പട്ടാമ്പി താലൂക്ക് ആശുപത്രിയിൽ സൗജന്യ നേത്രപരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു



പട്ടാമ്പി: പട്ടാമ്പി നഗരസഭാ കാര്യാലയം, പാലക്കാട് ജില്ലാ സഞ്ചരിക്കുന്ന നേത്ര ചികിത്സാ വിഭാഗം, പട്ടാമ്പി താലൂക്ക് ആസ്ഥാന ആശുപത്രി, എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ സൗജന്യ നേത്രപരിശോധനയും കണ്ണട വിതരണവും സംഘടിപ്പിച്ചു. ദേശീയ അന്ധത നിയന്ത്രണ പരിപാടിയുടെ ഭാഗമായി പട്ടാമ്പി താലൂക്ക് ആശുപത്രിയിൽ വെച്ചായിരുന്നു ക്യാമ്പ് നടന്നത്.


നഗരസഭാ വൈസ് ചെയർപേഴ്സൺ അസ്ന ഹനീഫ ക്യാമ്പിന്റെ ഉദ്ഘാടനവും കണ്ണട വിതരണവും നിർവ്വഹിച്ചു. ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജിതേഷ് മോഴികുന്നം  ചടങ്ങിൽ അധ്യക്ഷത വഹിച്ചു. താലൂക്ക് ആശുപത്രി  ഡോ. മുസ്തഫ സ്വാഗതം ആശംസിച്ചു.


ചടങ്ങിൽ കൗൺസിലർമാരായ ശ്രീമതി. സുലേഖ, ശ്രീ. സുബ്രഹ്മണ്യൻ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. മൊബൈൽ ഒഫ്താൽമിക് യുണിറ്റിലെ ഡോ. അനീഷ് ക്യാമ്പിന്റെ പ്രവർത്തനങ്ങളെക്കുറിച്ച് വിശദീകരണം നൽകി. ഡോ. അനീഷ് (മൊബൈൽ ഒഫ്താൽമിക് യൂണിറ്റ് ), ഡോ. എലിസബത്ത് (പട്ടാമ്പി താലൂക്ക് ആശുപത്രി ) എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. 


ഡെപ്യൂട്ടി നഴ്സിംഗ് സൂപ്രണ്ട്  ശ്രീ. ബെന്നി ചടങ്ങിൽ നന്ദി രേഖപ്പെടുത്തി. രാവിലെ 9 മണി മുതൽ ഉച്ചയ്ക്ക് 2 വരെ നീണ്ടുനിന്ന ക്യാമ്പിൽ നിരവധി പ്രദേശവാസികൾ പങ്കെടുത്തു. മുൻകൂട്ടി രജിസ്ട്രേഷൻ ഇല്ലാതെയാണ് ആളുകൾക്ക് പരിശോധന ലഭ്യമാക്കിയത്. പി ആർ  ഒ   ശ്രീമതി ധന്യ ഉൾപ്പെടെയുള്ള ആരോഗ്യ വകുപ്പ് ജീവനക്കാർ സംഘാടനത്തിൽ പങ്കു ചേർന്നു.