റോഡ് മുറിച്ചുകടക്കുന്നതിനിടെ ഗുഡ്സ് ഓട്ടോയിടിച്ചു; 70 വയസ്സുകാരിക്ക് ദാരുണാന്ത്യം
November 21, 2026
പെരുമ്പിലാവ്: ഒറ്റപ്പിലാവ് പുഞ്ചിരിക്കാവിൽ ഗുഡ്സ് ഓട്ടോയിടിച്ച് 70 വയസ്സുകാരിക്ക് ദാരുണാന്ത്യം. ഒറ്റപ്പിലാവ് സ്വദേശിനിയും ഇടവഴി പുരക്കൽ വീട്ടിൽ ഹംസയുടെ ഭാര്യയുമായ നബീസയാണ് മരിച്ചത്.
ഇന്നലെ രാത്രി 8.30 ഓടെയായിരുന്നു അപകടം. സ്വന്തം വീട്ടിൽ നിന്ന് റോഡിന്റെ മറുവശത്തുള്ള ബന്ധുവീട്ടിലേക്ക് റോഡ് മുറിച്ചുകടക്കുന്നതിനിടെ നബീസയെ ഗുഡ്സ് ഓട്ടോ ഇടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചുവീണ നബീസയ്ക്ക് ഗുരുതരമായി പരിക്കേറ്റു. ഉടൻതന്നെ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മരണപ്പെട്ട നബീസയുടെ മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.
