ്പുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം സബ് കളക്ടറുടെ ചേംബറിൽ യോഗം നടന്നിരുന്നു. നിലവിൽ 48 ഉപ ആഘോഷകമ്മിറ്റികളാണുള്ളത്.
10 ഉപ ആഘോഷ കമ്മിറ്റികളെയും 10 ആനകളെയും പങ്കെടുപ്പിച്ചുകൊണ്ട് നേർച്ച നടത്താനാണ് സബ് കലക്ടറുടെ യോഗത്തിൽ തീരുമാനിച്ചത്. എന്നാൽ നഗര പ്രദക്ഷണ ഘോഷയാത്ര നടത്തിയാൽ ജനങ്ങൾ കൂടുമെന്നതിനാലാണ് നഗര പ്രദക്ഷണ ഘോഷയാത്രയും കലാപരിപാടികളും ഒഴിവാക്കി ചടങ്ങു മാത്രമായി നടത്തുന്നതെന്ന് പട്ടാമ്പി തഹസിൽദാർ ജാഫർ അലി പറഞ്ഞു.
ഇത്തവണ 3 ആനകൾ മാത്രം പങ്കെടുത്തുകൊണ്ട് പകൽ കൊടിയേറ്റം നടക്കും. വൈകുന്നേരത്തെ ഘോഷയാത്ര ഉണ്ടാവില്ല. പിറ്റേ ദിവസം പുലർച്ചെ പരമ്പരാഗത കാരണവർ നടത്തുന്ന അപ്പപെട്ടി സമർപ്പണ ചടങ്ങും നടക്കുമെന്ന് കേന്ദ്ര നേർച്ചാഘോഷ കമ്മിറ്റി പ്രസിഡന്റ് കെ.ടി.രാമചന്ദ്രൻ പറഞ്ഞു.മുൻ കാലങ്ങളിൽ നൂറോളം ആനകളും വാദ്യമേളങ്ങളും പതിനായിരക്കണക്കിന് ജനങ്ങളും പങ്കെടുത്തുകൊണ്ടാണ് ഒരു പകലും രാത്രിയും നീണ്ടു നിൽക്കുന്ന നേർച്ച ആഘോഷം നടന്നിരുന്നത്.
